Connect with us

Editorial

ജനവിശ്വാസം ആവര്‍ത്തിച്ച് ഉറപ്പിച്ച് മുന്നോട്ട്

Published

|

Last Updated

വിദ്യാഭ്യാസ വായ്പയെടുത്ത് തിരിച്ചടവിന് പ്രയാസപ്പെടുന്നവരെ സഹായിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നിത്യേനയെന്നോണം നടപടികള്‍ പ്രഖ്യാപിക്കുമ്പോഴാണ്, ഇതിന്റെയൊന്നും ഗുണഭോക്താവാകാന്‍ കഴിയാതെ പാവങ്ങള്‍ ജപ്തിനടപടികളും ജയില്‍ ശിക്ഷയും അഭിമുഖീകരിക്കേണ്ടിവരുന്നത്. നാദാപുരത്ത് വിലങ്ങാട് മലയങ്ങാട് നാഗത്തിങ്കല്‍ ജോസഫെന്ന 82കാരന്‍ ജയില്‍വാസം അനുഭവിക്കുന്നത് ഇതിന് ഉദാഹരണമാണ്. മകളുടെ വിദ്യാഭ്യാസ ആവശ്യത്തിലേക്കാണ് ജോസഫ് വായ്പയെടുത്തത്. ഇതോടൊപ്പം ചേര്‍ത്ത് വായിക്കാവുന്നതാണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ നടക്കുന്ന മറ്റൊരു കേസും കൂട്ടവും. പ്രതിസ്ഥാനത്ത് സഹാറ ഗ്രൂപ്പെന്ന ബിസിനസ് സാമ്രാജ്യത്തിന്റെ തലവനായ സുബ്രതോ റോയി. ഹാജരാകാന്‍ ഉത്തരവ് നല്‍കിയിട്ടും ഹാജരാകാതിരുന്ന സുബ്രതോക്കെതിരെ സുപ്രീം കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. നിയമത്തിനും നിയമപാലകര്‍ക്കും മുന്നില്‍ രണ്ട് ദിവസം ഒളിച്ചുകളി നടത്തിയ അദ്ദേഹം ഒടുവില്‍ പോലീസിന് കീഴടങ്ങി. ജയില്‍വാസം അനുഭവിക്കാതിരിക്കാന്‍ അതിപ്രഗത്ഭനായ അഭിഭാഷകനെവെച്ച് നിയമപോരാട്ടം നടത്തിയിട്ടും രക്ഷയില്ലാതെ വന്നപ്പോഴാണ് ഫെബ്രുവരി 28ന് സുബ്രതോ കീഴടങ്ങിയത്. ഇപ്പോള്‍ മാര്‍ച്ച് നാല് വരെ വനം വകുപ്പിന്റെ ഗസ്റ്റ് ഹൗസില്‍ പോലീസ് കസ്റ്റഡിയിലാണ്.

