Connect with us

Malappuram

വോട്ടര്‍മാര്‍ക്ക് സ്ലിപ്പ് നല്‍കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ ഒഴിവാക്കി

Published

|

Last Updated

മലപ്പുറം: വീടുകള്‍ കയറി വോട്ടര്‍മാര്‍ക്ക് സ്ലിപ്പ് നല്‍കാന്‍ ഇത്തവണ രാഷ്ട്രീയ പാര്‍ട്ടികളെ അനുവദിക്കില്ല.
വോട്ടര്‍പട്ടികയിലെ നമ്പര്‍ രേഖപ്പെടുത്തിയ സ്ലിപ്പ് തെരഞ്ഞെടുപ്പിന്റെ ഏഴ്ദിവസം മുമ്പ് തെരഞ്ഞെടുപ്പ് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേനയായിരിക്കും നല്‍കുക. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സ്ലിപ്പ് നല്‍കുന്നതില്‍ നിന്ന് വിലക്കും. കൂടാതെ പോളിംഗ് ബൂത്തുകളുടെ സമീപത്ത് വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്തും ഇത്തവണ സജ്ജീകരിക്കും. സ്ലിപ്പ് ലഭിക്കാത്തവര്‍ക്ക് തിരഞ്ഞെടുപ്പ് ദിവസം വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്തില്‍ നിന്നും സ്ലിപ്പ് നല്‍കും. സ്ലിപ്പ് നല്‍കുന്നതിന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സഹായം തേടാനും അനുവദിക്കിക്കില്ല. പോളിംഗ് ബൂത്തുകളില്‍ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്താന്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവേശന കവാടം, റാംപ്, കുടിവെള്ളം, വൈദ്യുതി, ഫര്‍ണിചര്‍, ടോയ്‌ലറ്റ് എന്നിവയാണ് ഒരുക്കുക. തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മാതൃകാ പെരുമാറ്റചട്ടം പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ ബിജു അറിയിച്ചു. പെരുമാറ്റചട്ടം പാലിക്കാത്ത പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കലക്ടര്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന് നാമനിര്‍ദേശം സമര്‍പ്പിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കലക്റ്റര്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലാ കലക്റ്ററുടെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെയും യോഗം ചേര്‍ന്നു. സബ് കലക്ടര്‍ അമിത് മീണ, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം മുഹമ്മദ് ബശീര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ പങ്കെടുത്തു.

Latest