സഞ്ജയ് ദത്തിന്റെ പരോള്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

Posted on: February 26, 2014 12:28 am | Last updated: February 26, 2014 at 12:28 am

sanjay dutന്യൂഡല്‍ഹി: നടന്‍ സഞ്ജയ് ദത്തിന് തുടര്‍ച്ചയായി പരോള്‍ നീട്ടി നല്‍കുന്നത് ചോദ്യം ചെയ്ത് ബോംബെ ഹൈക്കോടതി. 1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദത്തിന് നല്‍കിയ പരോള്‍ വിവേചനാധികാരം ഉപയോഗിച്ച് നിരന്തരം നീട്ടി നല്‍കുന്ന മഹാരാഷ്ട്രാ സര്‍ക്കാറിന്റെ നടപടി സ്വാഭാവിക നീതിക്ക് നിരക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. പരോള്‍ നീട്ടി നല്‍കുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. പരോള്‍ നീട്ടി നല്‍കിയതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാനും കോടതി ഉത്തരവിട്ടു.
ശിക്ഷിക്കപ്പെട്ടയാള്‍ സാധാരണക്കാരനാണെങ്കില്‍ സര്‍ക്കാര്‍ ഇത്തരം നീട്ടിനല്‍കലുകള്‍ക്ക് തയ്യാറാകുമോയെന്ന് കോടതി ചോദിച്ചു. സര്‍ക്കാറുകളുടെ പ്രത്യേക അധികാരം പ്രയോഗിക്കേണ്ടത് നീതിപൂര്‍വമായിരിക്കണം. വിവേചനത്തിന് ഇത് കാരണമാകരുതെന്നും കോടതി നിര്‍ദേശിച്ചു. മുംബൈ ബോംബ് സ്‌ഫോടന പരമ്പര കേസില്‍ ആറ് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട സഞ്ജയ് ദത്തിന് അനുവദിച്ച പരോളിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാറും മഹരാഷ്ട്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ദത്ത് നേരത്തേ 18 മാസം ശിക്ഷ അനുഭവിച്ചിരുന്നു.