Connect with us

International

ഉക്രൈന്‍ മേഖലാ പാര്‍ലിമെന്റ് റഷ്യന്‍ അനുകൂലികള്‍ പിടിച്ചെടുത്തു

Published

|

Last Updated

കീവ്: ഉക്രൈന്‍ അതിര്‍ത്തിയില്‍ കനത്ത സൈനിക നീക്കം നടത്തിയ റഷ്യന്‍ നടപടിക്ക് പിന്നാലെ ഉക്രൈനിലെ പ്രാദേശിക പാര്‍ലിമെന്റ് മന്ദിരം റഷ്യന്‍ അനുകൂല പ്രക്ഷോഭകാരികള്‍ പിടിച്ചെടുത്തു. ക്രിമിയയിലെ റീജിന്യല്‍ പാര്‍ലിമെന്റിന്റെ നിയന്ത്രണം പിടിച്ചെടുത്തതായി പ്രക്ഷോഭകാരികള്‍ അറിയിച്ചു. പാര്‍ലിമെന്റ് കെട്ടിടത്തിന് മുകളില്‍ ഉക്രൈന്‍ പതാകയോടൊപ്പം റഷ്യയുടെ ദേശീയ പതാകയും ഉയര്‍ത്തിയിട്ടുണ്ട്.

കനത്ത പോലീസ് വലയം ഭേദിച്ചാണ് പ്രക്ഷോഭകര്‍ പാര്‍ലിമെന്റ് വളപ്പില്‍ കയറിയതെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. ഉക്രൈന്‍ താത്കാലിക പ്രസിഡന്റ് അലക്‌സാണ്ടര്‍ തുര്‍ക്കിനോവ് റഷ്യയുടെ ഇടപെടലിനെതിരെ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് നടപടി.
സെവാസ്റ്റോപോളില്‍ റഷ്യന്‍ നാവിക സേനാ സാന്നിധ്യം ആശങ്കയുയര്‍ത്തുന്നതായി അദ്ദേഹം പറഞ്ഞു. ചാവുകടലിലെ അതിര്‍ത്തി റഷ്യ ലംഘിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റഷ്യക്കാര്‍ ഭൂരിപക്ഷമുള്ള ക്രിമിയ മേഖലയില്‍ നിന്ന് കഴിഞ്ഞ ദിവസം സായുധരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സ്മിഫെറോപോളിലെ സര്‍ക്കാര്‍ കെട്ടിടങ്ങളിലും റഷ്യന്‍ പതാക ഉയര്‍ത്തിയിട്ടുണ്ട്. റഷ്യന്‍ സേന അതിര്‍ത്തി ലംഘിക്കില്ലെന്നും അവര്‍ പ്രക്ഷോഭകരെ സഹായിക്കില്ലെന്നുമാണ് വിശ്വസിക്കുന്നതെന്ന് ഉക്രൈന്‍ പ്രധാനമന്ത്രി ആഴ്‌സെനി യാത്‌സെനിയുക് പറഞ്ഞു. ഉക്രൈന്‍ പരമാധികാര രാജ്യമാണെന്നും ഉക്രൈനെ ഭിന്നിപ്പിക്കാനുള്ള ഏതൊരു നീക്കവും ചെറുത്ത് തോല്‍പിക്കുമെന്നും അത്തരക്കാരെ ശിക്ഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതിനിടെ റഷ്യയുടെ അതിര്‍ത്തിയില്‍ റഷ്യന്‍ സേന സൈനിക അഭ്യാസം തുടങ്ങി. റഷ്യന്‍ ഫൈറ്റര്‍ ജറ്റുകള്‍ പറക്കുന്നതായി ദൃസാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

സൈനിക നീക്കത്തിന് തയ്യാറാകാന്‍ അതിര്‍ത്തിയിലെ കരസേന, വ്യോമസേന വിഭാഗങ്ങള്‍ക്ക് പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിര്‍ത്തിയില്‍ സൈനിക അഭ്യാസം നടത്തണമെന്നും ഏത് സമയത്തും സൈനിക നടപടിക്ക് സജ്ജമാകണമെന്നും പുടിന്‍ നിര്‍ദേശിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഉക്രൈനില്‍ റഷ്യയുടെ പിന്തുണയുള്ള പ്രസിഡന്റ് യാനുക്കോവിച്ചിനെ അട്ടിമറിയിലൂടെ പുറത്താക്കിയതിനെതിരെ റഷ്യ ശക്തമായ പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് സൈനിക നടപടിക്കുള്ള ശ്രമം എന്നത് ശ്രദ്ധേയമാണ്. യൂറോപ്യന്‍ യൂനിയന്റെയും പാശ്ചാത്യ ശക്തികളുടെയും പിന്തുണയുള്ള പ്രക്ഷോഭകര്‍ കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാറിനെ അട്ടിമറിച്ചത്.
ക്രിമിയയില്‍ യാനുക്കോവിച്ച് പക്ഷക്കാരും റഷ്യന്‍ വിരുദ്ധരും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ നടന്നിരുന്നു.ക്രിമിയയിലെ യാനുക്കോവിച്ച് അനുയായികളുടെ പ്രക്ഷോഭം ശക്തമായി അടിച്ചമര്‍ത്താനാണ് ഇടക്കാല ഭരണ നേതാക്കളുടെ തീരുമാനം.