Articles
'വിശുദ്ധ നരക'വും ഉത്തരം തേടുന്ന ആ ചോദ്യവും

ശ്രീരാമകൃഷ്ണപരമ ഹംസരോട് തോന്നിയ ആദരവോ മയിലമ്മയോട് തോന്നിയ അനുഭാവമോ ജീവിതത്തില്‍ ഒരിക്കല്‍ പോലും മാതാ അമൃതാനന്ദമയി എന്ന ആള്‍ദൈവത്തോട് തോന്നിയിട്ടില്ലാത്ത ഒരാളാണ് ഈ ലേഖകന്‍. അതിന്റെ ആധ്യാത്മികവും ചരിത്രപരവും സാമൂഹികവുമായ കാരണങ്ങള്‍ “അമൃതാനന്ദമയിയും മയിലമ്മയും” എന്ന പേരില്‍ 2008ല്‍ പുറത്തിറങ്ങിയ പുസ്തകത്തിലൂടെ പൊതുജനസമക്ഷം അവതരിപ്പിക്കാനും ഞാന്‍ തയ്യാറായിട്ടുണ്ട്. പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള “അമൃതാനന്ദമയിയും മയിലമ്മയും” എന്ന ലേഖനം മറ്റു മാധ്യമങ്ങള്‍ക്ക് “പ്രസിദ്ധീകരിക്കാന്‍ നിര്‍വാഹമില്ല” എന്ന അറിയിപ്പോടെ തിരസ്‌കരിച്ചപ്പോള്‍ അത് പ്രസിദ്ധീകരിക്കാന്‍ ധൈര്യം കാണിച്ചത് ഡി വൈ എഫ് ഐ മുഖപത്രമായിരുന്നു എന്ന കാര്യവും നന്ദിപൂര്‍വം അനുസ്മരിക്കാതെ വയ്യ. അമൃതാനന്ദമയിയെ സംബന്ധിച്ച് ശ്രീനി പട്ടത്താനം എന്ന യുക്തിവാദി നേതാവ് എഴുതിയ പുസ്തകത്തിനെതിരെ അമ്മ ഭക്തര്‍ കേസും പുകിലുമൊക്കെ ഉയര്‍ത്തിക്കൊണ്ടിരുന്ന കാലത്താണ് എന്റെ ലേഖനവും പുസ്തകവും പുറത്തിറങ്ങിയത്. എന്നിട്ടും ഒരു അമ്മഭക്തനും എനിക്കെതിരെ കേസിനും പുകിലിനും ഒന്നും വന്നില്ല. എന്നാല്‍, തൃശൂര്‍ സ്വദേശിയും സമ്പന്നനുമായ ഒരു അമ്മ ഭക്തന്‍ പുസ്തകം വായിച്ച് എന്നെ വന്നുകാണുകയും പുസ്തകത്തില്‍ ഉന്നയിച്ചിരിക്കുന്ന വിമര്‍ശങ്ങള്‍ നൂറ് ശതമാനം സത്യമാണെന്ന് ബോധ്യപ്പെട്ടെന്ന് പറഞ്ഞ് എന്നെ അഭിനന്ദിക്കുകയും ചെയ്തു. സത്യം പറയുകയും അത് ജനങ്ങളില്‍ എത്തുകയും ചെയ്താല്‍ ജനങ്ങള്‍ സത്യത്തിനൊപ്പം നില്‍ക്കാന്‍ തയ്യാറാകുമെന്ന് പ്രസ്തുത അനുഭവം എന്നെ ബോധ്യപ്പെടുത്തി.
അമൃതാനന്ദമയിക്കെതിരെ ആധ്യാത്മികമായ ആധികാരിക പ്രമാണങ്ങളിലൂന്നി എഴുതുകയും പറയുകയും ചെയ്തുകൊണ്ടിരുന്ന ഇത്തരമൊരു അനുഭവ പശ്ചാത്തലം ഉള്ളതിനാല്‍ തന്നെ, അവര്‍ക്കെതിരെ നവ മാധ്യമങ്ങളിലൂടെ “ഹോളി ഹെല്‍” അഥവാ “വിശുദ്ധ നരകം” എന്ന ഗെയ്ല്‍ ട്രഡ്‌വെല്‍ എഴുതിയ പുസ്തകത്തിലൂന്നി നടന്നുവരുന്ന ചര്‍ച്ചകളില്‍ പുതിയതായ എന്തെങ്കിലും വിവരങ്ങള്‍ ഉള്ളതായി തോന്നിയിട്ടില്ല. ഡോ. സുകുമാര്‍ അഴീക്കോടും സക്കറിയയും ഞാനും ഉള്‍പ്പെടെയുള്ളവര്‍ മാതാ അമൃതാനന്ദമയിക്കെതിരെ ഉന്നയിച്ച വിമര്‍ശങ്ങള്‍ സാധൂകരിക്കുന്ന പുസ്തകമാണ് ഗെയ്ല്‍ ട്രഡ്‌വെല്‍ സ്വാനുഭവങ്ങളിലൂന്നി എഴുതിയിരിക്കുന്ന “വിശുദ്ധ നരകം.”
