ഏഷ്യാ കപ്പ്: ധോണിയെ ഒഴിവാക്കി

Posted on: February 20, 2014 11:35 pm | Last updated: February 20, 2014 at 11:35 pm

dhoniമുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കി. വിരാട് കോലിയായിരിക്കും പകരം നായകന്‍. വിക്കറ്റ് കീപ്പറായി ദിനേശ് കാര്‍ത്തിക്കിനെയും ടീമിലുള്‍പ്പെടുത്തി.
പരിക്ക് കാരണമാണ് ധോണിയെ മാറ്റിനിര്‍ത്തിയതെന്നാണ് ബി സി സി ഐ നല്‍കുന്ന ഔദ്യോഗിക വിശദീകരണം. എന്നാല്‍ വിദേശത്ത് ഇന്ത്യന്‍ ടീമിന്റെ തുടര്‍ച്ചയായ മോശപ്പെട്ട പ്രകടനവും വാതുവെപ്പ് അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടതും ഈ മാറ്റിനിര്‍ത്തലിന് പിറകിലുണ്ടെന്ന അഭ്യൂഹം ശക്തമാണ്. വിദേശമണ്ണില്‍ തോല്‍വികളുടെ നീണ്ട പരമ്പര ഏറ്റുവാങ്ങുന്ന ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മുന്‍ സെലക്ടര്‍ മൊഹീന്ദര്‍ അമര്‍നാഥ് രംഗത്തെത്തിയിരുന്നു. ധോണിയുടെ പ്രതിരോധസമീപനമാണ് വിദേശമണ്ണില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ തോല്‍വിക്ക് കാരണമെന്നും അമര്‍നാഥ് കുറ്റപ്പെടുത്തി. മന്‍സൂര്‍ അലിഖാന്‍ പട്ടൗഡിയെ പോലെ ആക്രമണശൈലിയുള്ള നായകരെയാണ് വിദേശമണ്ണില്‍ കളി ജയിക്കാന്‍ ഇന്ത്യക്ക് ആവശ്യമെന്നും അമര്‍നാഥ് പറഞ്ഞു. രാഹുല്‍ദ്രാവിഡും ഇതേ അഭിപ്രായം പ്രകടിപ്പിച്ചപ്പോള്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി ധോണിയുടെ ക്യാപ്റ്റന്‍സി അസഹ്യമെന്ന് വിമര്‍ശിച്ചു. ധോണി സ്വയം ഒഴിഞ്ഞു നില്‍ക്കാന്‍ ബാധ്യസ്ഥനാണ്. ലോകകപ്പ് ഒരു വര്‍ഷമകലെ നില്‍ക്കുമ്പോള്‍ അഴിച്ചുപണി അത്യാവശ്യമാണെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.
ഇംഗ്ലണ്ട് (4-0), ആസ്‌ത്രേലിയ (4-0), ദക്ഷിണാഫ്രിക്ക (1-0), ന്യൂസിലാന്‍ഡ് (1-0) പര്യടനങ്ങളില്‍ അതി ദയനീയമായിരുന്നു പ്രകടനം.
വിദേശ പിച്ചുകളില്‍ 23 ടെസ്റ്റുകളില്‍ അഞ്ച് വിജയങ്ങള്‍ മാത്രമാണ് ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ നേടിയത്. 11 ടെസ്റ്റുകളില്‍ തോറ്റു. 2011ലാണ് ഇന്ത്യ അവസാനമായി വിദേശമണ്ണില്‍ വിജയിച്ചത്. ഇതിനൊക്കെ പുറമെ ഐ പി എല്‍ വാതുവെപ്പ് വിവാദത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സി ഇ ഒ ഗുരുനാഥ് മെയ്യപ്പനൊപ്പം ധോണിയും വാതുവെപ്പില്‍ പങ്കെടുത്തുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോണിയുടെ നാളുകള്‍ അവസാനിക്കാറായെന്നതിന്റെ ആദ്യ സൂചനയായി ഈ ഒഴിവാക്കലിനെ ചിലര്‍ വിലയിരുത്തുന്നു.