ഈഴവ പ്രസിഡന്റിനെ നായര്‍ പ്രമാണി സ്വീകരിക്കുകയോ?

Posted on: February 28, 2014 6:00 am | Last updated: February 27, 2014 at 11:03 pm

sukumaran nair and sudheeranകേരളത്തിലെ വിവിധ ജാതി വിഭാഗങ്ങള്‍ക്ക് അവരെ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന സംഘടനകള്‍കൊണ്ട് എന്താണ് പ്രയോജനം. എണ്ണം കൊണ്ടും സമ്പത്ത് കൊണ്ടും തീര്‍ത്തും ദുര്‍ബലമായ ചില വിഭാഗങ്ങളുടെ പരാധീനതകളും പരാതികളും ഉന്നയിക്കുന്നതിനൊരു വേദിയായി ചില സംഘടനകളെങ്കിലും നിലവിലുണ്ട് എന്നത് സമ്മതിക്കാം. സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന ധര്‍ണയില്‍ അവസാനിക്കുന്നതാണ് അവയുടെ പരമാവധി മുന്നേറ്റം. ചില നിയമസഭാ മണ്ഡലങ്ങളിലെങ്കിലും വിജയം നിര്‍ണയിക്കുന്നതിലൊരു ഘടകമാണെന്നതില്‍ ആ മണ്ഡലത്തിലെ ജനപ്രതിനിധി ഇവരുടെ പരാതികള്‍ ഏറ്റെടുത്ത് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കാറുമുണ്ട്. ഇത്തരം സംഘടനകളുടെ നേതൃതലത്തിലുള്ളവരെ ഏതെങ്കിലും പാര്‍ട്ടികളുടെ നേതാക്കളോ മന്ത്രിമാരോ അങ്ങോട്ടുപോയി കണ്ടതായി ചരിത്രമില്ല. അത്തരത്തിലൊരു കാഴ്ച സംസ്ഥാനത്താകെയുള്ള വോട്ട് രാഷ്ട്രീയത്തില്‍ വലിയ മാറ്റമുണ്ടാക്കില്ലെന്ന് വ്യക്തമായി അറിയാവുന്നതുകൊണ്ടാണ് സന്ദര്‍ശനങ്ങളുടെ ചരിത്രം രചിക്കപ്പെടാതെ പോകുന്നത്. ഒരു പാര്‍ലിമെന്റ് മണ്ഡലത്തിലെ വിജയം നിര്‍ണയിക്കാനുള്ള ത്രാണിയെങ്കിലുമുണ്ടെങ്കിലേ, നേതാക്കളുടെയും മന്ത്രിമാരുടെയും സന്ദര്‍ശനാനുമതി വേഗത്തില്‍ ലഭിക്കുകയെങ്കിലും ചെയ്യൂ. ഉമ്മന്‍ ചാണ്ടി മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ തിരുവനന്തപുരം ജില്ലയിലെ നാടാര്‍ വിഭാഗം സമ്മര്‍ദമുയര്‍ത്തിയതും അന്ന് നാടാര്‍ വിഭാഗവുമായി ചര്‍ച്ചകള്‍ നടത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറായതും ശക്തന്‍ നാടാരുടെ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലൂടെ അതിന് പ്രതിഫലം ലഭിച്ചതും തെളിവായ് പറയാം.

