ജില്ലാ പഞ്ചായത്ത് ബജറ്റ്: കാര്‍ഷിക മേഖലക്ക് ഊന്നല്‍

Posted on: February 18, 2014 7:39 am | Last updated: February 18, 2014 at 7:39 am

കോഴിക്കോട് : കാര്‍ഷിക മേഖലക്ക് പ്രാധാന്യം നല്‍കി ജില്ലാ പഞ്ചായത്ത് 2014-15 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. ആവളപ്പാണ്ടി, ചെരണ്ടത്തൂര്‍ചിറ, തുലാറ്റുനട കോള്‍നില വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനായി 6.4 കോടിയും ചാലുകളും തടയണകളും നിര്‍മിച്ച് ജില്ലയിലെ മറ്റ് പാടശേഖരങ്ങള്‍ കൃഷിയോഗ്യമാക്കുന്നതിനായി 83 ലക്ഷം രൂപയും വകയിരുത്തി. ജില്ലയിലെ നെല്‍കൃഷി വികസനത്തിനായി ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളെ സഹകരിപ്പിച്ചുകൊണ്ട് അഞ്ച് ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കും. ഉയരം കുറഞ്ഞ തെങ്ങിന്‍തൈ ഉത്പാദനത്തിനും ജൈവ വാഴകൃഷി പ്രോത്സാഹനത്തിനുമായി 20 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. പച്ചക്കറിയുടെ വില വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കുടുംബശ്രീയുമായി സഹകരിച്ച് കൃഷി നടത്തുന്നതിന് രണ്ട് ലക്ഷം രൂപ വകയിരുത്തി. പുതുതലമുറക്ക് കാര്‍ഷിക വൃത്തിയില്‍ ആഭിമുഖ്യം വളര്‍ത്തുന്നതിനായി താലൂക്കടിസ്ഥാനത്തില്‍ കാര്‍ഷിക സെമിനാര്‍ സംഘടിപ്പിക്കുന്നതിന് 7.5 ലക്ഷം രൂപ നീക്കിവെച്ചു.

