Connect with us

Malappuram

തൊഴിലേ ഉറപ്പുള്ളൂ; കൂലിയില്ല നല്‍കാനുള്ളത് 276 കോടി

Published

|

Last Updated

മലപ്പുറം: തൊഴിലുണ്ടാകുമെന്ന് നൂറ് ശതമാനം ഉറപ്പ്. പക്ഷേ, കൂലി ലഭിക്കുമെന്ന് ഒരു ഉറപ്പും വേണ്ട. സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികളാണ് ഈ അവസ്ഥ നേരിടുന്നത്. 18 ലക്ഷത്തോളം പേരാണ് തൊഴിലുറപ്പ് തൊഴിലാളികളായി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് കൂലിയായി ലഭിക്കേണ്ട 276 കോടിയില്‍പ്പരം രൂപ കുടിശ്ശികയായി കിടക്കുകയാണ്. പതിനാല് ജില്ലകളിലെയും തൊഴിലാളികള്‍ കഴിഞ്ഞ അഞ്ച് മാസമായി കൂലിയില്ലാതെയാണ് തൊഴിലെടുക്കുന്നത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ കുടിശ്ശികയുള്ളത്. 38.78 കോടി രൂപ.

മറ്റ് ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല. കോഴിക്കോട് (25.21 കോടി), ആലപ്പുഴ (27.47 കോടി), ഇടുക്കി (21.24 കോടി), മലപ്പുറം (18.90 കോടി), കൊല്ലം (18.47 കോടി), പാലക്കാട് (12.65 കോടി), വയനാട് (6.21 കോടി), എറണാകുളം (13.46 കോടി), തൃശൂര്‍ (13.33 കോടി), കണ്ണൂര്‍ (12.79 കോടി), കോട്ടയം (12.7 കോടി), പത്തനംതിട്ട (12.47 കോടി), കാസര്‍കോട് (8.43 കോടി) എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ കൂലി ഇനത്തില്‍ നല്‍കാനുള്ളത്. ആറ് ദിവസം തൊഴിലെടുത്താല്‍ ഏഴാമത്തെ ദിവസം കൂലി നല്‍കണമെന്ന് നിയമമുണ്ടെങ്കിലും മാസങ്ങളായിട്ടും കൂലിയില്ലാത്ത സാഹചര്യമാണുള്ളത്. കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ തുക സംസ്ഥാനത്തിന് ലഭ്യമാക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കിടയാക്കുന്നത്. വര്‍ഷത്തില്‍ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് കൂടുതലായി തൊഴില്‍ ലഭിക്കുന്നത്. നിലവില്‍ നല്‍കാനുള്ള കുടിശ്ശിക ഇനിയും വര്‍ധിച്ചാല്‍ 800 കോടി രൂപയായി ഉയരും. കൂലി ലഭിക്കാന്‍ 14 ദിവസത്തിലധികം വൈകിയാല്‍ കൂലിയോടൊപ്പം നഷ്ടപരിഹാരവും നല്‍കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും ഇതൊന്നും നടപ്പിലാകാറില്ല.
തൊഴിലെടുത്തതിന് കൂലി ലഭ്യമാക്കണമെന്ന് പലതവണ സര്‍ക്കാറിനോട് ആവശ്യപ്പെട്ടെങ്കിലും അനുകൂലമായ നടപടികളുണ്ടായിട്ടില്ലെന്ന് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വര്‍ക്കേഴ്‌സ് യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ പറഞ്ഞു.
2005ലാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. 180 രൂപയാണ് ഇപ്പോള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ കൂലി. ഇത് 212 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്.