ഇത്തരമൊരു അവസ്ഥയില്‍ നിന്ന് വേണം എണ്ണം കൊണ്ടോ വണ്ണം കൊണ്ടോ സമ്പത്തു കൊണ്ടോ അവകാശപ്പെടുന്ന വരേണ്യതകൊണ്ടോ വലിയ സംഘടനകളായി മാറിയ എസ് എന്‍ ഡി പി, എന്‍ എസ് എസ് തുടങ്ങിയ സംഘടനകളെയും അവയുടെ നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളെയും അതിനെ വിലവെക്കാന്‍ തയ്യാറാകുന്ന രാഷ്ട്രീയ നേതൃത്വത്തെയും വിലയിരുത്താന്‍. സമുദായ പരിഷ്‌കരണമായിരുന്നു ഈ സംഘടനകളുടെയൊക്കെ രൂപവത്കരണോദ്ദേശ്യം. അതില്‍ വലിയ സംഭാവനകള്‍ നല്‍കാന്‍ അവക്ക് സാധിച്ചിട്ടുമുണ്ട്. ക്രിസ്തീയ സഭകള്‍ മിഷനറി പ്രവര്‍ത്തനത്തിന്റെ ഭാഗമായാണെങ്കില്‍ക്കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും സ്ഥാപിച്ച് സമൂഹത്തിന്റെ താഴേത്തട്ടിലുള്ള ജനങ്ങളെ സേവിക്കാന്‍ തയ്യാറായത് ജാതി സംഘടനകള്‍ മാതൃകയാക്കിയിരുന്നു. ഹിന്ദു മതത്തിനുള്ളില്‍ നിലനിന്നിരുന്ന തീണ്ടലിന്റെയും തൊടീലിന്റെയും പ്രത്യക്ഷ രൂപങ്ങളെങ്കിലും അവസാനിപ്പിക്കുന്നതിനുള്ള യത്‌നത്തിലും വലിയ സംഭാവനകള്‍ ഇവക്ക് നല്‍കാനായി. ഇല്ലത്തെ കാര്യസ്ഥവും വലിയ തിരുമേനിമാരുടെ സംബന്ധവുമായി കഴിഞ്ഞ് കൂടിയിരുന്ന സമുദായത്തിന് വ്യക്തിത്വം സ്ഥാപിച്ച് നല്‍കുന്നതില്‍ എന്‍ എസ് നേതൃത്വം വഹിച്ച പങ്ക് ചെറുതല്ല താനും. പക്ഷേ, ഇതെല്ലാം ആനപ്പുറത്തിരുന്നതിന്റെ തഴമ്പ് മാത്രമാണ് ഇന്ന്.

പുതിയ കാലഘട്ടത്തില്‍ സമുദായത്തിന്റെ എന്ത് പ്രശ്‌നങ്ങളാണ് ഈ സംഘടനകള്‍ അഭിമുഖീകരിക്കുന്നത്? അല്ലെങ്കില്‍ സംഘടനകളും അവരുടെ നേതൃത്വവും അഭിമുഖീകരിക്കേണ്ട പ്രശ്‌നങ്ങളോ പരാധീനതകളോ ഈ സമുദായങ്ങള്‍ നേരിടുന്നുണ്ടോ? ഈ സംഘടനകള്‍, നിലവില്‍ പിന്തുടരുന്ന സമ്മര്‍ദ രീതി കൂടാതെ തന്നെ സമുദായങ്ങളെ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വം അഭിസംബോധന ചെയ്യുന്നില്ലേ? കാല്‍ നൂറ്റാണ്ടിനിടെ, എസ് എന്‍ ഡി പി യോഗ നേതൃത്വം സജീവമായി ഇടപെട്ട ഏക പ്രശ്‌നം പി എസ് സി നിയമനങ്ങളിലെ ക്രമക്കേട് മൂലം സംവരണ സമുദായങ്ങള്‍ക്ക് നഷ്ടപ്പെട്ട തൊഴിലവസരങ്ങള്‍ തിരികെക്കിട്ടുക എന്നതായിരുന്നു. അവസരനഷ്ടമുണ്ടായ ഇതര സമുദായങ്ങളെ കൂടെ നിര്‍ത്തി, സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താനും ജസ്റ്റിസ് നരേന്ദ്രന്റെ നേതൃത്വത്തിലൊരു കമ്മീഷനെ നിയോഗിപ്പിച്ച് വസ്തുതകള്‍ കണ്ടെത്താനും സാധിച്ചു. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ബാക്ക് ലോഗ് നികത്തപ്പെട്ടില്ലെങ്കിലും ഭാവിയില്‍ അവസരനഷ്ടമുണ്ടാകാതിരിക്കാന്‍ പാകത്തിലൊരു സംവിധാനം ഏര്‍പ്പെടുത്തപ്പെട്ടു. ഈ പ്രക്ഷോഭത്തിന്റെ നേതൃനിരയില്‍ എസ് എന്‍ ഡി പിയുണ്ടായിരുന്നുവെങ്കിലും പരിഹാരമാര്‍ഗങ്ങളുണ്ടാക്കുന്നതില്‍ വിജയമുണ്ടാകാന്‍ കാരണം കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ നടത്തിയ സമ്മര്‍ദമായിരുന്നുവെന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസ്സിലാകും.
എന്‍ എസ് എസ്സിന്റെ കാര്യമെടുത്താലും സംവരണവിഷയത്തിലുള്ള ഇടപെടല്‍ മാത്രമാണ്, ആ സമുദായത്തെ സംബന്ധിച്ച്, കാല്‍ നൂറ്റാണ്ടിനിടയിലെ ഏക സംഭാവന എന്ന് പറയേണ്ടിവരും. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതിന് പിന്നാലെ, സംവരണ വിഭാഗങ്ങളില്‍ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ ആനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും അതിന് വേണ്ടി നടന്ന വ്യവഹാരങ്ങളില്‍ പങ്കാളികളാകുകയും അനുകൂല ഉത്തരവ് നേടിയെടുക്കുകയും ചെയ്തു എന്‍ എസ് എസ് നേതൃത്വം. പിന്നീട് രണ്ട് കുറി പരീക്ഷിച്ച് പരാജയപ്പെട്ട നായരീഴവ ഐക്യത്തിന്റെ കാലത്തും സംവരണ കാര്യത്തില്‍ ഈ സംഘടനകള്‍ ഭിന്നാഭിപ്രായം നിലനിര്‍ത്തിയിരുന്നു.

