Connect with us

Gulf

ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങള്‍ അന്യ രാജ്യത്തിന്റെ ലേബലില്‍

Published

|

Last Updated

ദുബൈ: ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങള്‍ അമേരിക്കയുടെ ലേബലില്‍ ദുബൈയില്‍ വില്‍ക്കുന്നതായി കണ്ടെത്തിയെന്ന് സ്‌പൈസസ് ബോര്‍ഡ് ഇന്ത്യാ ചെയര്‍മാന്‍ ഡോ. ജയതിലക് ഐ എ എസ് അറിയിച്ചു. ദുബൈയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ വിളയിച്ചെടുത്ത ഏലം, അമേരിക്കന്‍ നിര്‍മിതം എന്ന പാക്കറ്റില്‍ ദുബൈയില്‍ വില്‍ക്കുന്നു. ഇതിന്റെ ഫോട്ടോ കൈവശപ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കേണ്ടതുണ്ട്.
ലോകത്ത് രണ്ട് സ്ഥലങ്ങളില്‍ മാത്രമേ ഏല കൃഷിയുള്ളൂ. ഗ്വാട്ടിമലയിലും കേരളത്തിലുമാണത്. ഇടുക്കിയിലേതാണ് ലോകത്തിലെ ഏറ്റവും മികച്ച ഏലം. ഇത് ഗള്‍ഫില്‍ കൊണ്ടുവന്ന് പ്രൊഡ്യൂസ് ഡ് ഇന്‍ അമേരിക്ക എന്ന് പാക്ക് ചെയത് വില്‍ക്കുന്നത് ശരിയല്ല. ഇതിനെ ചെറുക്കാന്‍ ഇന്ത്യന്‍ സ്വകാര്യ കമ്പനികള്‍ക്ക് ബ്രാന്‍ഡ് സൃഷ്ടിക്കാവുന്നതാണ്.
സ്‌പൈസസ് ബോര്‍ഡിന് കീഴില്‍ ഒമ്പത് കമ്പനികള്‍ ഇത്തവണ ഗള്‍ഫുഡിനെത്തി. ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണ്. കഴിഞ്ഞ വര്‍ഷം 200 കോടി ഡോളറിന്റെ സുഗന്ധവ്യഞ്ജനങ്ങളാണ് ഇന്ത്യ വിദേശത്തേക്ക് കയറ്റിയയച്ചത്. വരും വര്‍ഷങ്ങളില്‍ ഇത് വര്‍ധിക്കും. ഏതാണ്ട് 52 ഉത്പന്നങ്ങള്‍ സ്‌പൈസസ് ബോര്‍ഡിന് കീഴിലുണ്ട്. കുരുമുളകിനും ലോക വിപണിയില്‍ വലിയ മതിപ്പുണ്ട്. ഈ മാസം 25ന്, മികച്ച കുരുമുളക് കയറ്റുമതിക്കുള്ള പുരസ്‌കാരം സിന്തൈറ്റ് കമ്പനി ഉടമ സി വി ജേക്കബിന് ഗള്‍ഫുഡ് വേദിയില്‍ നല്‍കുമെന്നും ഡോ. ജയതിലക് പറഞ്ഞു.