കെജ്‌രിവാളിനെ പിന്തുണക്കുകയില്ലെന്ന് ഡല്‍ഹിയിലെ ഓട്ടോ തൊഴിലാളികള്‍

Posted on: February 21, 2014 10:50 am | Last updated: February 22, 2014 at 12:08 am

delhi autoന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാളിന്റെ എ എ പിയെ പിന്തുണക്കുകയില്ലെന്ന് ഡല്‍ഹിയിലെ പ്രമുഖ ഓട്ടോ തൊഴിലാളി യൂണിയനായ ന്യായ്ഭൂമി അറിയിച്ചു. കെജ്‌രിവാള്‍ അധികാരത്തിലെത്താന്‍ പ്രയത്‌നിച്ച തങ്ങളെ അധികാരത്തിലെത്തിയശേഷം സര്‍ക്കാര്‍ ചതിക്കുകയാണുണ്ടായതെന്ന് ന്യായ്ഭൂമി സെക്രട്ടറി രാകേഷ് അഗര്‍വാള്‍ പറഞ്ഞു. എന്‍ സി ആര്‍ മേഖലകളില്‍ പെര്‍മിറ്റ് ലഭിക്കാനുള്ള അപേക്ഷ നല്‍കാന്‍ അവസരം തരാത്തതിനാല്‍ എ എ പിക്കെതിരെ കോടതിയെ സമീപിക്കുമെന്നും അഗര്‍വാള്‍ പറഞ്ഞു. 49 ദിവസത്തെ താന്‍ അധികാരത്തിലിരുന്ന സമയത്ത് 49 മിനുട്ട് പോലും ഓട്ടോ തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ കെജ്‌രിവാള്‍ ചെലവഴിച്ചില്ല.

പലിശക്കാരില്‍ നിന്നുള്ള മോചനം, മാസത്തില്‍ 25,000 രൂപ വരുമാനം ഉറപ്പുവരുത്തുക, യാത്രാക്കൂലിയില്‍ പരിഷ്‌കാരങ്ങള്‍ വരുത്തുക, വാഹനങ്ങള്‍ പോലീസ് പിടിച്ചെടുക്കുന്നതില്‍ നിന്ന് സംരക്ഷിക്കുക തുടങ്ങിയ തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും നടപ്പായില്ലെന്നും യൂണിയന്‍ പറഞ്ഞു. പതിനായിരത്തിലധികം അംഗങ്ങളുള്ള യൂണിയനാണ് ന്യായ്ഭൂമി.