രണ്ട് സംഘടനകള്‍ക്കും പൊതുവായുള്ള താത്പര്യത്തില്‍ മുഖ്യം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. അതില്‍ എയിഡഡ് വിഭാഗത്തില്‍പ്പെടുന്നവ, സര്‍ക്കാര്‍ ശമ്പളമുള്ളതിനാല്‍ പ്രയാസമേതും കൂടാതെ നടന്ന് പോകും. പൊതുഭരണവും അധ്യാപക – അനധ്യാപക നിയമനത്തിലെ കോഴ പിരിക്കലും മാത്രമാണ് സംഘടനകള്‍ക്കുള്ള ജോലി. സ്വാശ്രയമാണെങ്കില്‍ (അതില്‍ എന്‍ എസ് എസ് അല്‍പ്പം പിന്നാക്കമാണ്) സര്‍വ സീമകളും ലഘിച്ച ലേലം വിളിയായതിനാല്‍, പൊന്‍മുട്ടയിടുന്ന താറാവായി അല്‍പ്പകാലം കൂടി നിലനില്‍ക്കും. അവിടെ പണമാണ് അവസരം നിശ്ചയിക്കുക, സ്വസമുദായാംഗമെന്നത് അതിന് പിറകിലേ വരൂ. കുറി, സ്വാശ്രയ സംഘങ്ങള്‍ വഴി നടത്തപ്പെടുന്ന മൈക്രോ ഫിനാന്‍സ് സംരംഭം എന്നിവയൊക്കെയാണ് ഇതര സേവന മേഖലകള്‍. അതൊക്കെ ചില സ്വാംശീകരണങ്ങള്‍ മാത്രമാണ്. ഏതെങ്കിലും സംഘടനകളുടെ പ്രേരണയാലോ മുന്‍കൈയാലോ അല്ലല്ലോ മലബാറിലെ ഭൂരിഭാഗം മേഖലകളിയും പണപ്പയറ്റിന്റെ രൂപത്തില്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ മൈക്രോ ഫിനാന്‍സ് സംരംഭങ്ങളുണ്ടായത്. അതിനെ അന്നും ഇന്നും ആരും മൈക്രോ ഫിനാന്‍സ് എന്ന ഓമനപ്പേരിട്ട് വിളിച്ചിട്ടില്ല എന്ന് മാത്രം.

