വയനാട് എന്‍ജിനീയറിംഗ് കോളജ് ഇന്ന് തുറക്കുന്നു; ആശങ്കയോടെ രക്ഷിതാക്കള്‍

Posted on: March 3, 2014 7:30 am | Last updated: March 3, 2014 at 7:30 am
SHARE

കല്‍പ്പറ്റ: ഇരുവിഭാഗം വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട വയനാട് എന്‍ജിനീയറിംഗ് കോളജ് ഇന്ന് തുറക്കുന്നു. ഇതോടെ ആശങ്കകളും ഉയരുകയാണ്. വിദ്യാര്‍ഥി സംഘട്ടനങ്ങളെ തുടര്‍ന്ന് മുന്‍പും കോളജ് അടച്ചിട്ടിട്ടുണ്ട്. കോളജ് പ്രവര്‍ത്തനം പുനരാരംഭിക്കുന്ന ദിവസംതന്നെ വിദ്യാര്‍ഥികള്‍ സമരവുമായി രംഗത്തെത്തി സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെടാറുണ്ട്. തങ്ങളെ പുറത്താക്കി കോളജ് പ്രവര്‍ത്തിക്കേണ്ടെന്നാണ് സാധാരണ ഇവരെടുക്കാറുള്ള നിലപാട്. ഇതേതുടര്‍ന്ന് വീണ്ടും കോളജ് അടച്ചിട്ട സംഭവങ്ങളും നിരവധിയാണ്.
ടെക്‌ഫെസ്റ്റ് എന്നപേരില്‍ കോളജില്‍ ഫെബ്രുവരി 20 മുതല്‍ 22 വരെ നടന്ന സംസ്ഥാനതല ശാസ്ത്ര സാങ്കേതി പ്രദര്‍ശനം കാണാനായി നിരവധി ആളുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയിരുന്നു. ഐസ്ആര്‍ഒയുടെ നേതൃത്വത്തില്‍ ഒരുക്കിയ രാത്രിയിലെ വാനനിരീക്ഷണത്തിനായിരുന്നു വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും ഏറെ താല്‍പ്പര്യം. പരിപാടി അവസാനിക്കുന്നതിന് ഒരുദിവസം മുന്‍പ് രാത്രി ഒന്‍പത് മണിയോടെ ഇരുവിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. പ്രദര്‍ശനം കാണാനെത്തിയ നിരവധി നാട്ടുകാര്‍ക്കും പ്രദര്‍ശനമൊരുക്കിയ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കും സംഘര്‍ഷത്തില്‍ പരിക്ക് പറ്റി.
രണ്ട് മണിക്കൂറോളം കോളജ് ഗെയ്റ്റ് പൂട്ടിയിട്ടാണ് സംഘര്‍ഷത്തിന് അയവ്‌വരുത്തിയത്. വിവിധ സിഐ മാരുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘവും രാത്രി കോളേജിലെത്തി. സംഭവത്തോടനുബന്ധിച്ച് പതിമൂന്ന് വിദ്യാര്‍ഥികളെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. പ്രദര്‍ശനം കാണാനെത്തിയ ഒരു ഓട്ടോ ഡ്രൈവറും മര്‍ദനമേറ്റതിനെതുടര്‍ന്ന് പരാതി നല്‍കിയിട്ടുണ്ട്.
എസ്എഫ്‌ഐ ക്കാരാണ് സംഘര്‍ഷത്തിന് കാരണമെന്ന് എംഎസ്എഫും തിരിച്ച് എസ്എഫ്‌ഐ യും ആരോപണമുന്നയിച്ചിട്ടുണ്ട്. കോളേജിനടുത്തുള്ള വീടുകള്‍ക്ക്‌നേരെയും രാത്രി കല്ലേറുണ്ടായി. ഇതോടെ പ്രദേശവാസികളും വിദ്യാര്‍ഥികള്‍ക്കെതിരായി. കോളജില്‍ നടക്കുന്ന മുഴുവന്‍ സംഘര്‍ഷങ്ങള്‍ക്കും അടിസ്ഥാന കാരണം ആറോളം വിദ്യാര്‍ഥികളാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇവരെ കോളജില്‍ നിന്ന് പുറത്താക്കിയാല്‍തന്നെ കോളജില്‍ സമാധാന അന്തരീക്ഷം നിലനില്‍ക്കുമെന്നും ഇവര്‍ പറയുന്നു. അന്യജില്ലകളില്‍ നിന്നെത്തുന്ന പല വിദ്യാര്‍ഥികളും അക്രമസംഭവങ്ങളില്‍ പങ്കാളിയാകുന്നതും പോലീസ് കേസുകളില്‍ കുടുങ്ങുന്നതും ഇവിടെ നിത്യസംഭവമായിരിക്കുകയാണ്.
സംസ്ഥാനത്തെ റിസര്‍വേഷന്‍ ക്വാട്ട ഒരു കോളജില്‍ കേന്ദ്രീകരിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമെന്ന് ചിന്തിക്കുന്നവരും കുറവല്ല.