സൈനിക ക്യാമ്പില്‍ സംഭവിക്കുന്നത്

Posted on: March 3, 2014 6:00 am | Last updated: March 3, 2014 at 12:59 am
SHARE

SIRAJ.......ജമ്മുകാശ്മീരിലെ സൈനിക ക്യാമ്പില്‍ അഞ്ച് സഹപ്രവര്‍ത്തകരെ വെടിവച്ചു കൊന്ന ശേഷം സൈനികന്‍ സ്വയം ജീവനൊടുക്കിയത് രാജ്യം ഏറെ അഭിമാനിക്കുകയും ആശ്വാസം കൊള്ളുകയും ചെയ്യുന്ന സൈനിക മേഖലയെ കുറിച്ച് ഗുരുതരമായ ആലോചനകള്‍ക്ക് വഴി വെക്കുന്നുണ്ട്. ജമ്മുവിലെ ഗന്തര്‍ബാല്‍ ജില്ലയിലെ സൈനിക ക്യാമ്പിലാണ് കഴിഞ്ഞ ദിവസം സൈന്യത്തെ ഒന്നാകെ ഞെട്ടിച്ച സംഭവം നടന്നത്. രാഷ്ട്രീയ റൈഫിള്‍സ് പതിമൂന്നാം ബറ്റാലിയന്റെ സഫാപോറ ക്യാമ്പിലെ സൈനികനാണ് സഹപ്രവര്‍ത്തകര്‍ക്ക് നേരെ തുരുതുരാ വെടിയുതിര്‍ത്തത്.

രാത്രി കാവലിന് നിയോഗിക്കപ്പെട്ട ജവാന്‍ പുലര്‍ച്ചെ രണ്ട് മണിയോടെ ബാരക്കുകളിലൊന്നില്‍ കയറി തലങ്ങും വിലങ്ങും നിറയൊഴിക്കുകയായിരുന്നു. സൈനികര്‍ നല്ല ഉറക്കത്തില്‍ ആയിരുന്നതിനാല്‍ പ്രത്യാക്രമണം നടത്താനോ അക്രമിയെ കീഴ്‌പ്പെടുത്താനോ കഴിഞ്ഞില്ല. വെടിയേറ്റവര്‍ തത്ക്ഷണം മരിച്ചു. സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് സൈന്യം ഉത്തരവിട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ തിടുക്കപ്പെട്ട് നടക്കുന്ന അന്വേഷണങ്ങളുടെ ഗതി എന്തായെന്ന് പുറംലോകം അറിയാറില്ല. സൈനികരുടെ മനോവീര്യം പോലുള്ള താരതമ്യേന നിസ്സാരമായ കാര്യങ്ങള്‍ ഉയര്‍ത്തി ഗുരുതരമായ പ്രശ്‌നങ്ങള്‍ മൂടിവെക്കുകയാണ് സൈനിക നേതൃത്വവും അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയ നേതൃത്വവും ചെയ്യാറുള്ളത്. ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുവെന്നതാണ് ഇതിന്റെ ആത്യന്തിക ഫലം.

ജമ്മു കാശ്മീര്‍ മേഖലയിലെ സൈനികര്‍ക്കിടയിലാണ് ഇത്തരം പ്രവണതകള്‍ വര്‍ധിച്ച തോതില്‍ കാണപ്പെടുന്നത്. സൈനികരുടെ വിശ്രമമില്ലാത്ത ജോലിയും കടുത്ത നിയന്ത്രണങ്ങളും ഇവയേല്‍പ്പിക്കുന്ന സമ്മര്‍ദങ്ങളുമാണ് വെടിവെപ്പ് പോലുള്ള സംഭവങ്ങളുടെ അടിസ്ഥാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സൈനികര്‍ക്ക് കുടുംബാംഗങ്ങളെ കാണാന്‍ നാട്ടിലേക്ക് പോകുന്നതിനും മറ്റുമുള്ള നിയന്ത്രണങ്ങളും മാനസിക പിരിമുറക്കത്തിന് കാരണമാകുന്നു. 2001 മുതല്‍ ഓരോ വര്‍ഷവും നൂറ് സൈനികര്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് കണക്ക്. സൈനിക നടപടികള്‍ക്കിടെ കൊല്ലപ്പെടുന്നതിനേക്കാളേറെ പേര്‍ ഇത്തരത്തില്‍ കൊല്ലപ്പെടുന്നുണ്ടെന്ന് മറ്റൊരു കണക്ക് സൂചിപ്പിക്കുന്നു. ഈ കണക്കുകള്‍ പെരുപ്പിച്ച് കാണിക്കുന്നതാണെന്ന് ചൂണ്ടിക്കാണിക്കുമ്പോഴും സൈനികര്‍ക്കിടയിലെ ആത്മഹത്യാ പ്രവണതയും സഹപ്രവര്‍ത്തകരോടുള്ള അസിഹ്ഷണുതയും ആശങ്കാജനകമാണെന്ന് സൈനിക നേതൃത്വം സമ്മതിച്ചിട്ടുണ്ട്.

സൈന്യത്തിലെ ശ്രേണീ ക്രമങ്ങളും അവയുടെ കാര്‍ക്കശ്യവും സൈനികര്‍ക്ക് മേല്‍ ഏല്‍പ്പിക്കുന്ന ആഘാതം വളരെ വലുതാണ്. അച്ചടക്കത്തിന്റെ പേരില്‍ നടക്കുന്ന ഇത്തരം തട്ടുതട്ടാക്കല്‍ പ്രക്രിയ നിതാന്തമായ അതൃപ്തിയാണ് പലപ്പോഴും സൃഷ്ടിക്കാറുള്ളത്. ഉന്നത ശ്രേണിയില്‍ ഇരിക്കുന്നവര്‍ക്ക് അപകടകരമായ ഉത്കൃഷ്ടതാ ബോധവും താഴെ തട്ടിലുള്ളവര്‍ക്ക് അങ്ങേയറ്റത്തെ അധമ ബോധവും ഉണ്ടാകുന്നു. പാലിക്കാനാകാത്ത ഉത്തരവുകളും അവ ലംഘിച്ചാലുള്ള ശിക്ഷകളും സാധാരണ സൈനികനെ തളര്‍ത്തുന്നു. ഏറ്റവും ഉന്നത ശ്രേണിയിലുള്ളവരൊഴിച്ച് മറ്റെല്ലാവരും അതൃപ്തരാണ്. ഈ സംവിധാനങ്ങള്‍ക്ക് മാനുഷിക മുഖം നഷ്ടപ്പെടുന്നുവെന്നതാണ് പ്രശ്‌നം. രണ്ട് വര്‍ഷം മുമ്പ് തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയായ കരസേനാംഗം അരുണ്‍, ജമ്മു കാശ്മീരിലെ സാംബയിലെ 16 കാവല്‍റി യൂനിറ്റില്‍ വെടിയേറ്റ് മരിച്ചപ്പോള്‍ ഈ പ്രശ്‌നം രാജ്യത്തിന്റെ സജീവ ശ്രദ്ധയിലേക്ക് വന്നിരുന്നു. അന്ന് സൈനിക ഓഫീസര്‍മാര്‍ക്കെതിരെ ക്യാമ്പില്‍ കലാപം തന്നെ നടന്നു. ഈ വിഭാഗീയതയുടെ കാരണം തേടി ഫലപ്രദമായ അന്വേഷണം നടന്നിട്ടേയില്ല.

സൈനികരെ ഉപയോഗിക്കുന്ന മുന്നണികളില്‍ പലപ്പോഴും ബോധ്യപ്പെടായ്ക മുഴച്ചു നില്‍ക്കാറുണ്ട്. തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ച് സൈനികരെ യുദ്ധമുന്നണികളിലേക്ക് വലിച്ചിഴച്ചതിന് ഇന്ത്യ- പാക് ചരിത്രത്തില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. തങ്ങള്‍ വെറും കരുക്കള്‍ മാത്രമാണെന്ന തിരിച്ചറിവ് സൈനികന്‍ എന്ന മനുഷ്യനെ കൂടുതല്‍ അന്തര്‍മുഖനും പ്രകോപിതനുമാക്കുന്നു. തക്കം കിട്ടുമ്പോള്‍ അവന്‍ സ്വന്തം സഹപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമാസക്തനാകുന്നു. ഇറാഖിലെയും അഫ്ഗാനിലെയും അമേരിക്കന്‍ സൈനികര്‍ക്കിടയിലെ ആത്മഹത്യാ പ്രവണത സംബന്ധിച്ച പഠനങ്ങള്‍ ഈ ദുരവസ്ഥ കൃത്യമായി അടയാളപ്പെടുത്തിയിരുന്നു. ഇതേ അളവിലല്ലെങ്കിലും സൈനികന്‍, മനുഷ്യന്‍ എന്നിങ്ങനെയുള്ള വ്യക്തിത്വങ്ങള്‍ ഇന്ത്യന്‍ സൈനികര്‍ക്കിടയിലും ഏറ്റുമുട്ടുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ദേശീയ വികാരം ജ്വലിപ്പിച്ച് നിര്‍ത്താന്‍ സൈനികരെ അപദാനങ്ങള്‍ കൊണ്ട് മൂടുന്നതിനും അവര്‍ക്ക് പ്രത്യേക അധികാരം നല്‍കി സാധാരണ പൗരന്‍മാരുടെ ശത്രുപക്ഷത്ത് നിര്‍ത്തുന്നതിനും പകരം സൈന്യത്തിലെ മനുഷ്യരുടെ യഥാര്‍ഥ പ്രശ്‌നങ്ങളിലേക്ക് ആത്മാര്‍ഥമായി ഇറങ്ങിച്ചെല്ലുകയാണ് പാളയത്തില്‍ പടകളും സ്വയംഹത്യകളും അവസാനിപ്പിക്കാന്‍ അടിയന്തരമായി ചെയ്യേണ്ടത്.