വര്‍ഷാവര്‍ഷം ബജറ്റവതരിപ്പിച്ച് പാസ്സാക്കുക, മന്നം ജയന്തി ആഘോഷിക്കുകയും മന്നം സമാധി ആചരിക്കുകയും ചെയ്യുക എന്നിവയിലേക്ക് കാര്യപരിപാടി ചുരുങ്ങിയ അവസ്ഥയിലാണ് എന്‍ എസ് എസ്. ശ്രീനാരായണ ഗുരു ജയന്തി ആഘോഷവും സമാധി ആചരണവും, ശിവഗരി തീര്‍ഥാടന നടത്തിപ്പിലെ പങ്കാളിത്തം എന്നിവയില്‍ ഏറെക്കുറെ അവസാനിക്കുന്നു എസ് എന്‍ ഡി പിയുടെ കാര്യപരിപാടിയും. പിന്നീടുള്ളത് രാഷ്ട്രീയ പാര്‍ട്ടികളുടെ മാതൃകയില്‍ സംഘടിപ്പിക്കപ്പെടുന്ന സമ്മേളനങ്ങളും അവയില്‍ ആവര്‍ത്തിക്കുന്ന കരുത്തിന്റെ പ്രഖ്യാപനവും മാത്രമാണ്. താലമേന്തുന്ന വനിതാ രത്‌നങ്ങളും ബഹുവര്‍ണക്കുടകളും (എസ് എന്‍ ഡി പിയുടെ കാര്യത്തില്‍ പീതവര്‍ണക്കുടകള്‍ക്ക് മുന്‍തൂക്കമുണ്ടാകും) കാണികള്‍ക്ക് സമ്മാനിക്കുന്നത് കൗതുകമാണോ ആചാരങ്ങളുടെ ആവര്‍ത്തനമുണ്ടാക്കുന്ന വെറുപ്പാണോ എന്നതില്‍ മാത്രമേ തര്‍ക്കമുള്ളൂ. ഇങ്ങനെ നിഷ്‌ക്രിയവും ഭാവനാശൂന്യവുമാകുന്ന സംഘടനകള്‍ക്കും അവയെ നിലനിര്‍ത്തേണ്ടത് സ്വന്തം നിലനില്‍പ്പിന് അനിവാര്യമാണെന്ന് തിരിച്ചറിയുന്ന നേതാക്കള്‍ക്കും അര്‍ഹിക്കുന്നതിലുമധികം വലുപ്പമുണ്ടെന്ന് അവകാശപ്പെടുകയും അത് നേടിയെടുക്കാന്‍ വേണ്ടി നാടകങ്ങള്‍ സൃഷ്ടിക്കുകയും മാത്രമേ നിവൃത്തിയുള്ളൂ. അതിലൊന്നാണ് അടുത്തിടെ പെരുന്നയില്‍ കണ്ടത്. അതിന്റെ തന്നെ മറ്റ് രംഗങ്ങളാണ് നായരീഴവ ഐക്യ സ്ഥാപനവും പിന്നീടുള്ള വേര്‍പിരിയല്‍ പ്രഖ്യാപനങ്ങളും (ഭിന്നകാലങ്ങളില്‍).

ഇത്തരം പ്രഹസനങ്ങളിലൂടെ, ഗോലിയാത്തുകളെന്ന് അവകാശപ്പെടാന്‍ സുകുമാരന്‍ നായര്‍, വെള്ളാപ്പള്ളി നടേശന്‍ ആദിയായവര്‍ക്ക് അവസരം നല്‍കുന്നതില്‍ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, വിശിഷ്യ കോണ്‍ഗ്രസ് നല്‍കിയ സംഭാവനകള്‍ ചെറുതല്ലാത്തതാണ്. എന്‍ എസ് എസ്, എസ് എന്‍ ഡി പി നേതാക്കളെ അങ്ങോട്ട് ചെന്ന് വണങ്ങുന്നതില്‍ നിന്ന് പ്രായേണ വിട്ടുനില്‍ക്കുന്നുണ്ട് ഇടത് മുന്നണിക്ക് നേതൃത്വം നല്‍കുന്ന സി പി എമ്മിന്റെ നേതാക്കളെങ്കിലും (എല്ലാ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന സന്ദര്‍ശനങ്ങളെ ഒഴിവാക്കി നിര്‍ത്തുന്നു, അതിലെ അനാവശ്യവും അയുക്തിയും ഓര്‍മിച്ചുകൊണ്ടുതന്നെ) ഇതര മത വിഭാഗങ്ങളുടെ നേതൃത്വത്തോട് സ്വീകരിക്കുന്ന ഭിന്ന സമീപനം, തങ്ങളെ വന്ന് കണ്ടില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന ഭീഷണിയുയര്‍ത്താന്‍ എന്‍ എസ് എസ്, എസ് എന്‍ ഡി പി നേതൃത്വങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരായ സമരത്തിന്റെ പേരില്‍ താമരശ്ശേരി രൂപതാ ബിഷപ്പിനെ മുന്‍കൂര്‍ അനുമതി വാങ്ങിക്കണ്ട പിണറായി വിജയന്‍, ഏതാണ്ട് സമാന നിലപാട് സ്വീകരിച്ച എസ് എന്‍ ഡി പിയുടെ മലനാട് മേഖലാ നേതാക്കളെ കാണാന്‍ ആലോചിച്ചിട്ട് പോലുമുണ്ടാകില്ല.

