തുല്യാവസര കമ്മീഷന്‍

Posted on: February 22, 2014 6:00 am | Last updated: February 21, 2014 at 9:33 pm

SIRAJ.......ന്യൂനപക്ഷങ്ങള്‍ക്കു നീതി ഉറപ്പാക്കുന്നതിനു തുല്യാവസര കമ്മീഷന്‍ രൂപവത്കരിക്കണമെന്ന സച്ചാര്‍ കമ്മിറ്റി നിര്‍ദേശത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കയാണ്. വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യവും ന്യൂനപക്ഷ സമുദായതിന്റെ പേരില്‍ അവര്‍ അവഗണനയും വിവേചനവും അനുഭവിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയുമാണ് കമ്മീഷന്റെ ഉത്തരവാദിത്വം.
രാജത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകള്‍ ദളിതരടക്കുമുളള മറ്റെല്ലാ ന്യുനപക്ഷ വിഭാഗങ്ങളേക്കാളും പിന്നാക്കാവസ്ഥയിലാണ് ജീവിക്കുന്നതെന്ന് സച്ചാര്‍ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. തൊഴില്‍ മേഖലയിലും വിദ്യാഭ്യാസ രംഗത്തും മുസ്‌ലിംകളുടെ പ്രാതിനിധ്യം തുച്ഛമാണെന്നും മൊത്തം ജനസംഖ്യയുടെ 18 ശതമാനം വരുന്ന ഈ വിഭാഗത്തിന് ഭരണത്തില്‍ പങ്കാളിത്തം രണ്ടര ശതമാനം മാത്രമാണെന്നും സച്ചാര്‍ വിലയിരുത്തുന്നു. പലയിടങ്ങളിലും പട്ടിക ജാതി വര്‍ഗ വിഭാഗങ്ങളേക്കാളും പിന്നാക്കമാണ് മുസ്‌ലിംകള്‍. കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളില്‍ അതില്‍ തന്നെ വടക്കുകിഴക്കന്‍ മേഖലകളില്‍ ഇത് പരമ ദയനീയമാണ്. ഇന്ത്യയുടെ പൊതുവായ വളര്‍ച്ചക്ക് പിന്നാക്ക വിഭാഗങ്ങളെയും ഗ്രാമീണ ജനതയെയും വളര്‍ത്തിക്കൊണ്ടു വരേണ്ടത് അനിവാര്യമാണെന്നിരിക്കെ, മതന്യൂനപക്ഷങ്ങളുടെ ഈ ദുഃസ്ഥിതി പരിഹരിക്കേണ്ടതിന്റെ അനിവാര്യത സച്ചാറിന് മുമ്പും പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജീവിതദര്‍ശനത്തിലും ധാര്‍മികബോധത്തിലും സംസ്‌കാരത്തിലും വൈവിധ്യം പുലര്‍ത്തുന്നുവെങ്കിലും മുസ്‌ലികളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ വൈദേശികാധിപത്യത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കുന്നതിലും രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തിലും സജീവ പങ്കാളിത്തം വഹിച്ചവരാണ്. ഇതുകൊണ്ടു തന്നെ മറ്റു ജനവിഭാഗങ്ങള്‍ക്കൊപ്പം അവരെ ഉയര്‍ത്തിക്കൊണ്ടുവരാനും അവസര സമത്വം ഉറപ്പ് വരുത്താനും സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഭരണഘടന അത് ഊന്നിപ്പറയുന്നുമുണ്ട്. എന്നാല്‍ നാളിതു വരെയുള്ള ഭരണകൂടങ്ങള്‍ ന്യൂനപക്ഷങ്ങളുടെ ഭരണ ഘടനാപരമായ അവകാശങ്ങള്‍ അനുവദിക്കുന്നതിലും സാമൂഹിക മന്നേറ്റത്തിനുള്ള മാര്‍ഗങ്ങള്‍ തുറന്നുകൊടുക്കുന്നതിലും കുറ്റകരമായ അനാസ്ഥയാണ് പ്രകടിപ്പിച്ചത്. ഇതിനെതിരെ നടന്ന നിരന്തര പ്രക്ഷോഭങ്ങളുടെ പരിണതിയായിരുന്നു 2005 മാര്‍ച്ച് ഒന്‍പതിന് നിലവില്‍ വരികയും 2006 നവംബര്‍ 30 ന് ലോക്‌സഭയുടെ മേശപ്പുറത്ത് വെക്കുകയും ചെയ്ത സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്.