ജില്ലയിലെ പത്ത് ഗ്രാമപഞ്ചായത്തുകളെ സഹകരിപ്പിച്ചു കൊണ്ട് പെരുമണ്ണ കൂണ്‍കൃഷി വിത്ത് ഉത്പാദനത്തിനും ലാബ് നവീകരണത്തിനുമായി നാല് ലക്ഷം രൂപയും വിവിധ ഫാമുകളുടെ അടിസ്ഥാന വികസനത്തിനായി 97 ലക്ഷം രൂപയും ചെലവഴിക്കും. കാര്‍ഷിക മേഖലയിലെ വികസനത്തിനൊപ്പം പാരിസ്ഥിതിക സംരക്ഷണവും ഉറപ്പുവരുത്താന്‍ ബജറ്റ് മുന്‍തൂക്കം നല്‍കിയിട്ടുണ്ട്.
നാളികേര കൃഷി വികസനരംഗത്തിന് ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. തേങ്ങക്ക് മതിയായ വില ലഭിക്കാതിരിക്കുകയും എന്നാല്‍ ഇളനീരിന് ആവശ്യക്കാര്‍ കൂടിവരികയുമാണ്. അതിനാല്‍ ഇളനീര്‍ ഉത്പാദിപ്പിച്ച് വില്‍പ്പന നടത്തുന്നതിനുള്ള സാധ്യത കൂടി കണക്കിലെടുത്ത് ഉയരം കുറഞ്ഞ തെങ്ങിന്‍ തൈകള്‍ കൃഷിഫാം മുഖേന ഉത്പാദിപ്പിക്കുന്നതിന് 10 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്.
നെല്‍കൃഷി വികസനത്തിന് ഗ്രാമ ബ്ലോക്കുകളുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കാന്‍ അഞ്ച് ലക്ഷം രൂപ നീക്കിവെച്ചു. കുടുംബശ്രീയുമായി സഹകരിച്ച് പച്ചക്കറി കൃഷിക്ക് രണ്ട് ലക്ഷം രൂപ വകയിരുത്തി. മൂന്ന് താലൂക്കുകളില്‍ ഹരിത കാര്‍ഷിക ഉത്പന്ന വിപണന മേള സംഘടിപ്പിക്കുന്നതിനും പുതിയ തലമുറക്ക് കാര്‍ഷിക വൃത്തിയില്‍ താത്പര്യം ജനിപ്പിക്കുന്നതിന് സഹായകമായ കാര്‍ഷിക സെമിനാര്‍ താലൂക്കടിസ്ഥാനത്തില്‍ നടത്തുന്നതിനും 7,50,000 രൂപ വകയിരുത്തി.
ഓര്‍ഫനേജ് ഗ്രാന്റ് നല്‍കുന്നതിനായി ഒരു കോടി രൂപയും നിര്‍ഭയ പദ്ധതിക്ക് ഒരു കോടി 31 ലക്ഷം രൂപയും നീക്കിവെച്ചു. കുട്ടികളുടെയും കൗമാരക്കാരായ പെണ്‍കുട്ടികളുടെയും ഗര്‍ഭിണികളുടെയും മൂലയൂട്ടുന്ന അമ്മമാരുടെയും മറ്റും ക്ഷേമം ഉറപ്പാക്കുന്നതിന് ഒരു കോടിയുടെ പദ്ധതിയും നീക്കിവെച്ചു. വടകര ജില്ലാ ആശുപത്രിയുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 26 ലക്ഷം രൂപ വകയിരുത്തി. പന്ത്രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പഠന വൈകല്യമുള്ള കുട്ടികളെ കണ്ടെത്തി വിവിധ ചികിത്സാ മേഖലകളിലെ വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘം മുഖേന നടപ്പാക്കുന്ന സ്പന്ദനം പദ്ധതിക്ക് 21 ലക്ഷം രൂപ നീക്കിവെച്ചു. ജോബ് ഫെയറിന് അഞ്ച് ലക്ഷം രൂപയും ലൈബ്രറികള്‍ക്ക് കംപ്യൂട്ടറുകളും പുസ്തകങ്ങളും നല്‍കുന്നതിന് 20,000 രൂപയും കേരളോത്സവ നടത്തിപ്പിന് ഏഴ് ലക്ഷം രൂപയും നീക്കിവെച്ചു. റോഡുകളുടെ ഗുണനിലവാരമുയര്‍ത്തുന്നതിന് 26 കോടി രൂപയും ജില്ലാ പഞ്ചായത്ത് കെട്ടിട നവീകരണത്തിന് പത്ത് ലക്ഷം രൂപയും നെറ്റ്‌വര്‍ക്കിന് 20 ലക്ഷംരൂപയും നീക്കിവെച്ചു. ഫറോക്ക് ബയോപാര്‍ക്കും മുട്ടിയറ പുല്ലിപ്പുഴ പരിസ്ഥിതി സംരക്ഷണ പദ്ധതിക്കും വ്യക്ഷ വ്യാപനത്തിനുതകുന്ന പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിക്കും ഫണ്ട് നീക്കിവെച്ചു.
നിലവിലുള്ള ഭരണസമിതിയുടെ നാലാമത്തെ ബജറ്റ് ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ വൈസ് പ്രസിഡന്റ് ആര്‍ ശശിയാണ് അവതരിപ്പിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം മുന്നില്‍ കണ്ടാണ് മാര്‍ച്ചില്‍ അവതരിപ്പിക്കേണ്ട ബജറ്റ് നേരത്തെ അവതരിപ്പിച്ചത്. ബജറ്റില്‍ 880386.000 വരവും 799779.000 ചെലവും 80607.000 മിച്ചവും പ്രതീക്ഷിക്കുന്നു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ചു.