കടത്തനാടന്‍ മണ്ണില്‍ കളമൊരുങ്ങുന്നത് കിടിലന്‍ പോരാട്ടത്തിന്‌

  Posted on: March 8, 2014 12:24 am | Last updated: March 8, 2014 at 10:21 pm
  SHARE

  Vadakara LC16-ാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളം ആവേശത്തോടെ ഉറ്റുനോക്കുന്ന മണ്ഡലമാണ് വടകര. മുന്നണികളെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമാണ് ഇത്തവണത്തേത്. ആര്‍ എം പിക്കും സി പി എമ്മിനും ഏറെ വൈകാരികവും. കേരള രാഷ്ട്രീയം കഴിഞ്ഞ രണ്ട് വര്‍ഷമായി ഇടതടവില്ലാതെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ടി പി ചന്ദ്രശേഖരന്‍ വധത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്. മണ്ടോടി കണ്ണന്റെയും മൊയാരത്ത് ശങ്കരന്റെയും ചോര വീണ് ചുവന്ന മണ്ണിന്റെ നേരവകാശത്തിനായുള്ള പോരാട്ടം. പോരാട്ടങ്ങളുടെ വിളനിലമായ കടത്തനാടന്‍ മണ്ണിനെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങള്‍ ഏറെയാണ്. സ്ഥാനാര്‍ഥി നിര്‍ണയം അടക്കം വടകരയിലെ രാഷ്ട്രീയ പാര്‍ട്ടികളുട ഓരോ ചലനവും വാര്‍ത്തകളില്‍ നിറയും.

  30 വര്‍ഷം എല്‍ ഡി എഫ് കുത്തകയാക്കിവെച്ചിരുന്ന മണ്ഡലം കോണ്‍ഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ 2009ല്‍ യു ഡി എഫ് പിടിച്ചടക്കുകയായിരുന്നു. ഇത് തിരിച്ചുപിടിക്കാന്‍ എല്‍ ഡി എഫ് (പ്രത്യേകിച്ച് സി പി എം) മാസങ്ങള്‍ക്ക് മുമ്പെ ചിട്ടയായ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഒട്ടും പ്രതീക്ഷയില്ലായിരുന്ന മണ്ഡലം മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ നേടിയെടുത്തത് നിലനിര്‍ത്താന്‍ യു ഡി എഫും ഗോദയില്‍ ഇറങ്ങിക്കഴിഞ്ഞു. ടി പി ചന്ദ്രശേഖരന്‍ വധത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ ശക്തമായ സാന്നിധ്യം അറിയിക്കന്‍ ആര്‍ എം പിയും വിജയ സാധ്യതയില്ലെങ്കിലും കൈ മെയ് മറന്ന പോരാട്ടത്തിന് ബി ജെ പിയും സജീവമാണ്.
  1957 മുതല്‍ നടന്ന ഭൂരിഭാഗം തിരഞ്ഞെടുപ്പിലും എല്‍ ഡി എഫിനൊപ്പം നിന്നതാണ് വടകരയുടെ രാഷ്ട്രീയ ചരിത്രം. ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്ക് പലതവണ എല്‍ ഡി എഫ് ജയിച്ചു. കോണ്‍ഗ്രസ് മൂന്ന് തവണയാണ് വടകരയില്‍ നിന്ന് ജയിച്ചത്. 1971ലും 77ലും കെ പി ഉണ്ണികൃഷ്ണന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വടകരയില്‍ നിന്നും ജയിച്ചു. എന്നാല്‍, കോണ്‍ഗ്രസിലെ പിളര്‍പ്പിനും അടിയന്തിരാവസ്ഥക്കും ശേഷം നടന്ന 1980ലെ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനൊപ്പം നിന്ന് മത്സരിച്ച ഉണ്ണികൃഷന്‍, മുല്ലപ്പള്ളി രാമചന്ദ്രനെ തകര്‍ത്ത് വീണ്ടും വടകരയുടെ എം പിയായി. പിന്നീട് തുടര്‍ച്ചയായി മൂന്ന് തവണ കൂടി വടകരയില്‍ നിന്ന് ഉണ്ണികൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു. വടകര ഘടക കക്ഷികള്‍ക്ക് നല്‍കിയ സി പി എം 1996 മുതലാണ് പാര്‍ട്ടി ചിഹ്നത്തില്‍ ഇവിടെ മത്സരിക്കാന്‍ തുടങ്ങിയത്. ഒ ഭരതന്‍, എ കെ പ്രേമജം (രണ്ട് തവണ), പി സതീദേവി എന്നിവര്‍ തുടര്‍ച്ചയായി വടകരയില്‍ ചെങ്കൊടി പാറിച്ചു. 