അമ്മ ഭക്തര്‍ “അമ്മയുടെ നിഴല്‍” എന്ന് വിളിക്കുകയും ഗായത്രി, സ്വാമിനി അമൃത പ്രാണ തുടങ്ങിയ ദീക്ഷാനാമങ്ങളില്‍ അവര്‍ക്കിടയില്‍ അറിയപ്പെടുകയും ചെയ്തിരുന്ന ആസ്‌ട്രേലിയക്കാരിയാണ് ഗെയല്‍ ട്രഡ്‌വെല്‍. അവര്‍ 1999ല്‍ അമൃതാനന്ദമയിയുമായും അവരുടെ പ്രസ്ഥാനവുമായുമുള്ള ബന്ധങ്ങള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. 2013ല്‍ ആണ് ഗെയ്ല്‍ ട്രഡ്‌വെല്‍ “ഹോളി ഹെല്‍” എന്ന പുസ്തം പ്രസിദ്ധപ്പെടുത്തുന്നത്. അവരുടെ തുറന്നെഴുത്തിന് ഇത്രയും കാലതാമസം ഉണ്ടായതിനെ ആധാരമാക്കി “ഹോളി ഹെല്‍” എന്ന പുസ്തകം അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണെന്നും മാതാ അമൃതാനന്ദമയിയെ ഇകഴ്ത്തിക്കാട്ടാന്‍ വേണ്ടി എഴുതിയതാണെന്നു വേണം കരുതാനെന്നും പുസ്തകത്തെ സംബന്ധിച്ച് നടന്ന ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ രാഹുല്‍ ഈശ്വര്‍ ഒച്ച കൂട്ടിപ്പറയുകയുണ്ടായി. കാലം വൈകി പുറപ്പെടുന്ന തുറന്നുപറച്ചിലുകളെല്ലാം തള്ളിക്കളയേണ്ടതാണെന്നാണ് രാഹുല്‍ ഈശ്വറിന്റെ വാദം. ഇതുപ്രകാരം നോക്കിയാല്‍ ജോസഫ് സ്റ്റാലിന്‍ മരിച്ച് മണ്ണടിഞ്ഞതിനു ശേഷം മാത്രമാണ് ക്രൂഷ്‌ചേവ് ഉള്‍പ്പെടെയുള്ളവര്‍ സ്റ്റാലിന്‍ വാഴ്ചക്കാലത്തെ കൊടും ക്രൂരതകള്‍ തുറന്നുപറഞ്ഞത് എന്നതിനാല്‍ ആ തുറന്നുപറച്ചിലുകളെല്ലാം തള്ളിക്കളയാവുന്നതാണെന്ന് പറയേണ്ടിവരും. അങ്ങനെ ആരും പറയുന്നില്ലെന്ന് മാത്രമല്ല, സ്റ്റാലിന്‍ കാലത്തെ സോവിയറ്റ് യൂനിയനെപ്പറ്റി വൈകി പുറപ്പെട്ട എല്ലാ തുറന്നെഴുത്തുകളും കമ്മ്യൂണിസത്തിനെതിരായി ഉപയോഗിക്കാന്‍ രാഹുല്‍ ഈശ്വറിനെ പോലുള്ളവര്‍ ആവേശം കാണിക്കാറുമുണ്ട്. ഇതില്‍ നിന്ന് തെളിയുന്നത് കാലം വൈകിയാണെങ്കിലും പുറപ്പെടുന്ന തുറന്നുപറച്ചിലുകള്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തവര്‍ക്കെതിരാണെങ്കില്‍ അവയൊക്കെ സാധുവും തിരിച്ചാണെങ്കില്‍ കാലപ്പഴക്കം തുറന്നുപറച്ചിലുകളെ അസാധുവാക്കാന്‍ കാരണവുമാണെന്നാണ്. ഇതിനെയാണ് “കാക്കക്ക് തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ്” എന്ന പക്ഷപാതപരമായ സമീപനം എന്ന് വിവരമുള്ളവര്‍ വിളിക്കുന്നത്.
ഇതോടനുബന്ധമായി മറ്റൊരു കാര്യം കൂടി പറയട്ടെ; അമൃതാനന്ദമയിയെ ഇകഴ്ത്തിക്കാട്ടാനായി നടന്നുവരുന്ന അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമായാണ് ഹോളി ഹെല്‍ എന്ന പുസ്തകം എന്നു വാദിക്കാന്‍ വേണ്ട യുക്തിയും സ്വാതന്ത്ര്യവും തന്നെ മതി, അമൃതാനന്ദമയിയെ വാനോളം വാഴ്ത്താനായി നടന്നുവരുന്ന ശ്രമങ്ങളും അന്താരാഷ്ട്ര ഗൂഢാലോചനയാണെന്ന് സമര്‍ഥിക്കാന്‍. ഇക്കാര്യം കൂടി രാഹുല്‍ ഈശ്വറിനെ പോലുള്ള ചാനല്‍ തത്ത വാധ്യാന്മാര്‍ ഓര്‍മിക്കുന്നത് നന്ന്.
