അറബ് ലോകം നിര്‍ണായക ഘട്ടത്തില്‍: ഡോ. ശൈഖ് സുല്‍ത്താന്‍

Posted on: February 24, 2014 9:29 pm | Last updated: February 24, 2014 at 9:29 pm

SN1_3508ഷാര്‍ജ: അറബ് ലോകം നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പറഞ്ഞു. സാഹചര്യങ്ങള്‍ വളരെ വേഗത്തിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ശരിയും തെറ്റും വേര്‍തിരിക്കാന്‍ പ്രയാസപ്പെടുന്ന തരത്തിലുള്ള പരിവര്‍ത്തനത്തിനാണ് മേഖലയുടെ മണ്ണ് സാക്ഷിയാവുന്നത്.

ഇരുട്ട് പകരുന്നുവെന്ന തോന്നലുണ്ടാവുന്നു. സത്യസന്ധതതയുടെ മേല്‍ കാപട്യം അധീശത്വം നേടുന്നു. ചാപല്യങ്ങള്‍ക്കായി മൂല്യങ്ങളെ അടിയറ വെക്കപ്പെടുകയാണ്. യാഥാര്‍ഥ്യവും കല്‍പിതങ്ങളും വേര്‍തിരിക്കാനാവാത്ത ചില നേതാക്കളുമുണ്ടാവുന്നു. ഈ സ്ഥിതി വിശേഷത്തില്‍ മാധ്യമങ്ങളുടെ ധര്‍മം വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു.
വൈദ്യശാസ്ത്രം പോലെ അതീവ പ്രധാന്യമാണ് പത്രപ്രവര്‍ത്തനത്തിനുമുള്ളത്. ഒരുവേള അതിനേക്കാള്‍ മാരകവും. പേനയുടെ മൂര്‍ച്ച കൊണ്ട് വരുത്തുന്ന ഉപദ്രവത്തിന് ഡോക്ടറുടെ കൈപ്പിഴവിനേക്കാള്‍ വലിയ വില നല്‍കേണ്ടി വരും. പൊതുജനങ്ങളെ തെറ്റായി നയിക്കുന്ന കെട്ടുവാര്‍ത്തകള്‍, സ്വകാര്യതയിലേക്ക് കടന്നു കയറ്റം തുടങ്ങിയവയെ ഗൗരവ പൂര്‍വം കാണേണ്ടതുണ്ട്. പൊതു ജനങ്ങളുടെ താല്‍പര്യം, വിവരാവകാശം തുടങ്ങിയവ പത്രപ്രവര്‍ത്തകര്‍ പരിഗണിക്കേണ്ട വിഷയങ്ങളാണ്. അതോടൊപ്പം തന്നെ മാധ്യമ പ്രവര്‍ത്തനത്തിനും അഭിപ്രായ പ്രകടനത്തനുള്ള സ്വാതന്ത്യവും നിയമം മൂലം പരിരക്ഷിക്കപ്പെട്ടതാണ്.
വിവരശേഖരണത്തിനും അന്വേഷണങ്ങള്‍ക്കും മാധ്യമങ്ങള്‍ക്ക് അവകാശമുണ്ട്. സമൂഹത്തിന് ഉപകാരപ്രദമായ രീതിയിലായിരിക്കണം ടി വി ചാനലുകളുടെ സംപ്രേഷണം. കളവ്, മോഷണം, വിദ്വേഷം തുടങ്ങിയവ പ്രചരിപ്പിക്കപ്പെടുന്നതാവുന്നതാവരുത് പരിപാടികള്‍. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.