ഇന്ത്യന്‍ മുസ്‌ലിംകളെ മുഖ്യധാരയിലേക്കു കൊണ്ടുവരാനും സ്ഥിതിസമത്വവും അവസരസമത്വവും സൃഷ്ടിക്കുന്നതിനും വിവേചനം ഇല്ലാതാക്കുന്നതിനുമുള്ള ശിപാര്‍ശകളും പരിഹാ രനടപടികളും ഈ റിപ്പോര്‍ട്ട് മുന്‍വെക്കുന്നുണ്ട്. സര്‍ക്കാര്‍ മുമ്പാകെ റിപ്പോര്‍ട്ട് വന്നിട്ട് ഒമ്പത് വര്‍ഷമായെങ്കിലും ന്യൂനപക്ഷങ്ങള്‍ക്കായുള്ള പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടികള്‍, ന്യൂനപക്ഷമന്ത്രാലയത്തിന്റ സ്‌കോളര്‍ഷിപ്പ,് വായ്പാ പദ്ധതികള്‍ എന്നീ പ്രഖ്യാപനങ്ങളല്ലാതെ റിപ്പോര്‍ട്ടിന്മേല്‍ കാര്യമായ നടപടികളൊന്നുമുണ്ടായിട്ടില്ല. സച്ചാര്‍ കമ്മിറ്റി നിര്‍ദേശിച്ച തുല്യാവസര കമ്മീഷന്, നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ എത്തിനില്‍ക്കെയാണ് ഇപ്പോള്‍ അനുമതി നല്‍കിയത്. മതന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ന്യൂനപക്ഷ കമ്മീഷനും അവര്‍ക്ക് പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചുനടപ്പാക്കാന്‍ പ്രത്യേക മന്ത്രാലയവും നിലവിലിരിക്കെ ഇനിയുമൊരു കമ്മീഷന്‍ വേണ്ടെന്ന അഭിപ്രായം യു പി എ നേതൃത്വത്തില്‍ തന്നെ ചിലര്‍ക്കുണ്ടായിരുന്നു. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നു തുല്യാവകാശ കമ്മീഷന്‍ വേണമോ എന്ന കാര്യം പഠിക്കാന്‍ രൂപവത്കൃതമായ എ കെ ആന്റണി അധ്യക്ഷനായ മന്ത്രിതല സമിതി, അനുകൂല നിലപാട് പ്രകടിപ്പിക്കുകയായിരുന്നു. മതപരമായ വിവേചനം ഒഴിവാക്കാനും വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പ് വരുത്താനും കമ്മീഷന്‍ ആവശ്യമാണെന്ന് വിലയിരുത്തിയ മന്ത്രിസഭാസമിതി ബ്രിട്ടനുള്‍പ്പെടെ പല ജനാധിപത്യ രാജ്യങ്ങളിലും ഇത്തരം കമ്മീഷനുകളുണ്ടെന്ന കാര്യവും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ സുമോഹനമായ വാഗ്ദാനങ്ങള്‍ നല്‍കുകയും പിന്നീടത് വിസ്മരിക്കുകയും ചെയ്യുന്നത് കക്ഷിഭേദമന്യേ രാജ്യത്തെ ഭരണകൂടങ്ങളുടേയും രാഷ്ട്രീയക്കാരുടെയും ശൈലിയാണ്. തുല്യാവകാശ കമ്മീഷന് അത്തരമൊരനുഭവം ഉണ്ടാകുമോ എന്നാണ് ആശങ്ക.