പോളിയോ രഹിത ഇന്ത്യക്കായി മിശ്രയുടെ മുച്ചക്ര സന്ദേശയാത്ര

Posted on: February 28, 2014 9:10 am | Last updated: February 28, 2014 at 9:10 am

വേങ്ങര: അരക്ക് താഴെ സ്വാധീനമില്ലാത്തതിന്റെ അനുഭവം മറ്റാര്‍ക്കുമുണ്ടാകരുതെന്ന സന്ദേശവുമായി പോളിയോ രഹിത ഇന്ത്യക്കായ് ഒഡീഷയുടെ മുച്ചക്ര ജൈത്രയാത്ര. ഒഡീഷയിലെ പുരി സ്വദേശിയായ അരവിന്ദ്കുമാര്‍ മിശ്ര(38)യാണ് കൈ കൊണ്ട് തിരിക്കുന്ന മുച്ചക്ര വാഹനത്തില്‍ ഇന്ത്യ ചുറ്റുന്നത്. ചെറുപ്പത്തില്‍ പോളിയോ ബാധിച്ച് അരക്കുതാഴെസ്വാധീനം നഷ്ടമായി. ഇതോടെ ചക്രവണ്ടിയുടെ സഹായത്തോടെയാണ് എത്തിപ്പെടുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള മുഴുവന്‍ ജില്ലകളിലേയും പ്രധാന കേന്ദ്രങ്ങളിലും എത്തിപ്പെടുന്നുണ്ട്. 2009 ഡിസംബറില്‍ ഒറീസയില്‍ നിന്നാരംഭിച്ച യാത്ര ചത്തീസ്ഗഢ്, ഒറീസ, ആന്ധ്രാപ്രദേശ്, ഗോവ, തമിഴ്‌നാട്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ പര്യടനം പൂര്‍ത്തീകരിച്ചാണ് കേരളത്തിലെത്തിയത്. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലെ പര്യടനം ഇതിനകം പൂര്‍ത്തിയാക്കി. ശേഷിക്കുന്ന ജില്ലകളിലെ പര്യടന ശേഷം കര്‍ണാടകയിലേക്ക് പ്രവേശിക്കും. ഓരോ സംസ്ഥാനങ്ങളിലുമെത്തുമ്പോള്‍ ചീഫ് സെക്രട്ടറിയില്‍ നിന്നും കത്ത് വാങ്ങി ജില്ലാ കലക്ടര്‍മാരുമായി ബന്ധപ്പെട്ടാണ് യാത്ര സുഗമമാക്കുന്നത്. ഓരോ പട്ടണങ്ങളിലുമെത്തുമ്പോള്‍ പോലീസ്, ആരോഗ്യവകുപ്പ് എന്നിവരുടെ സഹായവും തേടാറുണ്ട്. കേന്ദ്രങ്ങളില്‍ ജനം കൂടിനില്‍ക്കുന്ന ഭാഗങ്ങളിലെത്തിയാല്‍ മുച്ചക്രവണ്ടി നിര്‍ത്തി പോളിയോ രോഗത്തിന്റെ ഗൗരവവും തന്റെ അനുഭവവും വിവരിക്കും. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ മിശ്ര ബോധവത്കരണം നടത്തുന്നത് ഹിന്ദിയിലാണ്. ഓരോ സ്ഥലത്തെത്തിയാലും ഹിന്ദി അറിയാവുന്ന ഒരു പ്രാദേശിക ഭിക്ഷക്കാരനെ കൂടെ കൂട്ടി തര്‍ജമയും ചെയ്യിക്കും. ഓരോ ദേശത്തും തന്റെ അറിവും ബോധനവും കഴിഞ്ഞാല്‍ മിശ്രയുടെ മുച്ചക്രവണ്ടി വീണ്ടും തിരിയുകയാണ് കുണ്ടും ചെളിയും നിറഞ്ഞ പാതയിലൂടെ.