ടി ആര്‍ എസ് നിര്‍ണായക യോഗം ഇന്ന്

Posted on: March 3, 2014 6:00 am | Last updated: March 4, 2014 at 12:11 am

thelunkanaന്യൂഡല്‍ഹി: തെലങ്കാനാ രാഷ്ട്ര സമിതി (ടി ആര്‍ എസ്) കോണ്‍ഗ്രസില്‍ ലയിക്കുന്നത് സംബന്ധിച്ച് അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ ഇന്ന് നിര്‍ണായക യോഗം. ടി ആര്‍ എസ് പോളിറ്റ് ബ്യൂറോയുടെയും എം എല്‍ എമാരുടെയും സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളുടെയും യോഗം ഇന്ന് ഹൈദരാബാദില്‍ നടക്കും. കോണ്‍ഗ്രസില്‍ ലയിക്കുകയാണോ സഖ്യത്തിലേര്‍പ്പെടുകയാണോ വേണ്ടതെന്ന് യോഗത്തില്‍ തീരുമാനിക്കും.

തങ്ങള്‍ നിര്‍ദേശിച്ച പ്രകാരം പ്രത്യേക തെലങ്കാന സംസ്ഥാനം നിലവില്‍ വന്നാല്‍ കോണ്‍ഗ്രസില്‍ ലയിക്കുമെന്ന് ടി ആര്‍ എസ് പ്രസിഡന്റ് കെ ചന്ദ്രശേഖര്‍ റാവു നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ തീരുമാനത്തിന് കാക്കാതെ നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരുന്നതാണ് ടി ആര്‍ എസ് നേതൃത്വത്തെ കുഴക്കുന്നത്. പാര്‍ട്ടി എം എല്‍ എ. എ ജി അരവിന്ദ് റെഡ്ഢിയും പുറത്താക്കപ്പെട്ട എം പി വിജയശാന്തിയും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. ലയനത്തിന് തയ്യാറായ പാര്‍ട്ടിയില്‍ നിന്ന് കാലേക്കൂട്ടി നേതാക്കളെ അടര്‍ത്തുകയാണ് കോണ്‍ഗ്രസെന്ന് ടി ആര്‍ എസ് കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ ഇന്നത്തെ യോഗത്തിന്റെ തീരുമാനം നിര്‍ണായകമാകും.