Connect with us

Editorial

വിദ്യാഭ്യാസ വായ്പയും പരാതികളും

Published

|

Last Updated

മകളുടെ പഠനാവശ്യാര്‍ഥം ബേങ്ക് വായപ എടുത്തതിന്റെ പേരില്‍ പിതാവ് അറസ്റ്റിലായ സംഭവം വിവാദമായിരിക്കയാണ്. വടകരക്ക് സമീപം വാണിമേല്‍ സ്വദേശിയായ എഴുപത്തഞ്ചുകാരനാണ് 2004ല്‍ ബേങ്കില്‍ നിന്നെടുത്ത ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപ തിരിച്ചടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജയിലിലായത്. ബേങ്ക് അധികൃതരും കോടതി ഉദ്യോഗസ്ഥനും അയാളുടെ വീട്ടിലെത്തി ഒപ്പിടാനെന്ന വ്യാജേന ബേങ്കിലേക്ക് കൂട്ടിക്കൊണ്ടു പോയാണ് ജയിലിലടച്ചത്. ജയില്‍മോചനത്തിന് പലിശയടക്കം മുന്ന് ലക്ഷത്തോളം രൂപ കോടതിയില്‍ അടക്കണമെന്നായിരുന്നു കുടുംബത്തിന് ബേങ്കില്‍ നിന്നുള്ള നിര്‍ദേശം. സംസ്ഥാന ന്യൂനപക്ഷ ചെയര്‍മാനും സ്ഥലം എം എല്‍ എയും രാഷ്ട്രീയ നേതാക്കളും പ്രശ്‌നത്തില്‍ ഇടപെടുകയും സംഭവത്തെക്കുറിച്ചു അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രസ്താവിക്കുകയുമുണ്ടായി.
വിദ്യാഭ്യാസ വായ്പയെടുക്കുന്നതിനും തിരിച്ചടവിനുമുള്ള നടപടികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ കൂടുതല്‍ ഉദാരമാക്കിക്കൊണ്ടിരിക്കെ, അത് അട്ടിമറിക്കാന്‍ ബേങ്കുകള്‍ ശ്രമിക്കുന്നുവെന്ന പരാതി വ്യാപകമാണ്. മൂന്ന് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ 2004 മുതല്‍ 2009 വരെ എടുത്ത വിദ്യാഭ്യാസ വായ്പകളുടെ പലിശ ഒഴിവാക്കുമെന്നും ജപ്തി നടപടികള്‍ മരവിപ്പിക്കുമെന്നും കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇക്കാലയളവിലെ വിദ്യാഭ്യാസ വായ്പകള്‍ക്ക് മൊറോട്ടോറിയം പ്രഖ്യാപിച്ചതായും ഇതുവഴി 2600 കോടിയുടെ വായ്പാ പലിശ എഴുതിത്തള്ളുമെന്നും കേന്ദ്ര ധനമന്ത്രി ചി ചിദംബരവും വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം ബേങ്ക് അധികൃതരുമായി ചര്‍ച്ച ചെയ്തു സമ്മതിപ്പിച്ചതുമാണ്. എന്നാല്‍ പലിശ സബ്‌സിഡിക്കുള്ള അപേക്ഷയുമായി എത്തുന്നവരെ ബേങ്ക് അധികൃതര്‍ വിവിധ കാരണങ്ങള്‍ പറഞ്ഞു തിരിച്ചയക്കുകയാണ്. ജപ്തി പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവിനു ശേഷവും പല ബേങ്കുകളും ജപ്തി നടപടികള്‍ക്കു തുനിയുകയുണ്ടായി.
വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിലും ബേങ്കുകളുടെ ഭാഗത്തു നിന്ന് നിസ്സഹകരണ നയമാണ് അനുഭവപ്പെടുന്നത്. ബേങ്കുകള്‍ അകാരണമായി വായ്പ നിഷേധിച്ചതിനെ തുടര്‍ന്ന് ജീവനൊടുക്കിയ സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് കോട്ടയത്ത് ശ്രുതി എന്ന നഴ്‌സിംഗ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത് അര്‍ഹതയുണ്ടായിട്ടും ബേങ്ക് വായ്പ നിഷേധിച്ചതില്‍ മനംനൊന്തായിരുന്നു. മകന്റെ പഠനാവശ്യാര്‍ഥം ബേങ്ക് വായ്പക്കു നിരന്തരം ശ്രമിച്ചിട്ടും ലഭിക്കാതെ വന്നപ്പോള്‍, അട്ടപ്പാടിക്കാരനായ രാജന്‍ കഴിഞ്ഞ വര്‍ഷം അഗളിയിലെ ഒരു ബേങ്കിന് മുന്നില്‍ ആത്മഹത്യക്കു മുതിര്‍ന്നു. വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന ബേങ്കുകള്‍ക്കെതിരെ പിഴ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ വിവിധ ശിക്ഷകള്‍ പ്രഖ്യാപിച്ചിട്ടും പല സ്ഥാപനങ്ങളും നിഷേധാത്മക നയം തുടരുകയാണ്.
വിദ്യാഭ്യാസ വായ്പയുമായി ബന്ധപ്പെട്ടു ബേങ്കുകളും ഒട്ടേറെ പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പലിശ സബ്‌സിഡികള്‍ ബേങ്കുകള്‍ക്ക് യഥാസമയം ലഭിക്കാറില്ല. പഠനം കഴിഞ്ഞു ജോലി ലഭിച്ചിട്ടും വായ്പയെടുത്തവര്‍ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തുന്നതും വ്യാപകമാണ്. വായ്പ തിരിച്ചടക്കാനാവശ്യമായ വേതനം ലഭിക്കുന്ന തരത്തിലുള്ള മികച്ച ജോലി ലഭിക്കാനുള്ള ബുദ്ധിമുട്ടാണ് പ്രധാന കാരണം. മിക്ക ബേങ്കുകളിലെയും കിട്ടാക്കടങ്ങളില്‍ നല്ലൊരു ഭാഗം വിദ്യാഭ്യാസ വായ്പയാണ്. മികച്ച ജോലിയുണ്ടായിട്ടും തിരിച്ചടവില്‍ വീഴ്ച വരത്തുന്നവരും കുറവല്ല. വിദ്യാഭ്യാസ വായ്പയായതു കൊണ്ട് സര്‍ക്കാറില്‍ നിന്ന് ഇളവുകളും എഴുതിത്തള്ളലും ജപ്തി നടപടികളില്‍ നിന്ന് സുരക്ഷയുമുണ്ടാകുമെന്ന പ്രതീക്ഷയിലാണിത്. ഇത്തരം വിരുതുകളും മനഃപൂര്‍വമുള്ള ഉദാസീനതയും കാരണമാണ് വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതില്‍ ബേങ്കുകള്‍ വിമുഖത പ്രകടിപ്പിക്കുന്നത്. തിരിച്ചടവ് ഉറപ്പാക്കാനുള്ള ബാധ്യത വായ്പ അനുവദിക്കുന്ന മാനേജര്‍മാര്‍ക്കാകയാല്‍ സ്വീകരിക്കപ്പെടുന്ന അപേക്ഷകളുടെ എണ്ണം അവര്‍ കടുത്ത ഉപാധികളിലൂടെ പരമാവധി കുറക്കുകയാണ്. വായ്പ കൃത്യമായി തിരിച്ചടച്ചില്ലെങ്കില്‍ ഭാവിയില്‍ ബേങ്കുകളില്‍ നിന്ന് ഒരു വിധ വായ്പയും ലഭിക്കാത്ത അവസ്ഥയുണ്ടാകുമെന്നും അധിക പേര്‍ക്കുമറിയില്ല. വായ്പ പിന്നീടൊരു ഭാരവും സമൂഹത്തില്‍ ദുഷ്‌പേരിന് കാരണവുമാകാതിരിക്കാന്‍, അതെടുക്കുന്നതിന് മുമ്പേ തിരിച്ചടവിനുള്ള കൃത്യമായ പദ്ധതിയും ആസൂത്രണവും ആവശ്യമാണ്. ബേങ്കുകളും സര്‍ക്കാറും ഉപഭോക്താക്കളും ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിച്ചെങ്കില്‍ മാത്രമേ വിദ്യാഭ്യാസ വായ്പാ സംവിധാനം കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ സാധിക്കുകയുള്ളു.