രാജീവ് വധം: ഏഴ് പ്രതികളെ വിട്ടയക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Posted on: February 19, 2014 11:06 am | Last updated: February 20, 2014 at 12:01 pm

rajeev-gandhi-assasinationചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ആറു പ്രതികളെ വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. വധശിക്ഷ ലഭിച്ച 4 പ്രതികളും ജീവപര്യന്തം ലഭിച്ച 2 പ്രതികളുമാണ് മോചിതരാകുന്നത്. ശാന്തന്‍, മുരുകന്‍, പേരറിവാളന്‍, നളിനി എന്നിവരടക്കം 7 പേരെയാണ് വിട്ടയക്കാന്‍ പോകുന്നത്.

സുപ്രീംകോടതി ചൊവ്വാഴ്ച വധശിക്ഷയില്‍ ഇളവ് നല്‍കിയ പേരറിവാള്‍, ശാന്തന്‍, മുരുകന്‍ ന്നെിവരേയും നേരത്തെ വധശിക്ഷയില്‍ നിന്നും ഇളവ് ലഭിച്ച നളിനി, ജീവപര്യന്തം തടവുകാരനായ ജയചന്ദ്രന്‍, രവിചന്ദ്രന്‍ ന്നെിവരേയും ജയില്‍ മോചിതരാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി ജയലളിതയാണ് മന്ത്രിസഭാ തീരുമാനം നിയമസഭയെ അറിയിച്ചത്.

ഈ മാസം അവസാനത്തോടെ ഇവരുടെ മോചനമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ഇന്നലെ ജീവപര്യന്തമായി ഇളവ് ചെയ്തിരുന്നു. വധശിക്ഷയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് കുറ്റവാളികള്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധിയുണ്ടായത്. ദയാഹര്‍ജി തീര്‍പ്പാക്കാന്‍ കാലതാമസം നേരിട്ട സാഹചര്യത്തില്‍ വധശിക്ഷ ഇളവ് വരുത്തണമെന്നാവശ്യപ്പെട്ടാണ് മുരുകന്‍, ശാന്തന്‍,പേരറിവാളന്‍ എന്നിവര്‍ കോടതിയെ സമീപിച്ചത്. ദയാഹര്‍ജി തീര്‍പ്പാക്കുന്നത് അനന്തമായി നീണ്ടുപോയാല്‍ വധശിക്ഷ റദ്ദാക്കാമെന്ന് ചീഫ് ജസ്റ്റിസ് പി സദാശിവം അധ്യക്ഷനായ ബെഞ്ച് ജനുവരി 21ന് വിധിച്ചിരുന്നു. ദയാഹര്‍ജി പരിഗണിക്കുന്നതിന് 11 വര്‍ഷത്തെ കാലതാമസമുണ്ടായി. ഇത് പരിഗണിച്ച് വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാല്‍ വധശിക്ഷയില്‍ ഇളവ് നല്‍കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. പ്രതികള്‍ നടത്തിയത് ഹീനകൃത്യമാണ്. ഇളവ് അര്‍ഹിക്കുന്നില്ലെന്നും ജയിലില്‍ എല്ലാ മാനുഷിക പരിഗണനയും നല്‍കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ എജി കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ നിന്ന് പ്രതികള്‍ക്ക് അനുകൂലമായ വിധിയാണ് ഉണ്ടായത്. പ്രതികള്‍ ഇതിനകം തന്നെ ജീവപര്യന്തം തടവ് അനുഭവിച്ച് കഴിഞ്ഞ സാഹചര്യത്തില്‍ ഇവരുടെ മോചനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.