ഇ-പേയ്‌മെന്റിലെ സാങ്കേതിക പ്രശ്‌നം; കര്‍ഷകര്‍ക്കുള്ള സഹായം മുടങ്ങി

Posted on: March 8, 2014 8:01 am | Last updated: March 8, 2014 at 8:01 am
SHARE

e-paymentതിരുവനന്തപുരം: ഇ-പേയ്‌മെന്റ് സംവിധാനം വഴി വിവിധ പദ്ധതികളിലൂടെ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട തുക സാങ്കേതിക കാരണങ്ങളാല്‍ കര്‍ഷകരിലെത്താതെ മുടങ്ങിക്കിടക്കുന്നു. 50.95 കോടി രൂപയാണ് കഴിഞ്ഞ ജനുവരി വരെയുള്ള കണക്കനുസരിച്ച് ഇത്തരത്തില്‍ കെട്ടിക്കിടക്കുന്നത്.

കര്‍ഷകര്‍ നല്‍കുന്ന തെറ്റായ അക്കൗണ്ട് നമ്പര്‍, പ്രവര്‍ത്തനക്ഷമമല്ലാത്ത അക്കൗണ്ടുകള്‍, യഥാര്‍ഥ സേവിംഗ് ബേങ്ക് അക്കൗണ്ടുകള്‍ക്ക് പകരം ലോണ്‍ അക്കൗണ്ടുകള്‍ എന്നീ കാരണങ്ങളാലാണ് കര്‍ഷകര്‍ക്ക് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ ട്രാന്‍സ്ഫര്‍ ചെയ്യാതെ കിടക്കുന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
2012-13 സാമ്പത്തിക വര്‍ഷത്തിലാണ് ബേങ്കുകളുടെ സോഫ്റ്റ്‌വെയര്‍ സംവിധാനത്തെ മാത്രം ആശ്രയിച്ച് ഇ-പേയ്‌മെന്റ് നടപ്പാക്കിയത്. എന്നാല്‍ വിവിധ സാങ്കേതിക കാരണങ്ങളാല്‍ കെട്ടിക്കിടക്കുന്ന തുക സംബന്ധിച്ച് ബേങ്കില്‍ നിന്ന് ലഭിക്കുന്ന സ്റ്റേറ്റ്‌മെന്റില്‍ ബില്‍ നമ്പര്‍, പദ്ധതി, കൃഷി ഭവന്‍ തുടങ്ങിയ വിശദാംശങ്ങള്‍ ലഭിക്കാത്തതിനാല്‍ ഗുണഭോക്താക്കളെ കണ്ടെത്തി വിവരം അറിയിക്കുന്നതില്‍ കാലതാമസം നേരിടുന്നതായും അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ജനുവരി 15 വരെ വിവിധ ജില്ലകളില്‍ കര്‍ഷകര്‍ക്ക് ലഭിക്കാതെ മുടങ്ങിക്കിടക്കുന്നതില്‍ ഏറ്റവും കൂടുതല്‍ തുക ലഭിക്കാനുള്ളത് പാലക്കാടിനാണ്.13.65 കോടി രൂപയാണ് വിവിധ കാരണങ്ങളാല്‍ കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാതെ കിടക്കുന്നത്. പാലക്കാട് കഴിഞ്ഞാല്‍ കണ്ണൂര്‍ ജില്ലയിലാണ്. 6.79 കോടി രൂപ. മറ്റ് ജില്ലകളിലെ ബേങ്കുകളില്‍ നിലവിലുള്ള തുക ഇപ്രകാരമാണ്. തിരുവനന്തപുരം 44.75 ലക്ഷം, കൊല്ലം 2.5 കോടി, പത്തനംതിട്ട 44.79 ലക്ഷം, ആലപ്പുഴ 4.6 കോടി, കോട്ടയം 2.31 കോടി, ഇടുക്കി 2.42 കോടി, എറണാകുളം 3.55 കോടി, തൃശൂര്‍ 1.35 കോടി, മലപ്പുറം 3.17 കോടി, മലപ്പുറം 5.66 കോടി, വയനാട് 84.ലക്ഷം, കാസര്‍കോട് 3.16 കോടി എന്നിങ്ങനെയാണ്.
2013-14 സാമ്പത്തിക വര്‍ഷത്തില്‍ കര്‍ഷകര്‍ക്കും കര്‍ഷക ഗ്രൂപ്പുകള്‍ക്കുമായി ജില്ലകളിലെ ബേങ്കുകള്‍ക്കായി165.30 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. 32.83 കോടി രൂപ അനുവദിച്ച പാലക്കാട് ജില്ലയാണ് തുക അനുവദിച്ചതില്‍ മുന്നില്‍ നില്‍ക്കുന്നത്. 6.45 കോടി അനുവദിച്ച വയനാട് ജില്ലയാണ് പിറകില്‍.