കണ്ണൂര്‍ നഗരസഭയില്‍ വെച്ചുമാറല്‍; വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ രാജിവെച്ചു

Posted on: March 4, 2014 9:02 am | Last updated: March 4, 2014 at 9:02 am
SHARE

കണ്ണൂര്‍: കണ്ണൂര്‍ നഗരസഭയില്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ജയലക്ഷ്മി രാമകൃഷ്ണന്‍ രാജിക്കത്ത് നല്‍കി.
ഭരണ കാലാവധിയില്‍ ആദ്യത്തെ രണ്ടര വര്‍ഷം കോണ്‍ഗ്രസും അവസാനത്തെ രണ്ടര വര്‍ഷം മുസ്‌ലിം ലീഗും വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സ്ഥാനം വീതിച്ചെടുക്കാനായിരുന്നു തീരുമാനം. രണ്ടര വര്‍ഷം പൂര്‍ത്തിയായപ്പോള്‍ തന്നെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി വിട്ടുതരണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് കത്ത് നല്‍കിയിരുന്നുവെങ്കിലും ഇതുവരെ കോണ്‍ഗ്രസ് വിട്ടുനല്‍കിയിരുന്നില്ല. എന്നാല്‍ കണ്ണൂര്‍ ബ്ലോക്കിലും പള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലും കോണ്‍ഗ്രസും മുസ്‌ലിം ലീഗും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിലാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ലീഗിന് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായത്.
ലീഗിന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ നഗരസഭാ പരിധിയില്‍ ലീഗ് വോട്ട് നഷ്ടപ്പെടുമെന്ന ഭീഷണിയുണ്ടായിരുന്നു.
മുസ്‌ലിം ലീഗിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സനെ ഉടന്‍ തീരുമാനിക്കും. മുന്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ ടി കെ നൂറുന്നീസക്കാണ് സാധ്യത. അതിനിടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാല്‍ പുതിയ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സനെ തിരഞ്ഞെടുക്കുന്നതിനെ ബാധിക്കും. ജയലക്ഷ്മി രാമകൃഷ്ണന്‍ രാജിവെച്ച സാഹചര്യത്തില്‍ നഗരസഭാ വരണാധികാരിയെ വിവരമറിയിച്ച് പുതിയ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സനെ തിരഞ്ഞെടുക്കണം. വിജ്ഞാപനം അടുത്ത ദിവസം പുറത്തുവന്നാല്‍ പിന്നെ തിരഞ്ഞെടുപ്പിനുള്ള സമയക്രമം പാലിക്കാന്‍ കഴിയില്ല.