Connect with us

Malappuram

സ്വകാര്യ സ്‌കൂളുകളുടെ അംഗീകാരം വൈകുന്നു

Published

|

Last Updated

ചങ്ങരംകുളം: സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള നിര്‍ദേശം പുറപ്പെടുവിച്ചെങ്കിലും ഔദ്യോഗികമായ ഓഫീസ് നടപടികള്‍ പൂര്‍ത്തിയാവാത്തതിനാല്‍ അംഗീകാരം നല്‍കല്‍ വൈകുന്നു.

വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശ പ്രകാരം സ്‌കൂളുകള്‍ യാഥാസമയം അപേക്ഷനല്‍കുകയും ഡി ഇ ഒ, എ ഇ ഒമാര്‍ യഥാസമയം പരിശോധനകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ജനുവരി 31ന് മുമ്പ് അപേക്ഷകള്‍ സര്‍ക്കാറില്‍ എത്തിക്കാനുള്ള തീരുമാനം പല സര്‍ക്കാര്‍ ഓഫീസുകളും നടപ്പാക്കിയില്ലെന്നാണ് സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ കൂട്ടായ്മയായ കേരള പ്രൈവറ്റ് സ്‌കൂള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്.
സര്‍ക്കാര്‍ നല്‍കിയ മാര്‍ഗ നിര്‍ദേശപ്രകാരം അംഗീകാരം ലഭിക്കുന്നതിന് എല്‍ പി സ്‌കൂളിന് ഒരു ഏക്കര്‍ സ്ഥലവും 150 കുട്ടികളും യു പി സ്‌കൂളിന് ഒന്നര ഏക്കര്‍ സ്ഥലവും 250 കുട്ടികളും, ഒന്ന്മുതല്‍ പത്ത് വരെയുള്ള ഹൈസ്‌കൂളിന് മൂന്ന് ഏക്കര്‍ സ്ഥലവും 350 കുട്ടികളുമാണ് വേണ്ടത്. ഇത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് അപേക്ഷ നല്‍കിയ സ്‌കൂളുകള്‍ക്ക് അനുമതി നല്‍കണമെന്നാണ് അസോസിയേഷന്റെ ആവശ്യം.
ഇതിന് തടയിടാന്‍ ഉദ്യോഗസ്ഥ ലോബി പ്രവര്‍ത്തിക്കുന്നതായി അസോസിയേഷന്‍ കുറ്റപ്പെടുത്തി. ആര്‍ ടി ഇ ആക്ട് പ്രകാരം അടുത്ത ജൂണ്‍മുതല്‍ അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് സൂചനയുണ്ട്.
സ്‌കൂള്‍ അധികൃതരുടെ അപേക്ഷപ്രകാരം ഈമാസംതന്നെ ഉചിതമായ തീരുമാനമെടുത്തില്ലെങ്കില്‍ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ അവ നടപ്പിലാക്കാന്‍ കഴിയില്ല. ഇതിനെതുടര്‍ന്ന് സ്വകാര്യ സ്‌കൂള്‍ അധികൃതര്‍ ചേര്‍ന്ന് വിദ്യാഭ്യാസ മന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്.
മാനദണ്ഡങ്ങള്‍ പാലിച്ച് അപേക്ഷ സമര്‍പ്പിച്ച സ്‌കൂളുകള്‍ക്ക് താത്കാലികമായി അംഗീകാരം നല്‍കുകയും തിരഞ്ഞെടുപ്പിന് ശേഷം സ്ഥിരമായി അംഗീകാരം നല്‍കുകയും ചെയ്യണം. ഇത്തരം സ്ഥാപനങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ഈപ്രാവശ്യത്തെ വാര്‍ഷിക പരീക്ഷ അതാത് സ്‌കൂളുകളില്‍ എഴുതുന്നതിനുള്ള അനുമതി നല്‍കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെടുന്നു.

Latest