റബര്‍ പീലിംഗ് മില്ലിന് അനുമതി നല്‍കിയിട്ടില്ലെന്ന് ഡി എഫ് ഒ

Posted on: March 7, 2014 7:38 am | Last updated: March 7, 2014 at 7:38 am
SHARE

കല്‍പ്പറ്റ: അഞ്ചുകുന്നില്‍ മാനദണ്ഡം ലംഘിച്ച് റബ്ബര്‍ പീലിംഗ് മില്ലിന് ലൈസന്‍സ് നല്‍കിയെന്ന് ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത വസ്തുതാപരമല്ലെന്ന് മാനന്തവാടി ഡി.എഫ്.ഒ. അറിയിച്ചു.
ബത്തേരി മാനിക്കുനിയില്‍ 35 എച്ച്.പി.പീലിംഗ് മെഷി്ന്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് 2011 മാര്‍ച്ചില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പ്രസ്തുത സ്ഥാപനം അഞ്ച് കിലോമീറ്റര്‍ വനാതിര്‍ത്തിക്കുള്ളിലായതിനാല്‍ മാറ്റി സ്ഥാപിക്കണമെന്ന വ്യവസ്ഥയോടെയായിരുന്നു അനുമതി. ഇതേ തുടര്‍ന്ന് 2012 മാര്‍ച്ചില്‍ പ്രസ്തുത സ്ഥാപനം പനമരം പഞ്ചായത്തിലെ കുണ്ടാലയിലേക്ക് മാറ്റുന്നതിന് ഉടമസ്ഥര്‍ അനുമതി തേടുകയും അന്നത്തെ ഡി.എഫ്ഒ. എന്‍.ഒ.സി. നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ 2012 ജൂലൈയില്‍ സ്ഥാപനം അഞ്ചുകുന്നുള്ള എസ്.വൈ. നമ്പര്‍ 66/2 ലേക്ക് മാറ്റിക്കൊണ്ട് ഉത്തരവാകുകയും ചെയ്തു.
കേരള ഫോറസ്റ്റ് (റെഗുലേഷന്‍ ഓഫ് സോമില്‍സ് & അദര്‍ വുഡ് ബേസ്ഡ് ഇന്‍ഡസ്ട്രിയല്‍ യൂണിറ്റ്) റൂള്‍സ് 2012 പ്രകാരം ലൈസന്‍സ് ഫീസ് ഈടാക്കി യൂണിറ്റിന് ലൈസന്‍സ് നല്‍കുവാനും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതനുസരിച്ച് യൂണിറ്റിന് പ്രവര്‍ത്തനാനുമതി നല്‍കുകയും ചെയ്തു.
ബത്തേരിയില്‍ ഐഡിയല്‍ വുഡ് ഇന്‍ഡസ്ട്രീസ് എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം വയനാട് വുഡ് ഇന്‍ഡസ്ട്രീസ് എന്ന് പേര് മാറ്റിയാണ് അഞ്ചുകുന്നില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇതേ സ്ഥാപനത്തിന്റെ ഉടമസ്ഥന് അഞ്ചുകുന്നില്‍ തന്നെ കുണ്ടാലയില്‍ പി.പി.വി/136 (ബി) നമ്പര്‍ കെട്ടിടത്തില്‍ വിനീര്‍, പ്ലൈവുഡ്, പാക്കിംഗ് കേസ് എന്നിവ പ്രവര്‍ത്തിപ്പിക്കുന്നതിന് 150 എച്ച്.പി. മെഷിനറികള്‍ ഉപയോഗിക്കുന്നതിന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ 2010 ഡിസംബറില്‍ 4.5 ലക്ഷം രൂപ ലൈസന്‍സ് ഫീസ് ഈടാക്കി അനുമതി നല്‍കിയിരുന്നു.
പ്രസ്തുത അനുമതിയുടെ കാലാവധി 2013 ഡിസംബറില്‍ അവസാനിച്ചത് 2014 ജനുവരിയില്‍ പുതുക്കി നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഡി.എഫ്.ഒ. അറിയിച്ചു. എന്‍.ഒ.സി. പുതുക്കി നല്‍കാതിരിക്കാന്‍ നിലവിലെ വ്യവസ്ഥകള്‍ പ്രകാരം സാധ്യമല്ലാത്ത സാഹചര്യത്തിലാണ് ലൈസന്‍സ് പുതുക്കിയതെന്നും ഡി.എഫ്.ഒ. പറഞ്ഞു.