വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച വിഘടിത അധ്യാപകനെതിരെ കേസ്

Posted on: February 25, 2014 12:06 pm | Last updated: February 25, 2014 at 5:10 pm

aboo-thahirഎടവണ്ണപ്പാറ: എസ് എസ് എഫ് പ്രവര്‍ത്തകനായ വിദ്യാര്‍ഥിയെ സംഘടാനാവിരോധം വെച്ച് ക്രൂരമായി മര്‍ദിച്ച വിഘടിത അധ്യാപകനെതിരെ പോലീസ് കേസെടുത്തു. ആക്കോട് വിരിപ്പാടം ഇസ്‌ലാമിക് സെന്റര്‍ പ്രിന്‍സിപ്പലും മഹല്ല് ഖത്തീബും ഇ കെ വിഭാഗം പ്രഭാഷകനുമായ ആബിദ് ഹുദവിക്കെതിരെയാണ് വാഴക്കാട് പോലീസ് കേസെടുത്തത്. വിരിപ്പാടം ഇസ്‌ലാമിക് സെന്ററിലെ വിദ്യാര്‍ഥിയും അനാഥനും നിര്‍ധന കുടുംബത്തിലെ അംഗവുമായ ആക്കോട് ചണ്ണയില്‍ പുത്തന്‍പീടിയേക്കല്‍ അബൂത്വാഹിറിനെ (19)യാണ് കഴിഞ്ഞ ദിവസം ഇയാള്‍ ക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് ശരീരമാസകലം മാരകമായി മുറിവേറ്റ അബൂത്വാഹിര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. നാഭിക്കേറ്റ ചവിട്ട് കാരണം വിദ്യാര്‍ഥിക്ക് മൂത്ര തടസമുണ്ടായതായി ബന്ധുക്കള്‍ പറഞ്ഞു.

hudaviബുധനാഴ്ച ക്ലാസില്‍ വന്നില്ലെന്ന് പറഞ്ഞാണ് കുട്ടിയെ ഇയാള്‍ ക്രൂരമായി മര്‍ദിച്ചത്. മറ്റുകുട്ടികളും ക്ലാസില്‍ ഹാജരാകാതിരുന്നിട്ടുണ്ടെങ്കിലും അവരെയാന്നും ശിക്ഷിച്ചിരുന്നില്ല. സംഘടനാ വിരോധമാണ് തന്നെ ആക്രമിക്കാന്‍ കാരണമെന്ന് അബൂത്വാഹിര്‍ പറയുന്നു. ക്ലാസില്‍ പതിവായി പണ്ഡിതന്മാരെ കളിയാക്കലും തെറിപറയലുമായിരുന്നുവത്രെ ഇയാളുടെ ഹോബി. അബൂത്വാഹിര്‍ ഉള്‍പ്പെടെയുള്ള സുന്നി വിദ്യാര്‍ഥികളെയും ഇയാള്‍ നിരന്തരം കളിയാക്കാറുണ്ടായിരുന്നുവത്രെ.

സംഭവത്തില്‍ പ്രതിഷേധിച്ച് സ്ഥാപനത്തിലേക്ക് നാട്ടുകാര്‍ ബഹുജന മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ആബിദ് ഹുദവിയുടെ പേരില്‍ കേസെടുക്കുമെന്ന എസ് ഐയുടെ ഉറപ്പിന്‍മേല്‍ ഇതില്‍ നിന്ന് പിന്‍മാറുകയായിരുന്നു. കൊണ്ടോട്ടി, ബ്ലോക്ക് പ്രസിഡന്റ്, പഞ്ചായത്ത് അംഗം എന്നിവരുടെ നേതൃത്വത്തില്‍ ചേളാരി, കൊണ്ടോട്ടി, വാവൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ആളുകളെ ഇറക്കി പ്രദേശത്ത് സംഘര്‍ഷത്തിനും ശ്രമിച്ചിരുന്നു. എസ് എസ് എഫ് ചണ്ണയില്‍ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയാണ് അബൂ ത്വാഹിര്‍.