ആഭ്യന്തര മന്ത്രിയുടെ പരിഷ്‌കാരത്തില്‍ ഇടഞ്ഞ് ഐ പി എസ് അസോസിയേഷന്‍

Posted on: February 19, 2014 6:00 am | Last updated: February 19, 2014 at 1:11 am

policeതിരുവനന്തപുരം: ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് പോലീസ് തലപ്പത്ത് ആഭ്യന്തര മന്ത്രി നടത്തിയ അഴിച്ചുപണിക്കെതിരെ ഐ പി എസ് അസോസിയേഷന്‍ രംഗത്ത്. അകാരണമായ സ്ഥലംമാറ്റത്തിനെതിരെ ഉന്നത പോലീസുദ്യോഗസ്ഥര്‍ക്കിടയില്‍ വ്യാപക അതൃപ്തി ഉയര്‍ന്ന സാഹചര്യത്തിലാണ് അസോസിയേഷന്‍ ഇതു സംബന്ധിച്ച് സര്‍ക്കാറിനെ സമീപിക്കാനൊരുങ്ങുന്നത്.
മതിയായ കാരണമില്ലാതെ രണ്ട് വര്‍ഷത്തിനിടെ ആരെയും സ്ഥലംമാറ്റാന്‍ പാടില്ലെന്ന സുപ്രീം കോടതി നിര്‍ദേശം പോലും മറികടന്നാണ് നടപടി. ഈ സാഹചര്യത്തിലാണ് നിയമ നടപടിക്കായി സി എ ടിയെ സമീപിക്കുന്ന കാര്യം പരിഗണിക്കുന്നത്. അകാരണമായി സ്ഥലംമാറ്റപ്പെട്ടവരില്‍ ചിലര്‍ മുതിര്‍ന്ന ഐ പി എസുകാരുമായി കൂടിയാലോചന നടത്തിയിട്ടുണ്ട്.
പുതിയ നടപടി ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും സമ്പൂര്‍ണമായി അട്ടിമറിച്ചാണെന്ന് ചൂണ്ടിക്കാണിച്ചാണ് അസോസിയേഷന്‍ സര്‍ക്കാറിനെ സമീപിക്കുന്നത്. ആവശ്യമെങ്കില്‍ നിയമ നടപടിയും സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
വിവിധ ജില്ലകളുടെ ചുമതല ഉണ്ടായിരുന്ന ആറ് ഐ പി എസുകാരെയാണ് കുറഞ്ഞ കാലാവധിക്കിടെ ഒറ്റയടിക്ക് സ്ഥലംമാറ്റിയത്. ചുരുങ്ങിയ കാലത്തിനിടെ മികച്ച ഉദ്യോഗസ്ഥനെന്ന് പേരെടുത്ത തമിഴ്‌നാട്ടില്‍ നിന്നുള്ള ഡോ. ശ്രീനിവാസിനെ തിരുവനന്തപുരം ഡി സി പിയായിരിക്കെ കഴിഞ്ഞ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഡിസംബറില്‍ കണ്ണൂരിലേക്ക് മാറ്റിയത്. അവിടെ രണ്ട് മാസം പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് വീണ്ടും തലസ്ഥാനത്തേക്ക് തിരിച്ചുവിളിച്ചിരിക്കുന്നത്. വയനാട്ടില്‍ മാവോയിസ്റ്റ് വേട്ടക്ക് നേതൃത്വം നല്‍കിയ എസ് പി മജ്ഞുനാഥിനെ മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സ്ഥലം മാറ്റുന്നത്. ഒപ്പം മാവോയിസ്റ്റ്‌വിരുദ്ധ നീക്കത്തിന്റെ ചുമതലയുമായി രണ്ട് മാസം മുമ്പ് മലപ്പുറത്തെത്തിയ പുട്ട വിമലാദിത്യയെയാണ് ഇപ്പോള്‍ വയനാട്ടിലേക്ക് നിയമിച്ചിരിക്കുന്നത്.
എന്നാല്‍ മാറ്റങ്ങള്‍ മാവോയിസ്റ്റ് വേട്ടയെ നിര്‍വീര്യമാക്കുമെന്നാണ് കരുതപ്പെടുന്നത്. മാവോയിസ്റ്റ് സാന്നിധ്യം കൂടുതലെന്ന് ആഭ്യന്തര വകുപ്പ് പറയുന്ന മലബാര്‍ ജില്ലകളില്‍ ചെറുപ്പക്കാരായ ഐ പി എസുകാരെ നിയോഗിച്ചുകൊണ്ടുള്ള നടപടി ഫലത്തില്‍ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. അജിതാ ബീഗം തൃശൂരില്‍ നിന്നും ഉമാ ബെഹ്‌റ ആലപ്പുഴയില്‍ നിന്നും സ്ഥലംമാറ്റപ്പെടുന്നത് ഏഴ് മാസത്തിനിടെയാണ്. തിരുവനന്തപുരം സിറ്റി കമ്മീഷണര്‍ ഡി ഐ ജി. പി വിജയന്റെ കസേരയുടെ ആയുസ്സ് ഒരു വര്‍ഷം കടക്കാതിരിക്കാന്‍ കാരണം കേന്ദ്ര, സംസ്ഥാന മന്ത്രിമാരായ കോണ്‍ഗ്രസ് നേതാക്കളുടെ അതൃപ്തിയാണത്രെ.
സംസ്ഥാനത്തെ 12 പോലീസ് ജില്ലകളില്‍ നേരിട്ട് ഐ പി എസ് നേടിയ ഉദ്യോഗസ്ഥര്‍ ചുമതല വഹിച്ചിരുന്നതില്‍ ആറിടത്തും ഒറ്റയടിക്ക് അഴിച്ചുപണിയുകയായിരുന്നു.
ഡയറക്ട് ഐ പി എസുകാര്‍ സാധാരണയായി രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങാറില്ലെന്ന രാഷ്ട്രീയക്കാരുടെ ധാരണ ശരിവെക്കുന്നതാണ് ഈ ചട്ടം ലംഘിച്ചുള്ള സ്ഥലം മാറ്റങ്ങള്‍.