Connect with us

Ongoing News

കൊച്ചി മെട്രോക്ക് 462 കോടി; റബ്ബറിനെ കൈവിട്ടു

Published

|

Last Updated

തിരുവനന്തപുരം: ഇടക്കാല ബജറ്റില്‍ കേരളത്തിന് പ്രതീക്ഷയും നിരാശയും. ഇടത്തരക്കാര്‍ക്ക് പൊതുവില്‍ ആശ്വാസം നല്‍കുന്ന ബജറ്റില്‍ കൊച്ചി മെട്രോ ഉള്‍പ്പെടെ കേരളത്തിന്റെ സ്വപ്‌ന പദ്ധതികളില്‍ ചിലതിന് തുക വകയിരുത്തിയത് സംസ്ഥാനത്തിന് നേട്ടമാകും. അതേസമയം, പാരിസ്ഥിതിക അനുമതി ലഭിച്ച് നിര്‍മാണം തുടങ്ങാനിരിക്കുന്ന വിഴിഞ്ഞം പദ്ധതിക്ക് പണമില്ലാത്തതും റബ്ബര്‍ മേഖലയിലെ പ്രതിസന്ധിയോട് മുഖംതിരിച്ചതും കേരളത്തിന് നിരാശയായി. സംസ്ഥാനത്തിന് മാത്രമായി പുതിയ പദ്ധതികളൊന്നും ബജറ്റിലില്ല. നേരത്തെ പ്രഖ്യാപിച്ച പദ്ധതികള്‍ക്കും കേരളം കേന്ദ്രീകരിച്ചുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമുള്ള ബജറ്റ് വിഹിതം പ്രതീക്ഷ നല്‍കുന്നു. കേരളത്തിനുള്ള കേന്ദ്ര നികുതിവിഹിതത്തില്‍ 1,632 കോടി രൂപയുടെ വര്‍ധന വരുത്തിയത് സാമ്പത്തിക പ്രതിസന്ധിയില്‍ ഉലയുന്ന സംസ്ഥാനത്തിന് അനുഗ്രഹമാകും.

2013-14ലെ സമ്പൂര്‍ണ ബജറ്റ് അനുസരിച്ച് 8,143 കോടിയാണ് കേരളത്തിന് കിട്ടേണ്ടിയിരുന്നത്. എന്നാല്‍, റിവൈസ്ഡ് എസ്റ്റിമേറ്റില്‍ 7,468 കോടിയായി കുറഞ്ഞിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ നികുതി വിഹിതത്തിലെ വര്‍ധന സംസ്ഥാനത്തിന് വലിയ ആശ്വാസമാണ്.
കൊച്ചി മെട്രോക്ക് ഓഹരിയായി 233 കോടി രൂപയും വായ്പയായി 228 കോടി രൂപയുമാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 43 കോടിയും കപ്പല്‍ശാലക്ക് 41 കോടിയും കയര്‍ബോര്‍ഡിന് 62 കോടിയും ടീ ബോര്‍ഡിന് 117 കോടിയും നീക്കിവെച്ചിട്ടുണ്ട്. ഫാക്ടിന് അനുവദിച്ച 262 കോടി രൂപയും കോഫി ബോര്‍ഡിനുള്ള 121 കോടിയും റബ്ബര്‍ ബോര്‍ഡിന് 157 കോടിയും ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും കേരളം കേന്ദ്രീകരിച്ചുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതമായി മാത്രമേ കാണാന്‍ കഴിയൂ. കൊച്ചി – കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി ഉള്‍പ്പെടെ കേരളം സ്വപ്‌നം കണ്ട പദ്ധതികളെക്കുറിച്ചെല്ലാം മൗനം പാലിക്കുകയാണ്.
ക്യാപിറ്റല്‍ ഗുഡ്‌സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവയുടെ എക്‌സൈസ് ഡ്യൂട്ടി പന്ത്രണ്ട് ശതമാനത്തില്‍ നിന്ന് പത്ത് ശതമാനമായി കുറക്കാനുള്ള നീക്കവും കേരളത്തിന് നേട്ടമാണ്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ഈ രണ്ട് വിഭാഗങ്ങളിലുമുള്ള വില്‍പ്പന കുറഞ്ഞത് കാരണം നികുതി വരുമാനത്തില്‍ പതിനഞ്ച് മുതല്‍ ഇരുപത് വരെ ശതമാനം കുറവുണ്ടായി. അതു നികത്താന്‍ ഈ പ്രഖ്യാപനം സഹായകമാകും. വിദ്യാഭ്യാസ വായ്പയുടെ പലിശക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതും ഈ രംഗത്ത് കൂടുതല്‍ പേര്‍ വായ്പയെടുത്ത കേരളത്തിന് നേട്ടമാകും. ദാരിദ്ര്യ നിര്‍മാര്‍ജനം, ആരോഗ്യം, കുടുംബക്ഷേമം, ഗ്രാമവികസനം എന്നിവക്ക് ബജറ്റില്‍ വന്‍ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. ഇത് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ സഹായകമാകും. അരിയുടെ സംഭരണം, പാക്കിംഗ് ജോലികളെ സേവന നികുതിയില്‍ നിന്നൊഴിവാക്കിയത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ അരി വില കുറയാന്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍, കാര്‍ഷിക ഉത്പാദന മേഖലയുടെ വളര്‍ച്ചക്ക് പ്രത്യേകിച്ചും കേരളത്തിന്റെ കാര്യത്തില്‍ സഹായകമായ പ്രഖ്യാപനങ്ങള്‍ ഒന്നും ബജറ്റിലില്ല. സംസ്ഥാന ധനമന്ത്രി കെ എം മാണി തന്നെ ഇക്കാര്യത്തില്‍ നിരാശ പ്രകടിപ്പിച്ചു കഴിഞ്ഞു. റബ്ബര്‍ വില കുത്തനെ ഇടിയുന്ന സാഹചര്യത്തില്‍ ഇതിന്റെ കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാറിന്റെ സബ്‌സിഡി പ്രഖ്യാപനം കേരളം പ്രതീക്ഷിച്ചതാണ്. താങ്ങുവില നിശ്ചയിച്ച് റബ്ബര്‍ സംഭരിക്കണമെന്ന ആവശ്യത്തോട് ബജറ്റ് മുഖം തിരിച്ചു. റബ്ബര്‍ ഇറക്കുമതി തീരുവ ഉയര്‍ത്തണമെന്നും പ്രകൃതി വാതകത്തിന്റെ തീരുവ കുറക്കണമെന്നുമുള്ള കേരളത്തിന്റെ ആവശ്യവും പരിഗണിച്ചില്ല.