താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ പണിമുടക്കി; രോഗികള്‍ വലഞ്ഞു

Posted on: February 21, 2014 11:20 am | Last updated: February 21, 2014 at 11:20 am

താമരശ്ശേരി: താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നെന്നാരോപിച്ച് ഡോക്ടര്‍മാര്‍ പണിമുടക്കി. ആദിവാസി യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ മെഡിക്കല്‍ ഓഫീസര്‍ക്കെതിരെ പോസ്റ്റര്‍ പതിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
കട്ടിപ്പാറ ചമല്‍ വള്ളുവര്‍കുന്ന് ആദിവാസി കോളനിയിലെ ബാബുവിന്റെ ഭാര്യ അമ്മിണിയും നവജാത ശിശുവും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരിച്ചതിനെ തുടര്‍ന്നാണ് താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ പി അബ്ദുര്‍റശീദിനെതിരെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിച്ചത്.
ഡോക്ടര്‍മാരുടെ പണിമുടക്കുന്നതറിയാതെ രാവിലെ മുതല്‍ ഒ പി യിലെത്തിയ നൂറുകണക്കിന് രോഗികള്‍ ചികിത്സ ലഭിക്കാതെ മടങ്ങി. കുഞ്ഞുങ്ങളുമായി എത്തിയവര്‍ പോലും മണിക്കൂറുകള്‍ കാത്തുനിന്നാണ് മടങ്ങിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് അബ്ദുര്‍റസാഖിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചക്കൊടുവില്‍ രാവിലെ 11 മണിയോടെയാണ് ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചത്.
അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന തീരുമാനത്തിലാണ് സമരം പിന്‍വലിച്ചതെന്ന് കാരാട്ട് അബ്ദുര്‍റസാഖ് പറഞ്ഞു. താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നും ഒ പി യില്‍ ഉള്‍പ്പെടെ ഡോക്ടര്‍മാരുടെ സേവനത്തില്‍ പൊതുജനം തൃപ്തരാണെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു.
ഡോ. കെ പി അബ്ദുര്‍റശീദിന്റെ വീടിന് സമീപം ബുധനാഴ്ച ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിച്ചത് സംഘര്‍ഷത്തിന് കാരണമായിരുന്നു. പോസ്റ്റര്‍ നശിപ്പിച്ചെന്നാരോപിച്ച് ഡോക്ടറുടെ മകന്‍ മുഹമ്മദ് (17), സുഹൃത്ത് ഫഹമ അബ്ദുല്ല (15) എന്നിവരെ ബുധനാഴ്ച രാത്രി ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. ഇവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പോലീസ് സ്ഥലത്തെത്തി മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതോടെയാണ് സംഘം പിന്‍മാറിയത്.
വൈകിട്ട് നടന്ന സര്‍വകക്ഷി യോഗത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. ഇവ പരിഗണിക്കാതെ ഡോക്ടര്‍മാര്‍ക്കെതിരെ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന നിലപാടാണ് ആശുപത്രിയുടെ നടത്തിപ്പിന്റെ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കുന്നതെന്ന് ആരോപണമുണ്ട്.