Connect with us

Palakkad

അട്ടപ്പാടിയിലെ നവസാക്ഷരര്‍ നിരക്ഷരതയിലേക്ക് മടങ്ങുന്നതായി റിപ്പോര്‍ട്ട്

Published

|

Last Updated

പാലക്കാട്: അട്ടപ്പാടിയിലെ നവസാക്ഷരരായ ആദിവാസികള്‍ നിരക്ഷരതയിലേക്ക് മടങ്ങുന്നതായി റിപ്പോര്‍ട്ട്.
38 ശതമാനം ആദിവാസികളും നിരക്ഷരരാണെന്ന് കാണിക്കുന്ന റിപ്പോര്‍ട്ട് ഐ ടി ഡി പി ഓഫീസര്‍ പി വി രാധാകൃഷ്ണന്‍ പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ക്ക് അയച്ചിരിക്കുകയാണ്. അട്ടപ്പാടിയില്‍ 1990 മുതല്‍ തുടങ്ങിയ സാക്ഷരതാ വിദ്യാഭ്യാസവും 1992ലെ ആദിവാസി സാക്ഷരത, അഹാഡ്‌സിന്റെ നേതൃത്വത്തില്‍ നടന്ന പരിസ്ഥിതി സാക്ഷരത എന്നിവ വഴി സാക്ഷരതാനിരക്ക് 2008ല്‍ 62 ശതമാനമെത്തിയിരുന്നു. കിലയുടെ സംയുക്ത സര്‍വേ റിപ്പോര്‍ട്ട് ഇത് ശരിവെക്കുന്നു. എന്നാല്‍ ഈ പദ്ധതികളുടെ സ്ഥിരതയില്ലായ്മ സാക്ഷരത നേടിയവരെയും പിന്നോട്ടടിക്കുന്നതായാണ് പുതിയ കണ്ടെത്തല്‍.
ഔപചാരിക വിദ്യാഭ്യാസം നേടിയ ഭൂരിഭാഗം മുതിര്‍ന്നവരും പഠനം മുടങ്ങിയവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലുള്ള ഔപചാരിക വിദ്യാഭ്യാസ സംവിധാനങ്ങള്‍ ആദിവാസി മേഖലയില്‍ അടിസ്ഥാന വിദ്യാഭ്യാസം നേടുന്നതിന് പര്യാപ്തമല്ല. അഗളി പഞ്ചായത്തില്‍ 66 ശതമാനവും പുതൂര്‍ പഞ്ചായത്തില്‍ 54 ശതമാനവും ഷോളയൂര്‍ പഞ്ചായത്തില്‍ 60 ശതമാനവുമാണ് 2008ലെ കണക്കുപ്രകാരം പട്ടികവര്‍ഗ സമുദായത്തിലെ സാക്ഷരത. അട്ടപ്പാടിയിലെ പൊതുസമൂഹത്തില്‍ ഇത് 66.5 ശതമാനാണ്. പരിഹാരമായി ഓരോ ഊരുകളിലും സമൂഹ പഠനകേന്ദ്രങ്ങള്‍ തുടങ്ങി ആജീവന വിദ്യാഭ്യാസം നടപ്പാക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തുടര്‍പഠനത്തിനും തൊഴില്‍ പരിശീലനങ്ങള്‍ക്കും വിവര വിജ്ഞാന വിനിമയത്തിനും വേദിയൊരുക്കുക, ആദിവാസികളുടെ കലാ, കായിക സാംസ്‌കാരിക കഴിവുകള്‍ പരിപോഷിപ്പിക്കുക എന്നിവ സമൂഹ പഠനകേന്ദ്രങ്ങളിലൂടെ നടത്താനാകും. സംസ്ഥാന സാക്ഷരതാ മിഷന്റെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാനാകും. പദ്ധതി ആവശ്യത്തിലേക്ക് 1.31 കോടിയുടെ ബജറ്റാണ് ഐ ടി ഡി പി തയാറാക്കിയിട്ടുള്ളത്.

Latest