പാചകവാതക വിതരണക്കാരുടെ സമരം പിന്‍വലിച്ചു

Posted on: February 24, 2014 7:40 pm | Last updated: February 25, 2014 at 9:03 am

lpgകൊച്ചി: പാചക വാതക വിതരണ ഏജന്‍സികളുടെ ദേശീയ സംഘടനകള്‍ രാജ്യവ്യാപകമായി ഇന്ന് മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം ഉപേക്ഷിച്ചു. പാചക വാതക വിതരണരംഗത്തെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയോഗിച്ച സാഹചര്യത്തിലാണ് സമരം ഉപേക്ഷിക്കുന്നതെന്ന് ആള്‍ ഇന്ത്യാ എല്‍ പി ജി ഡിസ്ട്രിബ്യൂട്ടേഴ്‌സ് സംസ്ഥാന ഘടകം പ്രസിഡന്റ് ബാബു ജോസഫ് അറിയിച്ചു.

ഗാര്‍ഹിക, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിന്‍ഡറുകള്‍ സമരത്തിന്റെ ഭാഗമായി വിതരണം ചെയ്യാതിരിക്കാനും ഏജന്‍സികളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെച്ച് സമരം നടത്താനുമാണ് ഏജന്‍സികള്‍ തീരുമാനിച്ചിരുന്നത്. ഗ്യാസ് വിതരണക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ അറുപത് ദിവസത്തെ സമയം വേണമെന്ന് എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിതരണ രംഗത്തെ പ്രശ്‌നങ്ങള്‍ പഠിച്ച ശേഷം മാര്‍ച്ച് 31നകം ഉന്നതതല സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് അറിയിച്ചത്.
പെട്രോളിയം മന്ത്രാലയത്തിന്റെയും എണ്ണക്കമ്പനികളുടെയും ഏകപക്ഷീയ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ഏജന്‍സികള്‍ സമരം പ്രഖ്യാപിച്ചത്. പുതിയ ഏജന്‍സികള്‍ക്ക് അനുമതി നല്‍കുന്നത് നിര്‍ത്തിവെക്കുക, വിവിധ ഉപഭോക്താക്കള്‍ക്ക് രണ്ട് രീതിയില്‍ സിലിന്‍ഡര്‍ നല്‍കുന്ന സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും പാചക വാതക വിതരണക്കാര്‍ ഉന്നയിച്ചിരുന്നു.