Connect with us

Gulf

സ്വദേശികള്‍ക്ക് 114 വീടുകള്‍ നല്‍കാന്‍ ശൈഖ് മുഹമ്മദിന്റെ ഉത്തരവ്‌

Published

|

Last Updated

403153109ദുബൈ: സ്വദേശികള്‍ക്കായി 114 വീടുകള്‍ നല്‍കാന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉത്തരവിട്ടു. 15.8 കോടി ദിര്‍ഹം ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ വില്ലകളാണ് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൈമാറുക. സ്വദേശികള്‍ക്ക് മാന്യമായ ജീവിത സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമാണ് വീടു നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
വികസനത്തിന്റെ കാതല്‍ പൗരന്മാരുടെ സന്തോഷമായിരിക്കണമെന്ന ശൈഖ് മുഹമ്മദിന്റെ കാഴ്ചപ്പാടിന്റെ ഭാഗം കൂടിയാണ് ഈ നടപടിയെന്ന് മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്‌മെന്റ് സി ഇ ഒ സമി അബ്ദുല്ല ഗര്‍ഗാഷ് വ്യക്തമാക്കി. ശൈഖ് മുഹമ്മദിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരമാവധി വേഗത്തില്‍ തീര്‍ക്കാനാണ് പരിശ്രമിച്ചത്. ശൈഖ് മുഹമ്മദ് ഏത് സമയത്തും സ്വദേശികളുടെ ഉന്നതിക്കായാണ് പ്രവര്‍ത്തിക്കുന്നത്. മുശ്‌രിഫ്, ജുമൈറ, അല്‍ ഖവനീജ് അല്‍ ഖൂസ് മേഖലകളില്‍ പഴയ താമസ കേന്ദ്രങ്ങള്‍ പൊളിച്ചാണ് പുതിയ വീടുകള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. 4.10 ഹെക്ടറിലാണ് വീടുകള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നതെന്ന് പദ്ധതിയുടെ അസി. എക്‌സിക്യൂട്ടീവ് ഡയറക്ടറായ എഞ്ചി. ബുര്‍ഹാന്‍ ഹബ്ബായി പറഞ്ഞു. 16 വില്ലകള്‍ രണ്ടു മുറികളുള്ളതും 46 വില്ലകള്‍ മൂന്നു മുറികളുള്ളതും 52 വില്ലകള്‍ നാലു മുറിക ളോടുകൂടിയതുമാണ്. ആന്തലൂസിയന്‍, ഇസ്‌ലാമിക വാസ്തുശില്‍പ മാതൃകയിലാണ് വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്.