Connect with us

Palakkad

കോയമ്പത്തൂര്‍- ഷൊര്‍ണൂര്‍ മെമു ട്രെയിനിന്റെ ബോഗികള്‍ വെട്ടിക്കുറച്ചു

Published

|

Last Updated

പാലക്കാട്: കോയമ്പത്തൂര്‍- ഷൊര്‍ണൂര്‍ മെമു ട്രെയിനിന്റെ ബോഗികള്‍ വെട്ടിക്കുറച്ചു. എട്ട് റേക്കുകളുണ്ടായിരുന്ന വണ്ടി കഴിഞ്ഞ രണ്ടുനാളായി അഞ്ച് റേക്കുകളുമായാണ് ഓടുന്നത്. ജീവനക്കാരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ പതിവുയാത്രക്കാര്‍ ഏറെപ്പേര്‍ ആശ്രയിക്കുന്ന വണ്ടിയുടെ ബോഗികള്‍ വെട്ടിക്കുറച്ചതിനെതിരെ വ്യാപകമായി പ്രതിഷേധമുയര്‍ന്നു.
ഓടുന്നത് പാലക്കാട് മേഖലയിലാണെങ്കിലും സേലം ഡിവിഷന്റെകീഴില്‍വരുന്ന വണ്ടിയാണിത്. ബോഗികള്‍ കൊണ്ടുപോയത് തമിഴ്‌നാട്ടിലെ മെമുവിന് വേണ്ടിയാണെന്നും ചിലകേന്ദ്രങ്ങള്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍, ബോഗികള്‍ അറ്റകുറ്റപ്പണികള്‍ക്കായി ആവഡിയിലേക്ക് കൊണ്ടുപോയതാണെന്നും പത്ത് ദിവസമെങ്കിലും കഴിഞ്ഞാലേ തിരികെയെത്തൂയെന്നും അധികൃതര്‍ പറയുന്നു. രാവിലെ പാലക്കാട് ടൗണില്‍നിന്ന് കോയമ്പത്തൂരിലേക്ക് പോയശേഷം അവിടെനിന്ന് ഷൊര്‍ണൂരിലേക്കാണ് വണ്ടി ഓടുന്നത്.
ഷൊര്‍ണൂരില്‍നിന്ന് കോയമ്പത്തൂരിലേക്കുപോയി തിരികെ പാലക്കാട് ടൗണില്‍ യാത്ര അവസാനിപ്പിക്കുംവിധമാണ് ഇതിന്റെ ക്രമീകരണം. രാവിലെ ഏഴരക്ക് ടൗണില്‍നിന്ന് യാത്രതിരിക്കുന്ന വണ്ടി കോയമ്പത്തൂരിലേക്കുള്ള സ്ഥിരം യാത്രക്കാരുടെ പ്രധാന ആശ്രയമാണ്.
ടൗണില്‍നിന്ന് 11 രൂപയും ഒലവക്കോട്ടുനിന്ന് 10 രൂപയുമാണ് നിരക്ക്. അതേസമയം, കെ എസ് ആര്‍ ടി സി ബസില്‍ 36 രൂപ നല്‍കണം. ആഴ്ചതോറുമുള്ള അറ്റകുറ്റപ്പണികള്‍ പാലക്കാട് മെമുഷെഡ്ഡില്‍ നടത്താറുണ്ടെങ്കിലും വലിയപണികള്‍ക്ക് ഇവിടെ സൗകര്യമില്ലെന്ന് അധികൃതര്‍ പറയുന്നു.
മെമു ഉള്‍പ്പെടെ പാലക്കാട് ഡിവിഷനില്‍ ഓടുന്ന മിക്ക വണ്ടികളുടെയും ബോഗികള്‍ കാലപ്പഴക്കംമൂലം മോശം അവസ്ഥയിലുള്ളതാണ്. കര്‍ണാടകത്തിലെ ഗുല്‍ബര്‍ഗ ആസ്ഥാനമായി പുതിയ റെയില്‍വേഡിവിഷന്‍ വരുന്നെന്ന വാര്‍ത്തകള്‍ക്കിടെ പാലക്കാട് യാത്രക്കാര്‍ക്ക് നിലവിലുള്ള സൗകര്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നെന്ന പരാതിയുമുയര്‍ന്നിട്ടുണ്ട്.

Latest