അമൃതാനന്ദമയി മഠത്തിനെതിരെ പരാതിയുമായി അഭിഭാഷകര്‍

Posted on: February 23, 2014 11:25 pm | Last updated: February 23, 2014 at 11:25 pm

amrithananthamayiകരുനാഗപ്പള്ളി: അമൃതാനന്ദമയി മഠത്തെ ‘വിശുദ്ധ നരകമെന്ന്’ വിശേഷിപ്പിച്ച് പുസ്തകമെഴുതിയ മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെലിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അമൃതാനന്ദമയി മഠത്തിനും അവിടുത്തെ സ്വാമിക്കുമെതിരെ പരാതിയുമായി രണ്ട് അഭിഭാഷകര്‍ രംഗത്ത്.
സുപ്രീം കോടതി അഭിഭാഷകന്‍ ദീപക് പ്രകാശ്, ഹൈക്കോടതി അഭിഭാഷകന്‍ പ്രദീപ് എന്നിവരാണ് ഇ- മെയില്‍ സന്ദേശത്തിലൂടെ പോലീസ് ഉന്നതര്‍ക്കും കരുനാഗപ്പള്ളി പോലീസിനും പരാതി അയച്ചത്. പുസ്തകത്തിലെ പരാമര്‍ശങ്ങളില്‍ ഉന്നയിച്ചിട്ടുള്ള സ്വാമിക്കും മഠത്തിനുമെതിരെ കേസെടുത്ത് സത്യം പുറത്തു കൊണ്ടുവരണമെന്നാണ് പരാതിയില്‍ പറയുന്നത്.
ഡി ജി പി, സിറ്റി പോലീസ് കമ്മീഷണര്‍, കരുനാഗപ്പള്ളി എ സി പി, സി ഐ, എസ് ഐ എന്നിവര്‍ക്കാണ് ഇ- മെയിലില്‍ പരാതി ലഭിച്ചത്. അതേസമയം കഴിഞ്ഞ ദിവസം കെ എസ് യു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ജുക്കുട്ടനും കരുനാഗപ്പള്ളി പോലീസില്‍, ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. നിയമവശം ആലോചിച്ചശേഷം പരാതിയില്‍ തീരുമാനം ഉണ്ടാകുമെന്നാണ് പോലീസ് അധികൃതരുടെ വിശദീകരണം.