Connect with us

Articles

കേരളത്തിലെ നാല് പെണ്ണുങ്ങള്‍

Published

|

Last Updated

ഇത് സ്ത്രീ ശാക്തീകരണത്തിന്റെ കാലമാണ്. മാര്‍ച്ച് എട്ട് അന്താരാഷ്ട്ര സ്ത്രീ ശാക്തീകരണ ദനിമായി ആചരിക്കപ്പെടുകയും ചെയ്യുന്നു. ഈയൊരു സാഹചര്യത്തില്‍ കേരളത്തിലെ സ്ത്രീയുടെ സ്ഥിതി എന്തെന്നതിനെക്കുറിച്ച് ചിലതൊക്കെ ചിന്തിക്കുന്നത് നന്നായിരിക്കും. സമകാലീന കേരളം നാല് പെണ്ണുങ്ങളുടെ നാടാണ്. സുധാമണി എന്ന അമൃതാനന്ദമയി, ലക്ഷ്മി എന്ന സരിത എസ് നായര്‍, ടി പിയുടെ വിധവ എന്ന് അപരനാമമുള്ള കെ കെ രമ, ഒറ്റയാള്‍ പോരാട്ടക്കാരി ജസീറ എന്നിവരാണ് ആ നാല് പെണ്ണുങ്ങള്‍. പെണ്ണുങ്ങള്‍ എന്ന പ്രയോഗം ഉത്തര മലബാറില്‍ സ്ത്രീകളെ ബഹുമാന സൂചകമായി പരാമര്‍ശിക്കാന്‍ ഉപയോഗിക്കുന്നതാണെന്ന് കൂടി നാടന്‍ മൊഴിവഴക്കങ്ങളെ മാനിക്കുന്ന സാറാ ജോസഫിനെ പോലുള്ള പെണ്ണെഴുത്തുകാരെ തെര്യപ്പെടുത്തട്ടെ. ഇല്ലാത്ത പക്ഷം പെണ്ണുങ്ങള്‍ എന്ന പ്രയോഗം അധിക്ഷേപകരമാണെന്നു പറഞ്ഞ് അവര്‍ ചൂലെടുത്ത് പുകിലിനിറങ്ങും. എന്തായാലും, ഇപ്പറഞ്ഞ നാല് പെണ്ണുങ്ങളെ കേന്ദ്രീകരിച്ചാണ് കേരള വര്‍ത്തമാനമേറെയും നടന്നുവരുന്നത്. അതിനാല്‍ വര്‍ത്തമാന കേരളം പെണ്ണാധിപത്യത്തില്‍ തന്നെ എന്നു പറയട്ടെ.
ഇതില്‍ ഈ ലേഖകന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന പെണ്ണ് മണല്‍ മാഫിയക്കെതിരെ അബ്ദുല്ലക്കുട്ടിയെ പോലുള്ള എന്തിനും പോന്ന രാഷ്ട്രീയ പുലിക്കുട്ടന്മാരെ വെല്ലുവിളിച്ച് വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന ജസീറയെയാണ്. നാട്യങ്ങളില്ലാത്ത നാട്ടിന്‍പുറത്തുകാരിയുടെ മായം കലരാത്ത വീറും വാശിയുമാണ് ജസീറയുടെ ഓരോ വാക്കിലും പ്രവൃത്തിയിലും. അവരുടെ മായമില്ലാത്ത പ്രകൃതം തന്നെ അവരെ ഏറ്റവും ബഹുമാന്യയാക്കുന്നു.
എന്നാല്‍, മായമില്ലായ്മയെ മാനിക്കാനാകാത്ത വിധം മായം കലര്‍ന്നതാണ് ആധുനിക ലോകം എന്നതു കൊണ്ടാകാം സുധാമണിക്കും രമക്കും സരിതക്കും കിട്ടിയിടത്തോളം വാര്‍ത്താപ്രാധാന്യം ജസീറക്ക് കിട്ടാതെ പോയത്. എന്തായാലും മക്കളെയും ചേര്‍ത്തുപിടിച്ച് നാടിന്റെ ജീവനാടികളായ പുഴകളെ മണല്‍മാഫിയകളുടെ ക്രൂരബലാത്സംഗങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ജസീറ നടത്തിയ പോരാട്ടം സ്വാമി സന്ദീപാനന്ദ ഗിരി നദികള്‍ക്ക് വേണ്ടി നടത്തുന്ന പ്രസ്താവനകളേക്കാള്‍, കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണ സമരചരിത്രത്തില്‍ പ്രാധാന്യമുള്ളതാണെന്ന കാര്യം പറയാതെ വയ്യ.
