സുധീരന്‍ അധ്യക്ഷനായുള്ള ആദ്യ കെ പി സി സി യോഗം ഇന്ന്

Posted on: February 19, 2014 6:00 am | Last updated: February 20, 2014 at 7:31 am

vm sudheeranതിരുവനന്തപുരം: വി എം സുധീരന്‍ സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള ആദ്യ കെ പി സി സിയോഗം ഇന്ന് ചേരും. കെ പി സി സി ഭാരവാഹികളുടെയും ഡി സി സി പ്രസിഡന്റുമാരുടെയും യോഗം രാവിലെ പത്തിനും കെ പി സി സി നിര്‍വാഹകസമിതിയോഗം ഉച്ചക്കുശേഷം മൂന്നിനും നടക്കും.
പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ചേരുന്ന സമ്പൂര്‍ണയോഗമെന്ന പ്രാധാന്യം ഇന്നത്തെ യോഗത്തിനുണ്ട്. ലോകസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടി സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ട ജി കാര്‍ത്തികേയന്റെ പേര് തള്ളിയാണ് വി എം സുധീരനെ കെ പി സി സി പ്രസിഡന്റായി എ ഐ സി സി നേതൃത്വം നിയമിച്ചത്. ഇതിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പരസ്യമായി ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച അനുകൂലവും പ്രതികൂലവുമായ അഭിപ്രായപ്രകടനങ്ങള്‍ ഉയരും.
സുധീരന്റെ നിയമനത്തേക്കാള്‍, ഏകപക്ഷീയമായി തീരുമാനം പ്രഖ്യാപിച്ച രീതിയാണ് ഉമ്മന്‍ ചാണ്ടിയെ പ്രകോപിപ്പിച്ചത്. ഇന്നത്തെ യോഗത്തില്‍ ഇതുസംബന്ധിച്ച തന്റെ നിലപാട് ഉമ്മന്‍ ചാണ്ടി വിശദീകരിക്കുമെന്നാണ് അറിയുന്നത്. എ ഐ സി സി അധ്യക്ഷ സോണിയാഗാന്ധി ഉള്‍പ്പെടെ ചര്‍ച്ച നടത്തിയിട്ടും ഉമ്മന്‍ ചാണ്ടി പൂര്‍ണമായി അനുരഞ്ജനത്തിന് തയാറായിട്ടില്ല. പുതിയ പ്രസിഡന്റിനെ ഏകപക്ഷീയമായി നിയമിച്ചതിലുള്ള അതൃപ്തി ഐ ഗ്രൂപ്പും യോഗത്തില്‍ അറിയിക്കും. സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും സജീവ ചര്‍ച്ചയാകും. ഇടുക്കി സീറ്റില്‍ മാണി വിഭാഗത്തിന്റെ അവകാശവാദം, പാലക്കാട് സീറ്റ് എസ് ജെ ഡിക്ക് വിട്ടുനല്‍കാനുള്ള നീക്കം. സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി വിവിധ ജില്ലകളില്‍ ഉണ്ടായിട്ടുള്ള അസ്വാരസ്യങ്ങള്‍, പി സി ചാക്കോയുടെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി തൃശൂര്‍ ഡി സി സി യോഗത്തിലെ ബഹളം, കെ സുധാകരന്റെ പരാമര്‍ശം, ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നിലപാട് മാറ്റം, നിലമ്പുര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവരും.