Connect with us

Ongoing News

സ്പീഡ് കേരളക്ക് അനുമതി

Published

|

Last Updated

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് കീഴില്‍ നടപ്പാക്കുന്ന സ്പീഡ് കേരളയിലെ പത്ത് സുപ്രധാനപദ്ധതികള്‍ക്ക് മന്ത്രിസഭായോഗം അനുമതി നല്‍കി. കൊച്ചി നഗരത്തിലെ മൂന്ന് ഫ്‌ളൈ ഓവറുകള്‍ ഉള്‍പ്പെടെ 1498.29 കോടി രൂപയുടേതാണ് പദ്ധതി. വായ്പ വഴിയാകും പദ്ധതിക്കാവശ്യമായ തുക കണ്ടെത്തുക. സസ്റ്റൈനബിള്‍ ആന്‍ഡ് പ്ലാന്‍ഡ് എഫര്‍ട്ട് ടു എന്‍ഷ്വര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ഡ് ഡവലപ്‌മെന്റ് (സ്പീഡ്) കേരള എന്ന പരിപാടിയില്‍ 23 പദ്ധതികളാണുള്ളത്. ആദ്യഘട്ടമായാണ് പത്ത് പദ്ധതികള്‍ക്ക് അനുമതി നല്‍കിയത്. വായ്പ വഴിയാണ് പണം കണ്ടെത്തുകയെങ്കിലും ടോള്‍ ഉണ്ടാകില്ല. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍, പൊതുമരാമത്ത് വകുപ്പിന്റെ ദേശീയപാത വിഭാഗം, കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങള്‍ക്കാണ് നിര്‍മാണ ചുമതല.

നാഷനല്‍ ഹൈവെ ബൈപാസില്‍ പാലാരിവട്ടം ഫ്‌ളൈഓവര്‍- 72.6 കോടി, എന്‍ എച്ച് 47 ബൈപാസില്‍ വൈറ്റില ജംഗ്ഷനില്‍ ഫ്‌ളൈഓവര്‍- 109 കോടി, എന്‍ എച്ച് 47 ബൈപാസില്‍ കുണ്ടന്നൂര്‍ ജംഗ്ഷനില്‍ ഫ്‌ളൈഓവര്‍- 80.2 കോടി, കൊല്ലം ബൈപാസ്- 267.16 കോടി, ആലപ്പുഴ ബൈപാസ്- 255.75 കോടി, കോഴിക്കോട് ബൈപാസ്- 145.5 കോടി, മലപ്പുറം ജില്ലയില്‍ എടപ്പാള്‍ ജംഗ്ഷനില്‍ ഫ്‌ളൈഓവര്‍- 21 കോടി, രാമപുരം, നാലമ്പലം ദര്‍ശനം റോഡ് – 67 കോടി, കഞ്ഞിക്കുഴി, വെട്ടത്തുകവല- കറുകച്ചാല്‍ റോഡ്- 67.26 കോടി, എറണാകുളം എയര്‍പോര്‍ട്ട് സീപോര്‍ട്ട് റോഡില്‍ ചക്കാരപ്പറമ്പ് ജംഗ്ഷനും ഇന്‍ഫോ പാര്‍ക്ക് ജംഗ്ഷനും തമ്മില്‍ ബന്ധിപ്പിക്കുന്ന എന്‍എച്ച് നാലുവരിപ്പാത നിര്‍മാണം- 412.82 കോടി എന്നിവയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പദ്ധതികള്‍. കേന്ദ്രസര്‍ക്കാറിന്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പുനരധിവാസ നിയമം 2013 ആയി ബന്ധപ്പെട്ട് സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റിയും വിദഗ്ധ സമിതിയും രൂപവത്കരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
നിയമങ്ങളും ഫോറങ്ങളും രൂപപ്പെടുത്തുന്നതിന് നിയമവകുപ്പില്‍ നിന്നും സ്‌പെഷ്യല്‍ സെക്രട്ടറി/ അഡീഷനല്‍ സെക്രട്ടറി പദത്തില്‍ വിരമിച്ച ഒരാള്‍, ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ നിന്നും റവന്യൂ വകുപ്പില്‍ നിന്നും വിരമിച്ചയാള്‍, ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച നിയമങ്ങളില്‍ പ്രാഗത്ഭ്യമുള്ള മുതിര്‍ന്ന വക്കീല്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് വിദഗ്ധ സമിതി.
ഈ സമിതി നല്‍കുന്ന ശിപാര്‍ശകള്‍ പരിശോധിച്ച് അന്തിമ ശിപാര്‍ശ ചെയ്യുന്നതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സംസ്ഥാന മേല്‍നോട്ട കമ്മിറ്റി രൂപവത്കരിക്കും.

 

Latest