കോച്ച് ഫാക്ടറി യഥാര്‍ഥ്യമാക്കുന്നതിന് കോണ്‍ഗ്രസ് രാഷ്ട്രീയ തീരുമാനമെടുക്കണം: പി കെ ബിജു എം പി

Posted on: February 28, 2014 8:41 am | Last updated: February 28, 2014 at 8:41 am

പാലക്കാട്: കോച്ച് ഫാക്ടറി യഥാര്‍ഥ്യമാക്കുന്നതിന് കോണ്‍ഗ്രസ് രാഷ്ട്രീയതീരുമാനം എടുക്കണമെന്ന് പി കെ ബിജു എം പി ആവശ്യപ്പെട്ടു. പാലക്കാട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച് വോട്ടിന് മുമ്പ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോച്ച് ഫാക്ടറിക്കായി ഇടതുപക്ഷ എം പി മാര്‍ പ്രധാനമന്ത്രിയെ കണ്ട് വിവരം ധരിപ്പിച്ചിട്ടുണ്ട്. റെയില്‍വേ മല്ലികാജ്ജുന ഗാര്‍ഗയെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയപ്പോഴും കോച്ച് ഫാക്ടറി ഉടനെയുണ്ടാകുമെന്നാണ് ഉറപ്പ് നല്‍കിയത്. ഏതാനും ദിവസം മുമ്പ് റെയില്‍വേ ചെയര്‍മാനുമായി ചര്‍ച്ച നടത്തിയപ്പോള്‍ റെയില്‍വേ പദ്ധതികള്‍ക്ക് തുക വെട്ടിക്കുറച്ച് കൊണ്ടിരിക്കുകയാണെന്നും അത് കൊണ്ട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ മുതല്‍മുടക്കാന്‍ കഴിയില്ല.
സ്വകാര്യപങ്കാളിത്തത്തോടെ മാത്രമേ കോച്ച് ഫാക്ടറി വരാന്‍ സാധ്യമാകുകയുള്ളൂവെന്നാണ്. അതേ സമയം കേരളത്തിനുവദിച്ച് സമയത്ത് നല്‍കിയ സോണിയഗാന്ധിയുടെ മണ്ഡലം റായ്‌ബേലിയില്‍ കോച്ച് ഫാക്ടറി പ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ സംസ്ഥാനത്തിന് ലഭിച്ച കോച്ച് ഫാക്ടറി ശിലാസ്ഥാപനത്തില്‍മാത്രമായിരിക്കുകയാണ്. ഇതിനെതിരെ കേന്ദ്രത്തിലുള്ള കേരളത്തിലെ മന്ത്രിമാരോ, സംസ്ഥാന സക്കാറോ പ്രതികരിക്കുന്നില്ലെന്ന് പോലുമില്ല. രാഷ്ട്രീയ തീരുമാനം കോണ്‍ഗ്രസ് എടുത്താല്‍ മാത്രം മതി കോച്ച് ഫാക്ടറിയുടെ നിര്‍മാണ പ്രവര്‍ത്തനം ത്വരിതപ്പെടുത്താമെന്നും അവരതിന് തയ്യാറാകാത്തില്‍ അങ്ങേയറ്റം പ്രതിഷേധമുണ്ട്.
ഇടതുപക്ഷം സംസ്ഥാനംഭരിക്കുമ്പോള്‍ കോച്ച് ഫാക്ടറിക്ക് വേണ്ട സ്ഥലം റെയില്‍വേ ആവശ്യപ്പെട്ടതനുസരിച്ച് നല്‍കിയെങ്കിലും ഇതിന് ശേഷം വന്ന യു ഡി എഫ് സര്‍ക്കാര്‍ തുടര്‍ പ്രവര്‍ത്തനമൊന്നും കോച്ച് ഫാക്ടറിക്ക് വേണ്ടി ചെയ്തിട്ടില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ റെയില്‍വേ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടത്തുമ്പോള്‍ കേരളത്തിന് തികഞ്ഞ അവഗണനയാണ് നേരിടേണ്ടി വരുന്നത്.
കേന്ദ്രത്തിലും കേരളത്തിലും ഒരു കക്ഷി തന്നെ ഭരിച്ചിട്ടും ഒന്നും ലഭിച്ചില്ലെങ്കില്‍ ഭരണം മാറിയാല്‍ സ്ഥിതി വിശേഷം ഊഹിക്കാവുന്നതേയുള്ളൂ. കോച്ച് ഫാക്ടറിക്കായി സെയില്‍ വന്നാലും കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുത്താല്‍ മാത്രമേ യഥാര്‍ഥ്യമാകുകയുള്ളൂ.