2004ല്‍ പി സതീദേവി ഒരുലക്ഷത്തില്‍പ്പരം വോട്ടിന് ജയിച്ച മണ്ഡലം 2009ലെ ഇടത്‌വിരുദ്ധ തരംഗത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ യു ഡി എഫ് അട്ടിമറിക്കുകയായിരുന്നു. 56,186 വോട്ടിനായിരുന്നു സതീദേവിയെ മുല്ലപ്പള്ളി തകര്‍ത്തത്. സംസ്ഥാനത്ത് മൊത്തത്തിലുണ്ടായ ഇടതുവിരുദ്ധ വികാരം, സി പി എം വിട്ട് ടി പി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ വടകരയില്‍ രൂപംകൊണ്ട ആര്‍ എം പിയുടെ സ്വാധീനം, എല്‍ ഡി എഫ് വിട്ട് വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ജനതാദളിലെ പ്രബല വിഭാഗം യു ഡി എഫില്‍ എത്തിയതും 2009ലെ തിരഞ്ഞെടുപ്പില്‍ സി പി എമ്മിന് തിരിച്ചടിയായി.
  എന്നാല്‍, പിന്നീട് 2011ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകര പാര്‍ലിമെന്റ് മണ്ഡലത്തില്‍ ശക്തമായി തിരിച്ചുവരാന്‍ എല്‍ ഡി എഫിന് കഴിഞ്ഞു. തലശ്ശേരി, കൂത്തുപറമ്പ്, വടകര, കുറ്റിയാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് വടകര ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ളത്. ഇതില്‍ കൂത്തുപറമ്പ് ഒഴികെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 2011ല്‍ എല്‍ ഡി എഫ് വിജയിച്ചു. 2009ല്‍ 56,186 വോട്ടുകള്‍ക്കാണ് യു ഡി എഫ് ജയിച്ചതെങ്കില്‍ 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിംഗ് കണക്ക് പ്രകാരം 61,282 വോട്ടുകള്‍ക്ക് പാര്‍ലിമെന്റ് മണ്ഡലത്തില്‍ എല്‍ ഡി എഫ് മുന്നിലാണ്. ആര്‍ എം പിയുടെയും സോഷ്യലിസ്റ്റ് ജനതയുടെയും എല്ലാം സ്വാധീനമുള്ളപ്പോഴാണ് എല്‍ ഡി എഫ് ഈ ശ്രദ്ധേയ നേട്ടം കൈവരിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പിലെ ബി ജെ പി സ്ഥാനാര്‍ഥിയായ ഒ കെ വാസു മാസ്റ്ററുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലെത്തിയതും തിരഞ്ഞെടുപ്പില്‍ കരുത്ത് പകരുമെന്ന് സി പി എം കണക്കു കൂട്ടുന്നു. പാര്‍ട്ടി സംഘടനാ സംവിധാനം പൂര്‍ണമായും ഉപയോഗപ്പെടുത്തി ഊര്‍ജിത പ്രചാരണത്തിനാണ് സി പി എം തുടക്കമിട്ടിരിക്കുന്നത്.
  എന്നാല്‍, 2012ലെ ടി പി ചന്ദ്രശേഖരന്‍ വധവും തുടര്‍ന്നുണ്ടായ രാഷ്ട്രീയ ആരോപണ- പ്രത്യാരോപണങ്ങളും തിരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കുമെന്ന് കണ്ടറിയേണ്ടതാണ്. ടി പി വധത്തില്‍ സി പി എമ്മിനെ പ്രതികൂട്ടില്‍ നിര്‍ത്തിയുള്ള പ്രചാരണത്തിനാണ് മണ്ഡലത്തില്‍ യു ഡി എഫ് ഒരുങ്ങുന്നത്. ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയുടെ നേതൃത്വത്തിലുള്ള ആര്‍ എം പിയുടെ സജീവതയിലും യു ഡി എഫ് പ്രതീക്ഷയര്‍പ്പിക്കുന്നു.
