Connect with us

Wayanad

സംസ്ഥാന പോളിടെക്‌നിക് കലോത്സവം: ഇനി സര്‍ഗവസന്തത്തിന്റെ നാളുകള്‍

Published

|

Last Updated

കല്‍പ്പറ്റ: സംസ്ഥാന പോളിടെക്‌നിക് കലോത്സവത്തിന് പതാക ഉയര്‍ന്നു. ഇന്ന് വൈകീട്ട് നാലിന് സിനിമാതാരം അനൂപ് ചന്ദ്രന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. ഇനിയുള്ള നാല് ദിനരാത്രങ്ങളില്‍ മീനങ്ങാടി ഗവ.പോളി ടെക്‌നികില്‍ കലയുടെ സര്‍ഗവസന്തത്തിന്റെ ചെപ്പ് തുറക്കും. സ്‌റ്റേജ്-സ്‌റ്റേജിതര മത്സരങ്ങളില്‍ വിവിധ ജില്ലകളിലെ 70 കോളേജുകളില്‍ നിന്നായി അയ്യായിരത്തോളം വിദ്യാര്‍ഥികളാണ് മത്സരത്തിന് അണിനിരക്കുന്നത്. ജില്ലയില്‍ ആദ്യമായി നടക്കുന്ന കലോത്സവം വന്‍ വിജയമാക്കിമാറ്റാന്‍ നാട്ടുകാരും വിദ്യാര്‍ഥികളും ഒരുങ്ങികഴിഞ്ഞു.
ഇന്ന് രാവിലെ11ന് സ്വാഗതസംഘം ചെയര്‍മാന്‍ മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാറാണ് കലോത്സവ നഗരിയില്‍ പതാക ഉയര്‍ത്തിയത്. മീനങ്ങാടി പോളിടെക്‌നിക് അധ്യാപകന്‍ ഡേവിഡ്, കെ റഫീഖ്, കെ എം ഫ്രാന്‍സിസ്, മഹേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഇന്ന് വൈകിട്ട് മൂന്നിന്് മീനങ്ങാടി കമ്മ്യൂണിറ്റി ഹാള്‍ പരിസരത്ത്‌നിന്നും ആരംഭിക്കുന്ന ഘോഷയാത്ര മീനങ്ങാടി പോളിടെക്‌നിക് കോളേജില്‍ സമാപിക്കും. 65 ഇനങ്ങളിലയി നടക്കുന്ന മത്സരങ്ങളില്‍ എ ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ്മാര്‍ക്ക് അനുവദിച്ചിട്ടുണ്ട്. കെ രാഘവന്‍, വി ദക്ഷിണാമൂര്‍ത്തി, കെ പി ഉദയഭാനു, പി കെ കാളന്‍, ടി സി ജോണ്‍ എന്നിവരുടെ പേരിലുള്ള വേദികളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ്, കലക്ടര്‍ കേശവേന്ദ്രകുമാര്‍ തുടങ്ങിയര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ജില്ലയിലെ യുവ പ്രതിഭകളായ മാസ്റ്റര്‍ ശ്രീഹരി, അനു സിതാര, സാന്ദ്ര ബാലന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. ഇന്ന് മലയാളം കവിതാരചന, ഇംഗ്ലീഷ് കവിതാരചന, മലയാളം-ഇംഗ്ലീഷ് കഥാരചന, പെന്‍സില്‍ ഡ്രോയിംങ്, പെയിന്റിങ്, കാര്‍ട്ടൂണ്‍ എന്നിവയില്‍ മത്സരം നടക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം വൈകീട്ട് അഞ്ചിന് ഭരതനാട്യം മത്സരം നടക്കും.

Latest