സി പി എം നേതൃയോഗം തുടങ്ങി: എം എ ബേബി കൊല്ലത്ത് സ്ഥാനാര്‍ഥിയാകും

Posted on: March 4, 2014 11:47 pm | Last updated: March 4, 2014 at 11:47 pm
SHARE

ma babyതിരുവനന്തപുരം: കൊല്ലം ലോക്‌സഭാ സീറ്റില്‍ സി പി എം സ്ഥാനാര്‍ഥിയായി പോളിറ്റ് ബ്യൂറോ അംഗവും എം എല്‍ എയുമായ എം എ ബേബി മത്സരിക്കുമെന്ന് സൂചന. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി തുടങ്ങിയ സി പി എം സെക്രട്ടേറിയറ്റ് യോഗത്തില്‍ പി ബിയോഗത്തിന്റെ റിപ്പോര്‍ട്ടിംഗിലാണ് ബേബിയെ മത്സരിപ്പിക്കുന്ന കാര്യം പരാമര്‍ശിക്കുന്നത്. കേരളത്തില്‍ നിന്നുള്ള പി ബി അംഗങ്ങളില്‍ എം എ ബേബിയെ മത്സരിപ്പിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശമെന്ന് റിപ്പോര്‍ട്ടിലുണ്ട്. പി ബിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബേബി കേന്ദ്ര നേതൃത്വത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് കൂടിയാണ് ബേബിയെ മത്സരിപ്പിക്കുന്നത്. ഇന്നും തുടരുന്ന സെക്രട്ടേറിയറ്റിന് ശേഷം നാളെയും മറ്റെന്നാളുമായി നടക്കുന്ന സംസ്ഥാന കമ്മറ്റി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകും.

കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളിലെല്ലാം ഇക്കുറിയും മത്സരിക്കാനാണ് തീരുമാനം. ആര്‍ എസ് പി, ജനതാദള്‍ എസ്, എന്‍ സി പി കക്ഷികളുടെ ആവശ്യം അംഗീകരിക്കില്ല. ഓരോ കക്ഷിയുമായും ഉഭയകക്ഷി ചര്‍ച്ച നടത്തി സി പി എം നിലപാടറിയിക്കും. വെള്ളിയാഴ്ച എല്‍ ഡി എഫ് യോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ട്. മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ എം എ ബേബി നിലവില്‍ കുണ്ടറയില്‍ നിന്നുള്ള എം എല്‍ എയാണ്. കൊല്ലം പ്രാക്കുളം സ്വദേശിയായ ബേബി 2006 മേയ് 18 മുതല്‍ 2011 മേയ് 18 വരെ കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക മന്ത്രിയായിരുന്നു. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ പൊതുവിദ്യാഭ്യാസം, സര്‍വകലാശാലാ വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, കാര്‍ഷിക സര്‍വകലാശാല ഒഴിച്ചുള്ള സര്‍വകലാശാലകള്‍, പ്രവേശന പരീക്ഷകള്‍, എന്‍ സി സി, സാംസ്‌കാരിക കാര്യങ്ങള്‍, പുരാവസ്തു, മൃഗശാലകളും കാഴ്ചബംഗ്ലാവുകളും, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. മുപ്പത്തിരണ്ടാം വയസ്സില്‍ രാജ്യസഭാംഗമായ ബേബി, രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ എം പിയായിരുന്നു. സി പി എം കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും അംഗമായിരുന്ന ബേബിയെ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലാണ് പി ബിയിലേക്ക് തിരഞ്ഞെടുത്തത്.