ഇവിടെ ചര്‍ച്ച ചെയ്യുന്ന നാല് പെണ്ണുങ്ങളില്‍ ഈ ലേഖകന്‍ അങ്ങേയറ്റം സഹതാപാര്‍ഹയായി കാണുന്നത് ടി പി ചന്ദ്രശേഖരന്റെ വിധവ എന്ന കെ കെ രമയെയാണ്. യൗവനം അസ്തമിക്കാത്ത പ്രായത്തില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട വൈകാരികമായ ഒരു ശൂന്യാവസ്ഥ അങ്ങേയറ്റം സഹതാപം അര്‍ഹിക്കുന്ന ഒന്നാണ്. പക്ഷേ, കെ കെ രമ അത്തരം സഹതാപത്തേക്കാള്‍ നിന്ദ അര്‍ഹിക്കുന്നവളായിരിക്കുന്നത് ഇടതുപക്ഷവിരുദ്ധ രാഷ്ട്രീയത്തിന്റെ ജൈവായുധമായി ദുരുപയോഗിക്കാന്‍ ടി പിയുടെ വിധവ എന്ന പരിവേഷത്തോടെ അവര്‍ എല്ലാ ഇടതുപക്ഷവിരുദ്ധര്‍ക്കും കൂട്ട് നില്‍ക്കുന്നു എന്നതിനാലാണ്. ഭര്‍ത്താവ് കൊല്ലപ്പെട്ടതിന് കാരണക്കാരായവരെ കണ്ടെത്താന്‍ പോരാടുന്ന ഒരു സാധു സ്ത്രീ മാത്രമായിരുന്നു കെ കെ രമ എങ്കില്‍, അവര്‍ക്കിത്രമേല്‍ മാധ്യമ പ്രാധാന്യം കിട്ടുമായിരുന്നോ? ഈയൊരൊറ്റ ചോദ്യത്തിനു മാത്രമാണ് ഇന്നോളം കെ കെ രമ ഉത്തരം തേടാത്തത്. വി എസ് അച്യുതാനന്ദനെ പ്രചോദക നേതാവായെടുത്തുകൊണ്ട് ടി പി ചന്ദ്രശേഖരന്‍ ഉയര്‍ത്തിക്കൊണ്ടുവന്നത് യഥാര്‍ഥവും കറയേതുമില്ലാത്തുമായ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയമാണെന്നാണല്ലോ കെ കെ രമ വിശ്വസിക്കുന്നത്. കറയേതുമില്ലാത്ത യഥാര്‍ഥ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ നിലവില്‍ വരണമെന്ന് ആഗ്രഹിക്കുന്നവരാണോ ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുല്ലപ്പള്ളിയും കെ സുരേന്ദ്രനും ഉള്‍പ്പെടുന്ന ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കളും കേരളത്തിലെ മാധ്യമങ്ങളും എന്ന് എപ്പോഴെങ്കിലും കെ കെ രമ ചിന്തിച്ചിട്ടുണ്ടോ? അതൊന്നും ചിന്തിക്കാനാകാത്തവിധം അവരെ മറ്റുള്ളവര്‍ ഉപയോഗിക്കുന്നിടത്താണ് അവരുടെ ബുദ്ധിരാഹിത്യം അങ്ങേയറ്റം സഹതാപാര്‍ഹമാകുന്നത്. തനിക്കും ചുറ്റും കൂടി നിന്ന് “കെ കെ രമ പ്രതികരിക്കുന്നു” എന്ന് ദിവസവും പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ യഥാര്‍ഥ കമ്മ്യൂണിസം നിലവില്‍വരണമെന്ന് എള്ളോളം പോലും ഉള്ളില്‍ ആശയില്ലാത്തവരാണെന്ന തിരിച്ചറിവോടെ രമ പ്രതികരിക്കാന്‍ തുടങ്ങിയാല്‍ അവര്‍ക്കൊപ്പം ആരും ഇല്ലാതാകും. ഇതറിയാനുള്ള ബോധം കാണിക്കാത്ത കെ കെ രമ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം എന്താണ്? പ്രത്യയശാസ്ത്രം ഏതാണ്? “പിണറായി പക” എന്നത് ഒരു രാഷ്ട്രീയമോ പ്രത്യയശാസ്ത്രമോ അല്ല എന്നതു ബോധ്യമുള്ളവര്‍ക്ക് കെ കെ രമ എന്ന എല്ലായ്‌പ്പോഴും ചാനല്‍ വലയിതയായ പെണ്ണിനോട് സഹതപിക്കാന്‍ മാത്രമേ കഴിയൂ.