വിവിധ വിഷയങ്ങളില്‍ ദീര്‍ഘദൃഷ്ടിയോടെയുള്ള നയനിലപാടുകള്‍ സ്വീകരിക്കുകയും അതിന്റെ ന്യായയുക്തി ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ വിജയം നേടുകയും ചെയ്യേണ്ട രാഷ്ട്രീയ പാര്‍ട്ടികള്‍, തിരഞ്ഞെടുപ്പ് വിജയത്തിന് എളുപ്പവഴിയിലുള്ള ക്രിയയായി സമുദായബന്ധത്തെ കാണുന്നത് കൊണ്ടുകൂടിയാണ് കെ പി സി സി പ്രസിഡന്റ് വരുമ്പോള്‍ മുറിയടച്ചിരിക്കാനുള്ള ധാര്‍ഷ്ട്യം സുകുമാരന്‍ നായരെപ്പോലുള്ളവര്‍ക്കുണ്ടാകുന്നത്. കെ പി സി സിയുടെ പ്രസിഡന്റല്ല, എ ഐ സി സിയുടെ പ്രതിനിധി നേരിട്ട് വന്ന് സംസാരിക്കാന്‍ പാകത്തില്‍ വലുപ്പമുണ്ട് തങ്ങള്‍ക്ക് എന്ന മിഥ്യാബോധം സുകുമാരന്‍ നായര്‍ക്ക് സൃഷ്ടിച്ച് നല്‍കുന്നതില്‍ വലിയ പങ്ക് ഇപ്പോള്‍ അപമാനിതനായ സുധീരന്റെ പൂര്‍വസൂരികള്‍ക്കുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് എ ഐ സി സിയുടെ പ്രതിനിധിയായ വിലാസ് റാവു ദേശ്മുഖിനെ എന്‍ എസ് എസ് ആസ്ഥാനത്തേക്ക് ആനയിച്ച് ചര്‍ച്ച നടത്തിയത് ചെറിയ ഉദാരഹണം മാത്രം. സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കുന്നവരാകരുത് കോണ്‍ഗ്രസ് നേതാക്കളെന്ന് ഇപ്പോള്‍ ഗീര്‍വാണം മുഴക്കുന്ന നേതാക്കളും താമസം വിനാ പൂര്‍വസൂരികളുടെ കാലടികളെപ്പിന്തുടരുന്നത് കാണേണ്ടിവരുമോ എന്നതില്‍ മാത്രമേ സംശയമുള്ളൂ.

സമുദായ നേതാക്കള്‍ക്ക് നല്‍കുന്ന അമിത പ്രാധാന്യത്തെക്കുറിച്ച് മുന്‍കാലങ്ങളില്‍ വാതോരാതെ സംസാരിച്ചിരുന്ന വി എം സുധീരന്‍, കെ പി സി സി പ്രസിഡന്റായി ദിവസങ്ങള്‍ക്കുള്ളില്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനക്ക് പോയത് ‘ആചാര്യനോ’ടുള്ള ബഹുമാനസൂചകം മാത്രമാണെന്ന് ധരിപ്പാന്‍ അന്നാഹാരം കഴിപ്പവര്‍ക്ക് (വി എസ് അച്യുതാനന്ദനോടും മുല്ലപ്പള്ളി രാമചന്ദ്രനോടും കടപ്പാട്) പ്രയാസമുണ്ടാകും. രമേശ് ചെന്നിത്തലക്ക് താക്കോല്‍ സ്ഥാനം ലഭിച്ചപ്പോള്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനം നായര്‍ സമുദായത്തിന് നഷ്ടമായെന്ന് കരുതുന്ന എന്‍ എസ് എസ് നേതൃത്വത്തെ, ഇതര സമുദായാംഗമാണെങ്കിലും എന്‍ എസ് എസ്സിനെയും മന്നത്തപ്പനെയുമൊക്കെ ആദരിക്കുന്നവനാണെന്ന് ബോധ്യപ്പെടുത്താന്‍ തന്നെയായിരുന്നു സുധീരശ്രമം. അതുവഴി സമദൂരബന്ധ പുനഃസ്ഥാപനവും. എന്തായാലും ഈഴവനായ കെ പി സി സി പ്രസിഡന്റിനെ കവാടത്തില്‍ വെച്ച് സ്വീകരിച്ച് ആഢ്യത്വത്തില്‍ കുറവ് വരുത്താന്‍ നായര്‍ പ്രമാണി തയ്യാറായില്ല. പരോക്ഷമായി നിലകൊള്ളുന്ന ജാതിത്വത്തെ ഇല്ലായ്മചെയ്യാനുള്ള പരിഷ്‌കരണമാണ് കാലങ്ങള്‍ക്ക് മുമ്പേ തുടങ്ങേണ്ടിയിരുന്നത്. അത്തരം ഭാവനകളില്ലാതായതു കൊണ്ടുകൂടിയാണ് എന്‍ എസ് എസ്സിന്റെ ജനറല്‍ സെക്രട്ടറിക്ക് ഈ ധാര്‍ഷ്ട്യമുണ്ടാകുന്നതും.

[email protected]