പൊതുജനങ്ങളില്‍നിന്നും അനധികൃതമായി നിക്ഷേപ സമാഹരണം നടത്തിയെന്നതാണ് സഹാറ ഗ്രൂപ്പ് മേധാവിക്കെതിരായ കേസ്. മൂന്ന് കോടിയിലേറെ നിക്ഷേപകരില്‍ നിന്ന് സഹാറയുടെ സഹോദര സ്ഥാപനങ്ങളായ സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പറേഷനും (എസ് ഐ ആര്‍ ഇ സി), സഹാറ ഹൗസിംഗ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷനു(എസ് എച്ച് ഐ സി)മാണ് 24,000കോടി രൂപ അനധികൃതമായി സമാഹരിച്ചത്. ഇത് സംബന്ധിച്ച കേസ് വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ 2012 ആഗസ്റ്റില്‍ സുപ്രീം കോടതി വിധി പറഞ്ഞു. അനധികൃതമായി സമാഹരിച്ച 24,000 കോടി രൂപ നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കാനായിരുന്നു വിധി. ഇത് കൊടുത്ത് തീര്‍ക്കേണ്ട രീതിയും സമയവും കോടതി നിശ്ചയിച്ചു. പക്ഷേ, സഹാറ ഇതുവരെ വിധി പൂര്‍ണമായും നടപ്പാക്കിയില്ല. മഹാഭൂരിപക്ഷം നിക്ഷേപകര്‍ക്കും തുക തിരിച്ചു നല്‍കിയെന്ന് സഹാറ അവകാശപ്പെടുമ്പോള്‍ കോടിക്കണക്കിന് രൂപ ഇനിയും തിരിച്ച് നല്‍കിയിട്ടില്ലെന്നാണ് നിക്ഷേപകരുടെയും, പണം വിതരണം ചെയ്യാന്‍ കോടതി നിയോഗിച്ച “സെബി”യുടെയും വാദം. 2012 ആഗസ്തില്‍ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കിയെടുക്കാന്‍ പരമോന്നത കോടതിക്ക് പോലും കഴിയുന്നില്ലെന്നത് രാജ്യത്തിന് തന്നെ നാണക്കേടാണ്. നിയമനടപടികള്‍ തന്നെയാണ് സഹാറ ഇതിനായി പ്രയോഗിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 20ന് സുപ്രീം കോടതിയില്‍ ഹാജരാകണമെന്ന ഉത്തരവ് മാനിക്കാത്തതിനാണ് സുബ്രതോക്കെതിരെ ഫെബ്രുവരി 26ന് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഇത് പിന്‍വലിച്ച് കിട്ടുമെന്ന പ്രതീക്ഷയില്‍ അദ്ദേഹം രണ്ട് ദിവസം ഒളിവില്‍ പോയി. പക്ഷേ, കോടതി വഴങ്ങുന്ന പ്രശ്‌നമില്ലെന്ന് വ്യക്തമായ സൂചന ലഭിച്ചതോടെയാണ് അദ്ദേഹം പോലീസിന് കീഴടങ്ങിയത്. മരണാസന്നയായി രോഗശയ്യയില്‍ കഴിയുന്ന മാതാവിന് സമീപത്തായിരുന്നതിനാലാണ് സുപ്രീം കോടതിയില്‍ ഹാജരാകാതിരുന്നതെന്ന് സുബ്രതോയുടെ അഭിഭാഷകന്‍ വാദിച്ചു നോക്കിയെങ്കിലും കോടതി വഴങ്ങിയില്ല. തുടര്‍ന്നാണ് കീഴടങ്ങലും പോലീസ് കസ്റ്റഡിയില്‍ വിടലുമുണ്ടായത്. നിയമത്തിന് മുന്നില്‍ സര്‍വരും സമന്മാരെന്ന ആപ്തവാക്യം ഇവിടെ പാലിക്കപ്പെട്ടുവെന്നത് കോടതിയിലുള്ള ജനവിശ്വാസം ഊട്ടിയുറപ്പിക്കാന്‍ പോന്നതാണ്.
സമാന രീതിയില്‍ കോടികള്‍ തട്ടിയെടുത്ത മറ്റൊരു കേസും ഇക്കാലയളവില്‍ ജനശ്രദ്ധ പിടിച്ചുപറ്റി. ശാരദാ ഗ്രൂപ്പെന്ന കമ്പനി ചിട്ടി കുംഭകോണത്തിലൂടെ അനധികൃത പണമിടപാട് നടത്തിയെന്നാണ് കേസ്. പശ്ചിമബംഗാളും ഒഡീഷയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും കേന്ദ്രീകരിച്ചായിരുന്നു കുംഭകോണം. ഈ തട്ടിപ്പിനെ തുടര്‍ന്ന് ശാരദാ ഗ്രൂപ്പിന്റെ 35.4 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടരേറ്റ് (ഇ ഡി) കണ്ടുകെട്ടി. ബേങ്കിംഗ് സംവിധാനം തീരെ കുറവായ ഗ്രാമീണ മേഖലയിലായിരുന്നു തട്ടിപ്പ് ഏറെയും. ചിട്ടികള്‍ നടത്തി വന്‍തുകകള്‍ വെട്ടിക്കലായിരുന്ന ശാരദ ഗ്രൂപ്പിന്റെ പരിപാടി. ഗ്രാമീണര്‍ക്ക് കോടികള്‍തന്നെ നഷ്ടമായി. ചിട്ടി നടത്തിപ്പിനും പണം പിരിവിനും നിയോഗിക്കപ്പെട്ടിരുന്ന പതിനായിരത്തിലേറെ ജീവനക്കാരും വഞ്ചിക്കപ്പെട്ടു. കമ്പനിയുടെ ചെയര്‍മാന്‍ സുധീപ്ത് സെന്നിനെ ഒരു കൊല്‍ക്കത്ത കോടതി മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. തന്റെ കമ്പനി ചിട്ടി നടത്തുന്ന കാര്യം തനിക്കറിയില്ലെന്നാണ് കമ്പനി ചെയര്‍മാന്റെ വാദം. കാലാകാലങ്ങളില്‍ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളേയും രാഷ്ട്രീയ നേതാക്കളേയും മറപിടിച്ചായിരുന്നു ശാരദാ ഗ്രൂപ്പിന്റെ ബിസിനസ്. കോടതി ഉത്തരവുകള്‍ നിയമ നടപടികളിലൂടെ തന്നെ ഇത്തരക്കാര്‍ ദുര്‍ബലമാക്കുന്നു. പക്ഷേ, മകളുടെ വിദ്യാഭ്യാസത്തിനായി വായ്പയെടുത്ത് തിരിച്ചടവിന് പ്രയാസപ്പെടുന്ന ജോസഫെന്ന വന്ദ്യവയോധികന് നിയമ നടപടികളെ നേരിടാന്‍ ആരും സഹായത്തിനില്ല. നിയമവും നിയമപാലകരും അടക്കം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇവര്‍ക്ക് നേരെ കണ്ണടക്കുകയാണ് പതിവ്. പണവും പേശിബലവുമുണ്ടെങ്കില്‍ നാട്ടില്‍ എന്തുമാകാമെന്ന അവസ്ഥ നമ്മുടെ ജനാധിപത്യ സംവിധാനത്തിന് തീരാത്ത കളങ്കമാണ്.

Latest