ജോസഫിന്റെ മുന്നറിയിപ്പ് അന്ത്യശാസനമായി കാണുന്നില്ലെന്ന് സുധീരന്‍

Posted on: March 6, 2014 4:34 pm | Last updated: March 7, 2014 at 12:33 am
SHARE

sudheeranതൃശൂര്‍: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ മന്ത്രി പി ജെ ജോസഫിന്റെ മുന്നറിയിപ്പ് അന്ത്യശാസനമായി കാണുന്നില്ലെന്നും സൗഹാര്‍ദപരമായ നിര്‍ദേശമായേ കാണുന്നുള്ളുവെന്നും കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍.  പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ആശങ്കയുടെ ആവശ്യമില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നാളെ ഉച്ചക്ക് മുമ്പ് കരട് വിജ്ഞാപനം പുറത്തിറങ്ങിയിരിക്കണം എന്നായിരുന്നു പി ജെ ജോസഫ് പറഞ്ഞത്.

മാതാ അമൃതാനന്ദമയി മഠത്തിലെ മുന്‍ അന്തേവാസിനിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടു നിയമം അതിന്റെ വഴിക്കു പോകും. ആരോപണം ഉന്നയിക്കുന്നവര്‍ അതു തെളിയിക്കണം. ആരോപണ വിധേയരായവര്‍ തങ്ങള്‍ നിഷ്‌കളങ്കരാണെങ്കില്‍ അതും തെളിയിക്കണം. ഗെയ്ല്‍ ട്രേഡ് വെല്ലിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ നടക്കുന്നതായാണു മനസിലാക്കുന്നത്. ഇത്തരം വിഷയങ്ങളെ സര്‍ക്കാര്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണുമെന്നാണ് കരുതുന്നത്. സീറ്റ് വിഭജന ചര്‍ച്ച വേഗം പൂര്‍ത്തിയാക്കും. നാളെ രാവിലെ സോഷ്യലിസ്റ്റ് ജനതയുമായും വൈകുന്നേരം കേരള കോണ്‍ഗ്രസുമായി കോട്ടയത്തും ചര്‍ച്ച നടത്തും.

സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും മുന്‍പ് മുസ്‌ലിംലീഗുമായും ചര്‍ച്ച നടത്തും. ഒന്‍പതിനു 2.30നു സംസ്ഥാന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു സമിതി യോഗം ചേര്‍ന്നു സ്ഥാനാര്‍ഥികളെ സംബന്ധിച്ചു ചര്‍ച്ച നടത്തും. ഉടന്‍ പ്രാഥമിക സ്ഥാനാര്‍ഥി പട്ടിക ഹൈക്കമാന്‍ഡിനു സമര്‍പ്പിക്കും. ഹൈക്കമാന്‍ഡിന്റെ പരിശോധനയ്ക്കു ശേഷം പട്ടിക സോണിയ ഗാന്ധിക്കു സമര്‍പ്പിക്കും. സോണിയാഗാന്ധിയുടെ അംഗീകാരം ലഭിച്ചാല്‍ പട്ടിക പ്രഖ്യാപിക്കുമെന്നും സുധീരന്‍ പറഞ്ഞു.