  എല്‍ ഡി എഫ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തീരുമാനമായെങ്കിലും യു ഡി എഫില്‍ കോണ്‍ഗ്രസും സോഷ്യലിസ്റ്റ് ജനതയും സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടരുകയാണ്. സിറ്റിംഗ് എം പി മുല്ലപ്പള്ളി രാമചന്ദ്രനെ തന്നെ മത്സരിപ്പിക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം. എന്നാല്‍, എസ് ജെ ഡി കോണ്‍ഗ്രസിന്റെ കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങളില്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. മുന്നണിയില്‍ പ്രവേശിക്കുമ്പോള്‍ കോണ്‍ഗ്രസ് സീറ്റ് വാഗ്ദാനം നല്‍കിയതായി ഇവര്‍ പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയിക്കാനായത് തങ്ങള്‍ യു ഡി എഫില്‍ എത്തിയതുകൊണ്ടാണെന്നും ഇവര്‍ അവകാശവാദം ഉന്നയിക്കുന്നു. എന്നാല്‍, എസ് ജെ ഡിയുടെ ഈ അവകാശവാദം ജില്ലാ കോണ്‍ഗ്രസ് നേതൃത്വം തള്ളിക്കളയുന്നു. എസ് ജെ ഡിക്ക് ശക്തിയുണ്ടെങ്കില്‍ പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകര പാര്‍ലിമെന്റ് മണ്ഡലത്തിലെ ജില്ലയിലെ അഞ്ച് സീറ്റും എങ്ങനെ യു ഡി എഫ് തോറ്റുവെന്നും ഇവര്‍ ചോദിക്കുന്നു. മുല്ലപ്പള്ളി ജയിച്ചപ്പോള്‍ മാത്രം വടകര നിയമസഭാ മണ്ഡലത്തില്‍ 25,800 വോട്ടിന്റെ ലീഡുണ്ടായിരുന്നു. പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് ജനതയിലെ പ്രേംനാഥ് തോറ്റതും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. എതിര്‍പ്പുകള്‍ നിലനില്‍ക്കുമ്പോഴും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അനുകൂല നിലപാട് സ്വീകരിക്കുമെന്ന് എസ് ജെ ഡി കരുതുന്നു. സീറ്റ് ലഭിച്ചാല്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാറിനെയോ, ജനറല്‍ സെക്രട്ടറി ഷേഖ് പി ഹാരിസിനെയോ മത്സരിപ്പിക്കാനാണ് ഇവരുടെ നീക്കം. എന്നാല്‍, മുല്ലപ്പള്ളി മത്സരിക്കണമെന്ന് തന്നെയാണ് മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകക്ഷികളും ആവശ്യപ്പെടുന്നത്.
  മണ്ഡലം തിരിച്ചുപിടിക്കാന്‍ ഡി വൈ എഫ് ഐ സംസ്ഥാന ജോയിന്റെ സെക്രട്ടറി എ എന്‍ ഷംസീറിനെ രംഗത്തിറക്കാന്‍ സി പിം സംസ്ഥാന സെക്രട്ടേറിയറ്റ് ധാരണയിലെത്തിയിട്ടുണ്ട്. നേരത്തെ നാട്ടുകാരനായ എ കെ ബാലന്‍, കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ തുടങ്ങിയവരുടെ പേരുകള്‍ പരിഗണിച്ചിരുന്നെങ്കിലും യുവ നേതാവായ ഷംസീറിനാണ് ഏറെ സാധ്യതയെന്ന വിലയിരുത്തലില്‍ പാര്‍ട്ടി എത്തിച്ചേരുകയായിരുന്നു. വടകരയിലെ നിര്‍ണായക ശക്തിയെന്ന് തെളിയിക്കാന്‍ മികച്ച സ്ഥാനാര്‍ഥിയെ തന്നെ രംഗത്തിറക്കാനണ് ആര്‍ എം പിയുടെ തീരുമാനം. ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ മത്സരിക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും അവരെ മത്സരിപ്പിക്കാനുള്ള നീക്കം ശക്തമാണ്. ആര്‍ എം പി സെക്രട്ടറി എന്‍ വേണുവിന്റെ പേരും പരിഗണിക്കുന്നുണ്ട്. എം ടി രമേശ് ബി ജെ പിയുടെ സ്ഥാനാര്‍ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. കണക്കുകളിലെ കളിക്കും മുന്‍കാല ചരിത്രങ്ങള്‍ക്കും വലിയ പ്രസക്തിയില്ലാത്ത പ്രവചനാതീതമായ പോരാട്ടം ഇത്തവണ വടകരയില്‍ നടക്കും.