കേരളാ യൂണിവേഴ്‌സിറ്റി: ചീഫ് സെക്രട്ടറിയുടെ നോമിനിയെ വി സിയാക്കാന്‍ നീക്കമെന്ന് പരാതി

Posted on: February 19, 2014 6:00 am | Last updated: February 19, 2014 at 1:03 am

University-of-Kerala-Campusതിരുവനന്തപുരം:കേരള സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ തിരഞ്ഞെടുപ്പും വിവാദമാകുന്നു. വൈസ് ചാന്‍സലറെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന സെര്‍ച്ച് കമ്മിറ്റി, വിജ്ഞാപനം പുറപ്പെടുവിപ്പിക്കാതെ മൂന്ന് പേരുള്‍പ്പെടുന്ന പട്ടിക ഗവര്‍ണര്‍ക്ക് ശിപാര്‍ശ ചെയ്തതിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
ചാന്‍സലറായ ഗവര്‍ണറുടെ നോമിനിയായ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍, എം ജി സര്‍വകലാശാലയിലെ കെമിക്കല്‍ സയന്‍സ് വിഭാഗം പ്രൊഫസറായ ഡോ.പി കെ രാധാകൃഷ്ണന്റെ പേര് മാത്രം അവതരിപ്പിക്കുകയും അദ്ദേഹത്തിനു മുന്‍ഗണന നല്‍കി പട്ടിക ശിപാര്‍ശ ചെയ്തതും ചട്ട വിരുദ്ധമാണെന്നാണ് പരാതി.
കമ്മിറ്റിയുടെ നടപടിയില്‍ ദുരൂഹതയുണ്ടെന്നും ഇത് പുനഃപരിശോധിക്കണമെന്നുമാവശ്യപ്പെട്ട് കെ പി സി സി സെക്രട്ടറിയും സിന്‍ഡിക്കേറ്റ് അംഗവുമായ ജ്യോതികുമാര്‍ ചാമക്കാലയാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. വൈസ് ചാന്‍സലറെ തിരഞ്ഞെടുക്കാന്‍ അക്കാദമികവും ഭരണപരവുമായ കഴിവുകള്‍ സെര്‍ച്ച് കമ്മിറ്റി വ്യക്തമായി പരിശോധിച്ചില്ലെന്നാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്ന പ്രധാന ആരോപണം.
കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കൂടിയ സെര്‍ച്ച് കമ്മിറ്റി അഞ്ച് മിനിറ്റെടുത്താണ് മൂന്ന് പേരുടെ പട്ടിക തയ്യാറാക്കി പിരിഞ്ഞത്. യു ജി സി പ്രതിനിധിയായ ഡല്‍ഹി സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ.ദിനേശ് സിംഗ് യോഗത്തില്‍ പങ്കെടുത്തത് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയായിരുന്നു.
ഭരത്ഭൂഷണും സെനറ്റ് പ്രതിനിധി എന്‍ നാരായണന്‍ നായരും നിര്‍ദേശിക്കുന്ന പേര് താന്‍ അംഗീകരിക്കാമെന്ന് ആദ്യം തന്നെ ഡോ. ദിനേശ് സിംഗ് സമ്മതിച്ചു. ഇതിനുശേഷമാണ് ഡോ.രാധാകൃഷ്ണന്റെ പേര് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചത്. ഒരാളെ മാത്രം നിര്‍ദേശിക്കുന്നത് ശരിയാകില്ലെന്ന് പറഞ്ഞ നാരായണന്‍ നായര്‍ ഡോ. സുധീറിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. ലഭിച്ച ജീവചരിത്രക്കുറിപ്പില്‍ മികച്ചത് എന്ന പരിഗണനയുടെ പേരിലാണ് ഡോ. പ്രസന്നകുമാറിനെ പാനലില്‍ ഉള്‍പ്പെടുത്തിയത്.
സര്‍വകലാശാലാ ജിയോളജി വിഭാഗം പ്രൊഫസര്‍ ഡോ. വി പ്രസന്നകുമാര്‍, കേരളയിലെ അക്കാദമിക് സ്റ്റാഫ് കോളജ് ഡയറക്ടര്‍ ഡോ. എസ് വി സുധീര്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റു രണ്ട് പേര്‍. ചീഫ് സെക്രട്ടറി നിര്‍ദേശിച്ച പേരായതിനാല്‍ ഡോ.പി കെ രാധാകൃഷ്ണനാണ് മുന്‍തൂക്കം ലഭിച്ചിരിക്കുന്നത്.
എന്നാല്‍, ഡോ. പി കെ രാധാകൃഷ്ണന് വൈസ് ചാന്‍സലറാകാനുള്ള പ്രായപരിധി അടുത്ത ഏപ്രിലില്‍ കഴിയും. വിജ്ഞാപനം പുറപ്പെടുവിച്ച് അപേക്ഷകള്‍ സ്വീകരിക്കാന്‍ കാത്തുനിന്നാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വരും.
അതോടെ, നടപടികള്‍ വൈകിയാല്‍ അദ്ദേഹത്തിന് അവസരം നഷ്ടപ്പെടും. അതിനാല്‍, ചട്ടവിരുദ്ധമായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നീക്കമുണ്ടെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു.
അതിനിടെ, അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും ആരോപണങ്ങളുയര്‍ന്നിരുന്നു. ഡോ. രാധാകൃഷ്ണന്‍ സമര്‍പ്പിച്ച എട്ട് പേജുള്ള ജീവചരിത്രക്കുറിപ്പില്‍ അക്കാദമിക യോഗ്യതയെപ്പറ്റി പരാമര്‍ശിക്കുന്ന രണ്ടുവരി മാത്രമാണുള്ളതെന്നായിരുന്നു ആക്ഷേപം.