പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ്: പ്രവാസികളുടെ രാഷ്ട്രീയവും ഉണരുന്നു

Posted on: March 7, 2014 6:41 pm | Last updated: March 7, 2014 at 6:41 pm
SHARE

മസ്‌കത്ത്: പാര്‍ലിമെന്റ് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ പ്രവാസികളുടെ രാഷ്ട്രീയവും ഉണരുന്നു. കേരളത്തിലെ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം അവേശേഷിക്കേ പ്രചാരണങ്ങളും വോട്ടു പിടിത്തവും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കലും നാട്ടില്‍ പോക്കുമെല്ലാം ആസുത്രണം ചെയ്യപ്പെടുകയാണ്. പ്രവാസി പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പു വേളയിലെ ചര്‍ച്ചയാക്കാനും അതുവഴി വോട്ടു സ്വാധീനിക്കാനുള്ള ആലോചനകളും നടക്കുന്നു.

കേരളത്തിലെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ഇടപെടുന്ന പ്രധാന പാര്‍ട്ടികള്‍ക്ക് ഒമാനിലും ഇതര ഗള്‍ഫ് നാടുകളിലും ശക്തമായ സംഘടനാ സംവിധാനമുണ്ട്. ഒ ഐ സി സി, കെ എം സി സി, കൈരളി, മൈത്രി എന്നിവ ഇതില്‍ പ്രധാനമാണ്. തിരഞ്ഞെടുപ്പു കാലത്ത് ഈ സംഘടനകള്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് പ്രവാസി കുടുംബങ്ങളുടെ വോട്ടുറപ്പാക്കാനായി പ്രവര്‍ത്തനങ്ങള്‍ നടത്തി വരാറുണ്ട്. മണ്ഡലം, ജില്ല അടിസ്ഥാനത്തില്‍ കണ്‍വെന്‍ഷനുകളും ചര്‍ച്ചകളും നടത്തി പ്രചാരണം കൊഴുപ്പിക്കാനും സംഘടനകള്‍ രംഗത്തു വരുന്നു.
ഇവിടെയുള്ള പ്രവാസികള്‍ക്ക് വോട്ടു ചെയ്യാനാകില്ലെങ്കിലും അവരുടെ കുടുബങ്ങളിലെ വോട്ടുകളില്‍ കണ്ണു വെച്ച് പ്രവാസ ലോകത്ത് പ്രചാരണ പ്രവര്‍ത്തനം നടക്കുന്നു. നാട്ടിലെ പ്രാദേശിക ഘടകത്തിലെ പ്രവര്‍ത്തകര്‍ കൈമാറുന്ന വിവരം അനുസരിച്ച് ഇവിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രവാസികളെ സമീപിച്ച് കുടുംബത്തിന്റെ വോട്ട് ഉറപ്പു വരുത്തുന്ന രീതികളുമുണ്ട്. മകിച്ച സംഘടനാ സംവിധാനമുള്ള സി പി എം, ലീഗ് സംഘടനകളാണ് ഈ രീതി പ്രധാനമായും സ്വീകരിക്കുന്നത്. വാര്‍ഡ് അടിസ്ഥാനത്തില്‍ ഓരോ വോട്ടുകളും കൃത്യമായി പോള്‍ ചെയ്യിക്കുന്നതിലും സ്വന്തം സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യിക്കുന്നതിലും ശ്രദ്ധിക്കുന്നവരാണ് ഗള്‍ഫ് ഘടകങ്ങളെ വിവരം അറിയിച്ച് ഗൃഹനാഥന്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുക.
തിരഞ്ഞെടുപ്പിലെ രാഷ്ട്രീയവും വികസനവും നയങ്ങളും ചര്‍ച്ചയാകുന്ന ചര്‍ച്ചകളും സംവാദങ്ങളും പ്രവാസികള്‍ക്കിടയില്‍ നടക്കും. കൂടുതല്‍ പ്രവാസികളുള്ള മലബാര്‍ മണ്ഡലങ്ങളിലെ വോട്ടു രാഷ്ട്രീയമാണ് പ്രവാസികളുടെ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുക. പ്രവാസ ലോകത്ത് ശക്തമായ സ്വീധീനമുള്ള കെ എം സി സിയുടെ പ്രവര്‍ത്തനം മലപ്പുറത്തെ രണ്ടു മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും. എന്നാല്‍ കോണ്‍ഗ്രസിന്റെ ഒ ഐ സി സിക്കോ സി പി എമ്മിന്റെ കൈരളിക്കോ ഇങ്ങനെ ജില്ലകളില്‍ കേന്ദ്രീകരിക്കാന്‍ കഴിയില്ല. എങ്കിലും കണ്ണൂരുള്‍പെടെയുള്ള മലബാര്‍ ജില്ലകളായിരിക്കും കോണ്‍ഗ്രസിലും ഇടതുപക്ഷത്തും പ്രധാന ചര്‍ച്ച.
സജീവ പാര്‍ട്ടി പ്രവര്‍ത്തകരും സംഘടനാ നേതാക്കളുമായവര്‍ തിരഞ്ഞെടുപ്പു സമയത്ത് പ്രവര്‍ത്തനങ്ങളില്‍ നേരിട്ടു പങ്കെടുക്കുന്നതിന് നാട്ടിലേക്കു പോകും. നാട്ടില്‍ സജീവമായി പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയവരില്‍ പതിവായി തിരഞ്ഞെടുപ്പു സമയത്ത് നാട്ടില്‍ പോകുന്നവരുണ്ട്. തിരഞ്ഞെടുപ്പു ദിവസത്തേക്ക് ലീവ് ക്രമപ്പെടുത്തി നാട്ടില്‍ പോകാനുള്ള തയാറെടുപ്പു നടത്തുകയാണ് പലരും. ഫേസ് ബുക് ഉള്‍പെടെയുള്ള സോഷ്യല്‍ മീഡിയകളിലും പ്രവാസികളുടെ വോട്ടു രാഷ്ട്രീയ ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്.