സി പി എം ഇനി സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക്

Posted on: February 27, 2014 6:00 am | Last updated: February 27, 2014 at 1:02 am

cpmതിരുവനന്തപുരം: കേരള രക്ഷാ മാര്‍ച്ചിലൂടെ ലോക്‌സഭാതിരഞ്ഞെടുപ്പിന് അണികളെയും സജ്ജമാക്കിയ സി പി എം സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടക്കുന്നു. പിണറായി വിജയന്‍ നയിച്ച കേരള രക്ഷാമാര്‍ച്ച് കോഴിക്കോട് സമാപിച്ചതോടെ പാര്‍ട്ടി ഔദ്യോഗിക ചര്‍ച്ചകളിലേക്ക് കടക്കുകയാണ്. എല്‍ ഡി എഫ് യോഗം ചേര്‍ന്ന് ഔദ്യോഗികമായി സീറ്റ് വിഭജനം പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് സി പി എം തീരുമാനം. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി നാളെ പൊളിറ്റ് ബ്യൂറോ യോഗം ചേരുന്നുണ്ട്. മാര്‍ച്ച് ഒന്ന്, രണ്ട് തിയതികളിലായി കേന്ദ്ര കമ്മറ്റിയും ചേരും. ഇതിന് ശേഷമാണ് സംസ്ഥാന നേതൃയോഗങ്ങള്‍. നാല്, അഞ്ച് തിയതികളില്‍ സെക്രട്ടേറിയറ്റും ആറ്, ഏഴ് തിയതികളില്‍ സംസ്ഥാന കമ്മിറ്റിയും ചേരും. സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഈ യോഗങ്ങളില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

നാല് സീറ്റ് സി പി ഐക്കും ഒന്ന് കേരളാ കോണ്‍ഗ്രസ് ജോസഫിനുമാണ് കഴിഞ്ഞ തവണ നല്‍കിയത്. ബാക്കി സീറ്റുകളില്‍ സി പി എം സ്ഥാനാര്‍ഥികളും പൊന്നാനിയില്‍ പാര്‍ട്ടി സ്വതന്ത്രനും മത്സരിച്ചു. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ തന്നെ മത്സരിക്കാന്‍ സി പി ഐ സന്നദ്ധത അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍, വയനാട് സീറ്റുകളിലാണ് കഴിഞ്ഞ തവണ സി പി ഐ മത്സരിച്ചത്. വേണമെങ്കില്‍ വയനാട് വിട്ടുനല്‍കാമെന്നും പകരം ഇടുക്കി വേണമെന്നും സി പി എം നേതാക്കളുമായി നടത്തിയ ആശയവിനിമയത്തില്‍ സി പി ഐ വ്യക്തമാക്കിയിട്ടുണ്ട്. ഇടുക്കിയെ ചൊല്ലി യു ഡി എഫില്‍ നടക്കുന്ന തര്‍ക്കത്തിന്റെ ഗതിയെന്താകുമെന്ന് കാത്തിരിക്കുകയാണ് സി പി എം. കേരളാ കോണ്‍ഗ്രസിന് സീറ്റ് വിട്ടുനല്‍കിയില്ലെങ്കില്‍ ഇടത് സ്വതന്ത്രനായി ഫ്രാന്‍സിസ് ജോര്‍ജ് മത്സരിക്കുമെന്ന് അഭ്യൂഹമുണ്ട്.
കൊല്ലം സീറ്റ് വേണമെന്നാണ് ആര്‍ എസ് പിയുടെ ആവശ്യം. പോളിറ്റ്ബ്യൂറോ അംഗമായി ദേശീയ നേതൃത്വത്തിലെത്തി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എം എ ബേബിയെ കൊല്ലത്ത് മത്സരിപ്പിക്കാനാണ് സി പി എമ്മിന്റെ ആലോചന. ഈ സാഹചര്യത്തില്‍ ആര്‍ എസ് പിയുടെ ആവശ്യം അംഗീകരിക്കപ്പെടാന്‍ ഇടയില്ല. ഓരോ സീറ്റ് വേണമെന്ന ആവശ്യം എന്‍ സി പിയും ജനതാദള്‍ എസും ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും അംഗീകരിക്കില്ലെന്ന് ഉറപ്പാണ്.
സിറ്റിംഗ് സീറ്റുകളില്‍ നിലവിലുള്ള എം പിമാര്‍ക്ക് ഒരു അവസരം കൂടി നല്‍കാനാണ് സി പി എമ്മിലെ ധാരണ. കാസര്‍കോട് പി കരുണാകരനെ മാറ്റുന്ന കാര്യം ആലോചനയിലുണ്ട്. സിറ്റിംഗ് എം പിമാരായ എ സമ്പത്ത്, പി കെ ബിജു, എം ബി രാജേഷ് എന്നിവര്‍ക്ക് സീറ്റ് നല്‍കുമെന്ന് ഉറപ്പാണ്. ഇവരുടെ മണ്ഡലത്തില്‍ സജീവമാകാന്‍ മാസങ്ങള്‍ മുമ്പ് തന്നെ പാര്‍ട്ടി നിര്‍ദേശം നല്‍കിയിരുന്നു.
കേരളാ രക്ഷാ മാര്‍ച്ചിലൂടെ തിരഞ്ഞെടുപ്പിനുള്ള ഊര്‍ജം സംഭരിക്കാന്‍ കഴിഞ്ഞെന്നാണ് സി പി എം വിലയിരുത്തല്‍. 126 മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച മാര്‍ച്ചില്‍ സമകാലിക രാഷ്ട്രീയ പ്രശ്‌നങ്ങളെല്ലാം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞെന്ന് പാര്‍ട്ടി കരുതുന്നു. ഇത് വോട്ടായി മാറുമെന്നും തിരഞ്ഞെടുപ്പില്‍ ജനവിധി നിര്‍ണയിക്കാന്‍ സഹായിക്കുമെന്നുമാണ് വിലയിരുത്തല്‍. ടി പി ചന്ദ്രശേഖരന്‍ വധ കേസില്‍ സി ബി ഐ അന്വേഷണത്തെ പിന്തുണച്ച വി എസിനെതിരെ തിരഞ്ഞെടുപ്പിന് മുമ്പ് നടപടി വേണ്ടെന്നാണ് ധാരണ.