ഇതുപോലെ, ചാനല്‍ വലയിതയായൊരു തട്ടിപ്പുകാരിയാണ് സരിത എസ് നായര്‍. കാണാവുന്നതും കേള്‍ക്കാവുന്നതുമായ “താന്‍” ഒഴിച്ച് മറ്റൊരു മൂലധനവും ഇല്ലാത്ത ദരിദ്രയായ വിദ്യാസമ്പന്നയാണ് സരിത. എന്നിട്ടും അവര്‍ താന്‍ എന്ന മൂലധനം വെച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെ പോലും തന്‍ വരുതിയില്‍ നിര്‍ത്തി നാട്ടുകാരെ പറ്റിച്ച് പണം നേടി. താനുമായി ബന്ധപ്പെട്ട പുരുഷന്‍മാരില്‍ 60 ശതമാനം പേരും തന്നെ ശാരീരികമായി ചൂഷണം ചെയ്‌തെന്ന് അവര്‍ വെളിപ്പെടുത്തുന്നു. എന്നാല്‍, ഈ 60 പുരുഷന്മാര്‍ ആരൊക്കെയെന്ന് സരിത പറയുന്നില്ല. പറയും, പറയും എന്ന് പറഞ്ഞ് പേടിപ്പിച്ച് കാശ് പിടുങ്ങാനാണ് അവര്‍ ശ്രമിക്കുന്നതെന്ന് പലരും കരുതുന്നു. ഈ തട്ടിപ്പുകാരിയെ പേടിച്ച് ഉറക്കം നഷ്ടപ്പെട്ട രാഷ്ട്രീയ നേതാക്കളും അവരുടെ വാക്കുകള്‍ ഒപ്പിയെടുക്കാന്‍ ഊണും ഉറക്കും വെടിഞ്ഞ് കാത്തുകെട്ടിക്കിടക്കുന്ന മാധ്യമപ്രവര്‍ത്തകരും അര്‍ഹിക്കുന്ന വിശേഷണം “തരികിട” എന്നത് മാത്രമാണ്.
ഇത്തരമൊരു “തരികിട കേരളത്തില്‍” ചട്ടമ്പി സ്വാമികളും നാരായണ ഗുരുവും ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയും വാഗ്ഭടാനന്ദ ഗുരുയം സ്വാമി ആത്മതീര്‍ഥനും സ്വാമി ആഗമാനന്ദയും ഒക്കെ പ്രതിനിധാനം ചെയ്ത ആധ്യാത്മിക രംഗം എവ്വിധം തട്ടിപ്പിന്റെ തരികിട കേരള കേന്ദ്രമായിത്തീരും എന്നതിനുള്ള ഉദാഹരണമാണ് സുധാമണി എന്ന അമൃതാനന്ദമയിയും അവരുടെ പ്രസ്ഥാനവും. സരിതയുടെ സോളാര്‍ തട്ടിപ്പിനും ശബരീനാഥിന്റെ ടോട്ടല്‍ ഫോര്‍ യു തട്ടിപ്പിനും ഇരയായ മലയാളിയുടെ ബുദ്ധിനിലവാരം അമൃതാനന്ദമയിയുടെ ആത്മീയ തട്ടിപ്പുകള്‍ക്കും ഇടമായി തീര്‍ന്നതില്‍ അത്ഭുതമേതുമില്ല. പക്ഷേ, ഒരു ചോദ്യം ഓരോ കേരളീയനും സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. ഈ നാല് പെണ്ണുങ്ങള്‍ക്ക് ചുറ്റിലും ചിന്തയും ചര്‍ച്ചയും തളം കെട്ടി നിന്നാല്‍ കേരളത്തിന് സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവും ആധ്യാത്മികവുമായി എന്ത് പുരോഗതിയാണ് ഉണ്ടാകുക എന്നതാണ് ആ ചോദ്യം. അത്തരമൊരു ചോദ്യം ഉയര്‍ത്താന്‍ ആത്മബോധമുള്ള സ്ത്രീപുരുഷന്മാരെയാണ് കേരളം അതിന്റെ വികസനത്തിനായുള്ള മാനവവിഭവശേഷി കണ്ടെത്താനായി ഇനി കാത്തിരിക്കുന്നത്.