Connect with us

Palakkad

നെല്‍ കൃഷി പുനരുദ്ധാരണ വനിതാ ലേബര്‍ ബേങ്ക് വരുന്നു

Published

|

Last Updated

പട്ടാമ്പി: കേന്ദ്ര സര്‍ക്കാറിന്റെ മഹിളാ കിസാന്‍ ശക്തീകരണ്‍ പരിയോജന(എം കെ എസ് പി) പദ്ധതിയില്‍ നെല്‍ കൃഷി പുനരുദ്ധാരണ വനിതാ ലേബര്‍ ബേങ്ക് വരുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ നാല്‍പ്പത് ദിവസമെങ്കിലും പ്രവര്‍ത്തിയെടുത്ത 30,000 വനിതകളെയാണ് പദ്ധതിയിലുള്‍പ്പെടുത്തുക.
തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ 43 ബ്ലോക്കുകളിലാണ് ലേബര്‍ ബേങ്ക് ആദ്യഘട്ടത്തില്‍ വരിക. 60.62 കോടി രൂപയുടെ പദ്ധതി മൂന്ന് ജില്ലാപഞ്ചായത്തുകളിലും കണ്‍സോര്‍ഷ്യമാണ് നടപ്പാക്കുന്നത്. പ്രദേശത്തെ മുഴുവന്‍ കര്‍ഷകര്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും.
വിരിപ്പ്, മുണ്ടകന്‍, പുഞ്ച വിളകളിലായി 76,815 ഹെക്ടര്‍ പാടത്ത് നെല്‍കൃഷി പുനരുദ്ധരിക്കുകയാണ് ലക്ഷ്യം. പദ്ധതി നടപ്പായാല്‍ 230.444 ടണ്‍ നെല്ല് പ്രതിവര്‍ഷം ഉത്പാദിപ്പിക്കാനാകുമെന്നാണ് കരുതപ്പെടുന്നത്. പദ്ധതിയില്‍ അംഗമായ സ്ത്രീ തൊഴിലാളികള്‍ക്ക് 200 തൊഴില്‍ദിനങ്ങള്‍ നല്‍കാനും ലക്ഷ്യമിടുന്നു. 450 രൂപ മുതല്‍ 500 രൂപ വരെ വേതനം ഉറപ്പാക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. മൊത്തം പദ്ധതി തുകയുടെ 10.47 കോടി ഗ്രാമ പഞ്ചായത്തുകളുടെ വിഹിതവും 7.43 കോടി ബ്ലോക്ക് പഞ്ചായത്ത് വിഹിതവും 2.32 കോടി മൂന്ന് ജില്ലാ പഞ്ചായത്ത് വിഹിതവുമാണ്.
കാര്‍ഷിക യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സന്നദ്ധരായ 45ന് താഴെ പ്രായമുള്ള തൊഴിലാളികളെ പഞ്ചായത്തുകള്‍ കണ്ടെത്തണം. വാര്‍ഡില്‍ അഞ്ച് പേരടങ്ങുന്ന തൊഴില്‍ ഗ്രൂപ്പാക്കണം. ഇവര്‍ക്ക് 18 ദിവസം പരിശീലനം നല്‍കും. പരിശീലനം നേടിയ തൊഴിലാളികളെ പഞ്ചായത്ത് തലത്തില്‍ ലേബര്‍ ടീമായി സംഘടിപ്പിക്കുകയും ലേബര്‍ ടീമിന്റെ അപ്പ്കസ് ബോഡിയായി ബ്ലോക്ക് തലത്തില്‍ ലേബര്‍ ബേങ്കുകളായി രൂപവത്ക്കരിക്കുകയും വേണം.
പഞ്ചായത്തില്‍ ലഭ്യമായ കാര്‍ഷിക യന്ത്രങ്ങള്‍ ഇവര്‍ക്ക് കൈമാറാം. പാലക്കാട് വടക്കഞ്ചേരിയിലാണ് തൊഴിലാളികള്‍ക്ക് സാങ്കേതിക പരിശീലനം നല്‍കുക. കാര്‍ഷിക സര്‍വകലാശാലാ സഹകരണത്തോടെ വടക്കാഞ്ചേരി ഗ്രീന്‍ ആര്‍മി ലേബര്‍ ബേങ്കിനെ ഇതിന്റെ ചുമതല ഏല്‍പ്പിച്ചു കഴിഞ്ഞു.
പദ്ധതിയുടെ വിശദമായ രൂപ രേഖ തയ്യാറാക്കലുംകര്‍ഷകരുടെ ആവശ്യങ്ങള്‍ കണ്ടെത്തലും പാലക്കാട് മൈത്രി എന്ന സംഘടനയായിരിക്കും.
അടുത്ത വര്‍ഷം മുതല്‍ പദ്ധതി നടപ്പാക്കാനാണ് കാര്‍ഷിക സര്‍വകലാശാലയുടെ തീരുമാനം.