കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത 10 ശതമാനം വര്‍ധിപ്പിച്ചു

Posted on: February 28, 2014 2:23 pm | Last updated: March 1, 2014 at 7:21 am

india governmentന്യൂഡല്‍ഹി: കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരുടെ ക്ഷാമബത്ത 100 ശതമാനമായി വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. 90 ശതമാനായിരുന്ന ക്ഷാമബത്ത പത്ത് ശതമാനം വര്‍ധിപ്പിക്കാനാണ് ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗ് തീരുമാനമെടുത്തത്. 50 ലക്ഷത്തില്‍പ്പരം ജീവനക്കാര്‍ക്കും 30 ലക്ഷത്തോളം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് വരിക്കാരുടെ കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ ആയിരം രൂപയാക്കാനും മന്ത്രിസഭ തീരുമാനിച്ചു.

ആന്ധ്രാപ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനും തീരുമാനമായി. തെലുങ്കാന പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ശ്രീ കിരണ്‍കുമാര്‍ റെഡ്ഢി രാജിവെച്ച സാഹചര്യത്തിലാണ് തീരുമാനം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ ചെലവ് പരിധി 70 ലക്ഷം രൂപയാക്കും. നിലവില്‍ 40 ലക്ഷം രൂപയാണ് ചെലവ് പരിധി നിര്‍ണയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുസംബന്ധിച്ച് നല്‍കിയ ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു.