ജില്ലയില്‍ ചൂട് കൂടുന്നു; കുടിവെള്ള ക്ഷാമവും രൂക്ഷം

Posted on: March 3, 2014 7:26 am | Last updated: March 3, 2014 at 7:26 am
SHARE

പാലക്കാട്: വേനലെത്തും മുമ്പേ ജില്ലയില്‍ ചൂട് കൂടുന്നു. ഇന്നലെ 38.5 ഡിഗ്രി സെന്റിഗ്രേഡ് ചൂടാണ് മുണ്ടൂര്‍ ഐ ആര്‍ ടി സിയില്‍ രേഖപ്പെടുത്തിയത്. മാര്‍ച്ച് ആദ്യവാരത്തില്‍ത്തന്നെ ഇത്രയും ചൂട് രേഖപ്പെടുത്തിയാല്‍ മെയ് മാസം ആകുമ്പോഴെക്കും 44 ഡിഗ്രിയിലെത്തുമെന്ന ആശങ്കയുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ 39ഉം 39.5 ഡിഗ്രിയിലുമെത്തിയിരുന്നു. ഇടവപ്പാതി ആരംഭിക്കാന്‍ ഇനിയും മൂന്ന് മാസം ശേഷിക്കെ, കുടിവെള്ളക്ഷാമവും വേനല്‍ക്കാല രോഗങ്ങളും ഭീഷണിയായി മുന്നിലുണ്ട്.
അന്തരീക്ഷത്തില്‍ ഊഷ്മാവ് വര്‍ധിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയായി കണക്കാക്കുന്നു. അതിരാവിലെ തണുപ്പും പിന്നീട് ചൂട് കൂടുന്നതും ജലനിരപ്പ് അതിവേഗം താഴുന്നതിനിടയാക്കുന്നു. കഴിഞ്ഞവര്‍ഷം നല്ല മഴ ലഭിച്ചത് ഭൂഗര്‍ഭജലത്തിന്റെ അളവ് കൂടാനിടയാക്കി. എന്നാല്‍ ഇടമഴ ലഭിക്കാത്തതിനാല്‍ ജലനിരപ്പില്‍ കുറവ് വരുത്തി. കൃഷിക്ക് മലമ്പുഴ ഡാമില്‍നിന്ന് മൂന്ന് മാസം വെള്ളം തുറന്നുവിട്ടത് വയലുകള്‍ ജലസമൃദ്ധമാക്കിയിരുന്നു.
കഴിഞ്ഞ 24ന് വെള്ളം നിര്‍ത്തിയതോടെ വയലുകളും തോടുകളും വറ്റിവരളാനിടയാക്കി. അതോടെ കിഴക്കന്‍ മേഖലയില്‍ ചൂടും കൂടി. ഇത് കുടിവെള്ള ക്ഷാമത്തിനും വഴിവച്ചു. പറമ്പിക്കളും – ആളിയാര്‍ കരാര്‍ പ്രകാരമുള്ള വെള്ളം തമിഴ്‌നാട് നല്‍കാത്തതും ചിറ്റൂര്‍ മേഖലയില്‍ ജലക്ഷാമത്തിനിടയാക്കി. കഴിഞ്ഞദിവസം വെള്ളം നല്‍കുന്നത് തമിഴ്‌നാട് നിര്‍ത്തിയതോടെ അയ്യായിരത്തോളം ഹെക്ടറില്‍ നെല്‍കൃഷി ഉണക്കുഭീഷണിയിലാണ്.
ഓരോ ജലവര്‍ഷവും 7.5 ടി എം സി വെള്ളം നല്‍കേണ്ട തമിഴ്‌നാട് ഇതുവരെയായി 5.25 ടി എം സി മാത്രമാണ് നല്‍കിയത്. ജില്ലയില്‍ ചൂടിന്റെ കാഠിന്യം വര്‍ധിച്ചതോടെ സൂര്യാഘാതവും റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. ഏതാനും ദിവസം മുമ്പ് ചിറ്റൂരില്‍ സൂര്യാതാപത്തെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് പൊള്ളലേറ്റു.
പകര്‍ച്ച വ്യാധിയും പടരുകയാണ്. ചിക്കന്‍പോക്‌സടക്കമുള്ളവ ജില്ലയില്‍ പടര്‍ന്ന് പിടിക്കുകയാണ്. ഒരുമാസത്തിനിടെ രണ്ട് പേര്‍ ചിക്കന്‍പോക്‌സ് ബാധിച്ച് മരിച്ചു. ഇനി വേനല്‍ചൂട് കനക്കുന്നതോടെ ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുമെന്നാണ് സൂചന.