അജ്മാനില്‍ കവര്‍ച്ചക്കാരെ പോലീസ് വെടിവെച്ച് കീഴ്‌പ്പെടുത്തി

Posted on: February 27, 2014 6:21 pm | Last updated: February 27, 2014 at 6:21 pm
3877145545
ബ്രിഗേഡിയര്‍ അലി അബ്ദുല്ല അല്‍വാന്‍

അജ്മാന്‍: പട്ടാപ്പകല്‍ നടുറോഡില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കവര്‍ച്ച നടത്താന്‍ ശ്രമിച്ച ആഫ്രിക്കന്‍ സംഘത്തെ പോലീസ് അതിസാഹസികമായി കീഴ്‌പെടുത്തി. പോലീസിന് വെടിയുതിര്‍ക്കേണ്ടി വന്നതായി അജ്മാന്‍ പോലീസ് മേധാവി ബ്രിഗേഡിയര്‍ അലി അബ്ദുല്ല അല്‍വാന്‍ പറഞ്ഞു. ചൊവ്വ വൈകിട്ടാണ് കവര്‍ച്ചാ ശ്രമം നടന്നത്. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സംഭവ സ്ഥലത്തേക്ക് പോലീസ് കുതിച്ചു. അഞ്ചംഗങ്ങളാണ് കവര്‍ച്ച സംഘത്തിലുണ്ടായിരുന്നത്. പോലീസിനോട് ഏറ്റുമുട്ടാന്‍ ശ്രമിച്ചപ്പോഴാണ് വെടിയുതിര്‍ക്കേണ്ടി വന്നത്. സംഘാംഗങ്ങള്‍ ആയുധധാരികളായിരുന്നു.
കവര്‍ച്ച ലക്ഷ്യമാക്കി ഇവര്‍ കാര്‍ തടഞ്ഞു നിര്‍ത്തിയെന്നും കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും കവര്‍ച്ചക്കിരയായ ആള്‍ പറഞ്ഞു. ഇയാളെ പോലീസാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച സമാന സംഭവം അരങ്ങേറിയിരുന്നു. പണം കൊണ്ടു പോകുന്ന കാറാണ് ആക്രമിക്കപ്പെട്ടത്. സംഘാംഗങ്ങള്‍ പോലീസ് കസ്റ്റഡിയിലാണ്.