Connect with us

Editorial

പാചക വാതക ഏജന്‍സി സമരം

Published

|

Last Updated

ഗ്യാസ് ഏജന്‍സികള്‍ നാളെ മുതല്‍ രാജ്യവ്യാപകമായി പണി മുടക്കുകയാണ്. എണ്ണക്കമ്പനികളുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ചാണ് പ്രധാനമായും സമരം. ഗ്യാസ് വിതരണത്തിന് പുതിയ ഏജന്‍സികള്‍ അനുവദിക്കരുതെന്നും ഏജന്‍സികള്‍ ആവശ്യപ്പെടുന്നു.
പാചകവാതക സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കല്‍, സബ്‌സിഡി സിലിന്‍ഡറുകളുടെ എണ്ണം, വീണ്ടും വില വര്‍ധിപ്പിക്കുന്നുവെന്ന അഭ്യൂഹം തുടങ്ങിയ വിഷയങ്ങളെ ചൊല്ലി കഴിഞ്ഞ കുറേ മാസങ്ങളായി പാചക വാതക വിതരണ മേഖലയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയായിരുന്നു. പല ഭാഗങ്ങളിലും സിലിന്‍ഡറുകളുടെ വിതരണത്തില്‍ ഇത് തടസ്സം സൃഷ്ടിച്ചു. ഈ പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹൃതമായി വിതരണം സാധാരണ നിലയിലെത്തുന്നനിടെയാണിപ്പോള്‍ ഏജന്‍സികള്‍ സമരം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്തെ പാചകവാതക വിതരണം പൂര്‍ണ്ണമായി തടസ്സപ്പെടുകയും ഉപഭോക്താക്കള്‍ ദുരിതത്തിലാവുകയും ചെയ്യും.
പാചക വാതകത്തിന്റെ സബ്‌സിഡി ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് സിലിന്‍ഡര്‍ വിതരണത്തില്‍ താളപ്പിഴയും ഉപഭോക്താക്കളുടെ കഷ്ടകാലവും തുടങ്ങുന്നത്. സബ്‌സിഡി ലഭിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡെടുക്കുകയും അത് ബേങ്ക് എക്കൗണ്ടുമായി ബന്ധിപ്പിക്കുകയും വേണമെന്ന വ്യവസ്ഥ ഫെബ്രുവരി അവസാനം വരെ മരവിപ്പിച്ചെങ്കിലും കമ്പനികളുടെ നിര്‍ബന്ധത്തിന് വഴങ്ങി, ആധാര്‍ കാര്‍ഡെടുത്തവര്‍ക്ക് ബേങ്ക് മുഖേന മാത്രമേ സബ്‌സിഡി നല്‍കുകയുള്ളുവെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെ ഏജന്‍സികള്‍ക്ക് ആധാര്‍ കാര്‍ഡെടുത്ത ഉപഭോക്താക്കളില്‍ നിന്ന് ഒരു വിലയും ആധാര്‍ ഇല്ലാത്തവരില്‍ നിന്ന് മറ്റൊരു വിലയും ഈടാക്കേണ്ടി വരികയും ഉപഭോക്താക്കള്‍ക്കിടയില്‍ വീണ്ടു ആശയക്കുഴപ്പം ഉടലെടുക്കുകയും ചെയ്തു. അതിനിടെയാണ് ഗ്യാസ് വിതരണത്തിന് കാലതാമസം വരുത്തുന്ന ഏജന്‍സികളില്‍ നിന്നു പിഴ ഈടാക്കുന്നതുള്‍പ്പെടെയുള്ള കമ്പനികളുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വരുന്നത്. വിതരണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ഏജന്‍സികള്‍ നേരത്തെ ആവശ്യപ്പെട്ടതാണെന്നും ഇത് നിരസിച്ചുകൊണ്ടാണ് കമ്പനി ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്നും ഏജന്‍സികള്‍ കുറ്റപ്പെടുത്തുന്നു.
ഉപഭോക്താക്കള്‍ സിലിന്‍ഡറിന് ബുക്ക് ചെയ്താല്‍ നേരത്തെ ഒരാഴ്ച കൊണ്ട് ലഭിച്ചിരുന്നു. ഇപ്പോള്‍ ഒരു മാസമെങ്കിലും കാലതാമസം വരുന്നുണ്ട്. ചിലപ്പോള്‍ മാസങ്ങളോളവും. കമ്പനികളില്‍ നിന്ന് സിലിന്‍ഡര്‍ എത്താന്‍ വൈകുന്നതാണ് കാരണമെന്നാണ് ഏജന്‍സികള്‍ പറയുന്നത്. സിലിന്‍ഡര്‍ സ്റ്റോക്കുണ്ടായിട്ടും ഏജന്‍സികള്‍ സമയത്തിന് എത്തിച്ചുകൊടുക്കാത്തതുകൊണ്ടാണെന്നാണ് കമ്പനികളുടെ പ്രതികരണം. രണ്ട് തവണ ബുക്കുചെയ്തിട്ടും മൂന്ന്മാസത്തോളം ഗ്യാസ് സിലിന്‍ഡര്‍ എത്തിച്ചു കൊടുക്കാത്തതിനെ തുടര്‍ന്ന്, പനങ്ങാട് പോലീസ് ഒരു ഗ്യാസ് ഏജന്‍സിക്കെതിരെ ക്രിമിനല്‍ കേസെടുത്തിരുന്നു. എറണാകുളം അഡീഷനല്‍ സി ജെ എം കോടതിയുടെ നിര്‍ദേശാനുസരണം അവശ്യസാധന നിയമപ്രകാരമായിരുന്നു നടപടി. ഉപഭോക്താക്കളുടെ പേരില്‍ വ്യാജ ബുക്കിംഗ് നടത്തി ഏജന്‍സികള്‍ ഗ്യാസ് സിലിന്‍ഡര്‍ കൈവശപ്പെടുത്തി കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നതായും വ്യാപകമായ പരാതിയുണ്ട്. ഇത്തരം പരാതികളും ഏജന്റുമാരില്‍ നിന്നുള്ള കുറ്റകരമായ അനാസ്ഥയുമാണ് വിതരണത്തിന് കാലതാമസം വരത്തുന്ന ഏജന്‍ന്റുമാരില്‍ നിന്നു പിഴ ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്നതുള്‍പ്പെടെ പുതിയ മാര്‍ഗ നിര്‍ദേശങ്ങളിറക്കാനിടയായ പശ്ചാത്തലമെന്ന് കമ്പനി വക്താക്കള്‍ വിശദീകരിക്കുന്നു.
കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കുമിടയിലുള്ള പ്രശനങ്ങള്‍ മൂര്‍ച്ഛിച്ചു സമരത്തിലേക്ക് നീങ്ങുമ്പോള്‍ കഷ്ടപ്പെടുന്നത് ഉപഭോക്താക്കളാണ്. ഏജന്‍സികളുടെ സമരം ഒട്ടേറെ അടുക്കളകളില്‍ പുക ഉയരാത്ത അവസ്ഥ സൃഷ്ടിക്കും. നഗങ്ങളില്‍ വിശേഷിച്ചും. പാചക വാതകം ഇന്നൊരു ആവശ്യ വസ്തുവായി മാറിയിരിക്കെ സര്‍ക്കാര്‍ എത്രയും വേഗം പ്രശ്‌നത്തില്‍ ഇടപെട്ടു സമരം ഒത്തുതീര്‍പ്പാക്കേണ്ടിയിരിക്കുന്നു.

Latest