ഇക്കാര്യത്തില്‍ എം ബി രാജേഷും എന്‍ എന്‍ കൃഷ്ണദാസും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് തന്റെ കാര്യം മാത്രമേ പറയാന്‍ കഴിയുള്ളുവെന്നും വിവാദത്തിനില്ലെന്നും അദ്ദേഹം കുട്ടിചേര്‍ത്തു. കേന്ദ്രത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് എട്ട് മന്ത്രിമാരുണ്ടായിട്ടും കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ പ്രതികരിക്കുന്നപോലുമില്ല. ഈ സഹാചര്യത്തില്‍ ഇടതുപക്ഷമാണോഭരണപക്ഷമാണോ കോച്ച് ഫാക്ടറിക്ക് തടസ്സം നില്‍ക്കുന്നതെന്ന് ജനം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷം സംസ്ഥാനംഭരിക്കുമ്പോള്‍ മെട്രോറെയില്‍ പദ്ധതിക്ക് കേന്ദ്രം തടസ്സവാദമുന്നയിച്ചു. എന്നാല്‍ യു ഡി എഫ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ യഥാര്‍ഥ്യമാകുകയും ചെയ്തു. ഇങ്ങനെയൊരു സാഹചര്യത്തില്‍ കോച്ച് ഫാക്ടറിക്ക് വേണ്ടി മാത്രം കോണ്‍ഗ്രസ് ഇടതുപക്ഷ എം പി മാരെ കുറ്റപ്പെടുത്തുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.
ജില്ലയുടെ വികസനത്തിന് എം പിയെന്നനിലയില്‍ നല്ലപ്രവര്‍ത്തനമാണ് കാഴ്ചവെച്ചിരിക്കുന്നത്. തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതെ കിടന്നിരുനന മണ്ണുത്തി- വാളയാര്‍ ദേശീയപാത നന്നാക്കുന്നതിന് ലോകസഭയില്‍ മാത്രമല്ല കേന്ദ്രമന്ത്രി ഓസ്‌കര്‍ ഫെര്‍ണ്ണാണ്ടസിനെ നേരിട്ട് കണ്ട് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാണപ്രവര്‍ത്തനം തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതയുടെ വികസനത്തിനായി 617 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
റെയില്‍വേ വികസനത്തിനും സാധ്യമായതെല്ലാം ചെയ്തിട്ടുണ്ട്. തൃശൂര്‍- എറണാകുളം മെമ്മു സര്‍വീസ് പാലക്കാട്ടേക്ക് നീട്ടുന്നതിനും തൃശൂര്‍- കൊല്ലങ്കോട് റെയില്‍വേ സര്‍വേ പൂര്‍ത്തിയാക്കുന്നതിനുള്ള തുക ബജറ്റില്‍ അനുവദിക്കുന്നതിനും വടക്കഞ്ചേരിയില്‍ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം തുടങ്ങിയതും പൊള്ളാച്ചി- പാലക്കാട് ഗേജ് മാറ്റപ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ എം പിയെന്ന നിലയില്‍ സാധ്യമാക്കിയിട്ടുണ്ട്.
ഗ്രാമീണറോഡുകള്‍ക്കും അന്തര്‍ജില്ല റോഡുകള്‍ക്കും കേന്ദ്രസഹായം ലഭ്യമാക്കാനും കഴിഞ്ഞു. വിദ്യാഭ്യാസ മേഖലക്ക് 372.55 ലക്ഷം രൂപ. ആരോഗ്യമേഖലയില്‍ 191.42 ലക്ഷം രൂപ, പ്രധാനപ്പെട്ട കുടിവെള്ളപദ്ധതികള്‍ക്കായി 544.99 ലക്ഷം രൂപ, വിദ്യാഭ്യാസ മേഖലക്ക് 372,55 ലക്ഷം രൂപ തുടങ്ങി നിരവധി പദ്ധതികള്‍ എം പിയെന്ന നിലയില്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജയകൃഷ്ണന്‍ നരിക്കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി ആര്‍ ദിനേശ് നന്ദിയും പറഞ്ഞു.