ഗുരുതരമായ ആരോപണങ്ങളാണ് അമൃതാനന്ദമയിക്കെതിരെയും അവരുടെ ആസ്ഥാനത്തിനെതിരെയും ശിഷ്യപ്രവരന്മാര്‍ക്കെതിരെയും അവരിലൊരുവളായി ഏറെക്കാലം പ്രവര്‍ത്തിച്ച സ്വാമിനി അമൃത പ്രാണ എന്ന ഗെയ്ല്‍ ട്രഡ്‌വെല്‍ “ഹോളി ഹെല്‍” എന്ന പുസ്തകത്തിലൂടെ ഉന്നയിക്കുന്നത്. പുസ്തകത്തിലെ ഇരുപതാം അധ്യായമായ Man in Heat എന്ന ഭാഗത്ത് ശിഷ്യപ്രമുഖരിലൊരാള്‍, ഗായത്രിയായിരുന്നപ്പോഴും സ്വാമിനി ആമൃതപ്രാണയായപ്പോഴും തന്നോട് ചെയ്ത ലൈംഗികാതിക്രമങ്ങള്‍ ഗെയ്ല്‍ ട്രഡ്‌വെല്‍ തുറന്നെഴുതുന്നുണ്ട്. അമ്മയെയും ശിഷ്യന്മാരെയും ബന്ധപ്പെടുത്തിയും ഇത്തരം ആരോപണങ്ങള്‍ അവര്‍ ഉന്നയിക്കുന്നു. എന്നാല്‍ അത് അവര്‍ കണ്ടതായി പറയുന്നില്ല. പക്ഷേ, സ്വകാര്യമുറിയിലെ തെളിവുകള്‍ അവര്‍ കണ്ടിരുന്നതായി സാക്ഷ്യപ്പെടുത്തുന്നു. “” തുടര്‍ച്ചയായി നടന്നുവരുന്ന ലൈംഗികാതിക്രമങ്ങള്‍ എന്റെ ആത്മാവിന്റെ അടിത്തട്ടിലെ, അമ്മയോടുള്ള വിശ്വാസ്യത ദ്രവിച്ചുപോകുന്നതിന് കാരണമായി. എന്റെ മനസ്സില്‍ രണ്ട് സാധ്യതകളേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകില്‍ അമ്മ എല്ലാം അറിയുന്നു. അല്ലെങ്കില്‍ ഒന്നും അറിയുന്നില്ല. അമ്മ അറിയുന്നു എങ്കില്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നതിന് അവരെന്തുകൊണ്ട് അനുവദിക്കുന്നു? അറിയുന്നില്ലെങ്കില്‍ അതൊരു അപകമായാണ്, അമ്മ എല്ലാം അറിയുന്ന ദേവിയുടെ അവതാരമാണെന്ന തത്വത്തിന്”” എന്നാണ് ഗെയ്ല്‍ ട്രഡ്‌വെല്‍ എഴുതുന്നത്.
ഇത്തരം ഗുരുതരമായ ആരോപണങ്ങള്‍ അമ്മക്കും അവരുടെ പ്രസ്ഥാനത്തിനും എതിരെ അമ്മയുടെ നിഴലായി ജീവിച്ച ഒരു സ്ത്രീ തന്നെ ഉന്നയിക്കുന്നത് കണ്ടില്ലെന്ന് നടിക്കാന്‍ സ്ത്രീ പീഡനങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുന്ന സാറാ ജോസഫുമാരും അജിതമാരും ഗീതമാരും അച്യുതാനന്ദന്മാരും ഒക്കെയുള്ള കേരളത്തിലെ സാംസ്‌കാരികനായകന്മാര്‍ക്കും ബുദ്ധിജീവികള്‍ക്കും മാധ്യമ ശിങ്കങ്ങള്‍ക്കും എങ്ങനെ കഴിയുന്നു? പി ജെ കുര്യനും പി ശശിയും ഗണേഷ് കുമാറും ജോസ് തെറ്റയിലും ഉള്‍പ്പെടുന്ന രാഷ്ട്രീ നേതാക്കള്‍ക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നാലേ പ്രതികരിക്കൂ എന്ന മാധ്യമങ്ങളുടെയും സ്ത്രീപക്ഷവാദികളുടെയും നിലപാട് രാഷ്ട്രീയക്കാരെ ഭയമില്ല, ആള്‍ദൈവങ്ങളെ ഭയമാണ് എന്നല്ലാതെ മറ്റെന്താണ് സൂചിപ്പിക്കുന്നത്? കേരളം ഉത്തരം തേടുന്ന ചോദ്യമാണിത്.