Connect with us

Malappuram

യുവതികളെ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍

Published

|

Last Updated

മഞ്ചേരി: വസ്തു വില്‍പ്പനയുടെ മറവില്‍ യുവതികളെ ഇടനിലക്കാരാക്കി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍. എടവണ്ണ പെരകമണ്ണ ഒതായി മണ്ടത്തൊടിക സുനില്‍ അലി (31), കൊണ്ടോട്ടി കുറുപ്പത്ത് മാട്ടില്‍ മുഹമ്മദ് റഹീം (31), കൊണ്ടോട്ടി പുളിക്കല്‍ നെല്ലിപറമ്പത്ത് മുഹമ്മദ് ജമാല്‍ (35) എന്നിവരെയാണ് മഞ്ചേരി എസ് ഐ സി കെ നാസറും സംഘവും പിടികൂടിയത്.
2013 മാര്‍ച്ച് ഒമ്പതിന് ഒന്നാം പ്രതി കാരാപറമ്പില്‍ സ്ഥലം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പെരകമണ്ണ ഒതായി പുതുശ്ശേരി പപ്പുവിന്റെ മകന്‍ സ്റ്റാന്‍ലിയെ മുക്കം അഗസ്ത്യമുഴി ലോഡ്ജില്‍ വിളിച്ച് വരുത്തുകയായിരുന്നു. രണ്ടാം പ്രതിയായ യുവതിയെ ലോഡ്ജ് മുറിയിലാക്കി രണ്ട്, മൂന്ന് പ്രതികള്‍ ചേര്‍ന്ന് വസ്തുവിന് അഡ്വാന്‍സ് നല്‍കാനായി കൊണ്ടുവന്ന രണ്ട് ലക്ഷം രൂപയും മഞ്ചേരിയിലെ വീട്ടില്‍ വെച്ച് ഒരു ലക്ഷം രൂപയും തട്ടിയെടുത്തു. പിറ്റേ ദിവസം സ്റ്റാന്‍ലിയുടെ വീട്ടില്‍ വെച്ചും രണ്ടു ലക്ഷം രൂപ പ്രതികള്‍ വാങ്ങിയെന്നാണ് കേസ്. കേസില്‍ നിസാര്‍, നൗഷാദ് തുടങ്ങിയ പ്രതികള്‍ക്കുവേണ്ടി പോലീസ് അന്വേഷണം നടത്തിവരികയാണ്. ഊര്‍ങ്ങാട്ടിരി കുരിക്കലമ്പാടം പള്ളിത്തൊടിക മുനീബയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പ് കേസുകള്‍ക്കും വിശ്വാസ വഞ്ചനക്കും തുമ്പുണ്ടായത്. അരീക്കോട്, ചേവായൂര്‍ പോലീസിലും പ്രതികള്‍ക്കെതിരെ കേസകളുള്ളതായി അറിയുന്നു.
യുവതികളെ ദുരുപയോഗം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന സംഘം ഒട്ടേറെ പേരെ ബ്ലാക്ക്‌മെയില്‍ ചെയ്തു ഭീഷണിപ്പെടുത്തിയതായി കേസുണ്ട്. സ്ത്രീകളോടൊപ്പമുള്ള ഫോട്ടോ കാണിച്ചാണ് തട്ടിപ്പ് നടത്തുന്നത്. സുനീര്‍, ജമാല്‍, റഹീം എന്നീ പ്രതികളെ എടവണ്ണ ബസ് സ്റ്റാന്‍ഡില്‍ വെച്ച് അഡീഷണല്‍ എസ് ഐ. എ വേലായുധന്‍, സി പി ഒ മാരായ സഞ്ജീവ്, ഉണ്ണികൃഷ്ണന്‍, അരുണ്‍, സലിം, വാസുദേവന്‍, ബിന്ദു എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ആര്‍ മിനി പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.