കിവികള്‍ ഡ്രൈവിംഗ് സീറ്റില്‍

Posted on: February 17, 2014 6:21 am | Last updated: February 17, 2014 at 8:28 am

newzealandവെല്ലിംഗ്ടണ്‍: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് പൊരുതുന്നു. 246റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ആതിഥേയര്‍ ഇന്നിംഗ്‌സ് പരാജയം ഒഴിവാക്കി. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ അവര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 252 എന്ന നിലയില്‍. നായകന്‍ ബ്രന്‍ഡന്‍ മെക്കല്ലത്തിന്റെ സെഞ്ച്വറി (പുറത്താകാതെ 114) യുടെയും വിക്കറ്റ് കീപ്പര്‍ ബി ജെ വാട്‌ലിംഗിന്റെ അര്‍ധ സെഞ്ച്വറി (പുറത്താകാതെ52) യുടെയും മികവിലാണ് കിവികള്‍ പൊരുതുന്നത്. അഞ്ച് വിക്കറ്റ് ശേഷിക്കെ അവര്‍ക്ക് ആറ് റണ്‍സ് ലീഡായി. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് 438 റണ്‍സില്‍ അവസാനിച്ചിരുന്നു. ന്യൂസിലാന്‍ഡ് ഒന്നാം ഇന്നിംഗ്‌സില്‍ 192റണ്‍സാണ് എടുത്തത്.
ഒന്നിന് 24 എന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ കിവീസിന് മുന്‍നിര വിക്കറ്റുകളെല്ലാം പെട്ടെന്ന് നഷ്ടമായി. ഹാമിഷ് റൂതര്‍ഫോര്‍ഡ് (35), കെയ്ന്‍ വില്യംസണ്‍ (7), ടോം ലാതം (29), കോറി ആന്‍ഡേഴ്‌സണ്‍ (2) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് ഇന്നലെ പൊടുന്നനെ വീണത്. മൂന്ന് വിക്കറ്റ് നേടിയ സഹീര്‍ ഖാനാണ് കിവീസ് മുന്‍നിരയെ തകര്‍ത്തത്. മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് നേടി. ഇഷാന്ത് ശര്‍മക്ക് വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല.
വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാന്‍ രാവിലെത്തെ സെഷനില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ലഞ്ചിന് മുമ്പ് കിവികളെ നാലിന് 87 എന്ന നിലയിലാക്കിയിരുന്നു. പിന്നീട് ലഞ്ചിന് ശേഷം കളി തുടങ്ങി തുടക്കത്തില്‍ തന്നെ അപകടകാരിയായ കോറി ആന്‍ഡേഴ്‌സനെ ജഡേജ സ്വന്തം ബൗളിംഗില്‍ പിടിച്ച് പവലിയനിലേക്കയച്ചതോടെ അവര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 94 എന്ന നിലയില്‍ ഇന്നിംഗ്‌സ് പരാജയത്തെ അഭിമുഖീകരിച്ചു. എന്നാല്‍ മെക്കല്ലം-വാട്‌ലിംഗ് സഖ്യം ഒത്തുചേര്‍ന്ന് ആറാം വിക്കറ്റില്‍ 158 റണ്‍സ് ഇതുവരെ കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യയുടെ ഇന്നിംഗ്‌സ് വിജയമെന്ന സ്വപ്‌നം പൊലിഞ്ഞു. 237 പന്തുകള്‍ നേരിട്ട് 14 ഫോറുകളും ഒരു സിക്‌സും പറത്തിയാണ് കരിയറിലെ ഒമ്പതാം ടെസ്റ്റ് സെഞ്ച്വറിയാണ് മെക്കല്ലം നേടിയത്. 208 പന്തുകള്‍ നേരിട്ടാണ് വാട്‌ലിംഗ് 52 റണ്‍സ് കണ്ടെത്തിയത്. ഇന്ത്യന്‍ ബൗളര്‍മാരുടെ മനോവീര്യം കെടുത്താന്‍ പാകത്തില്‍ ഇരുവരും നിലയുറപ്പിച്ചതോടെ മൂന്നാം ദിനത്തില്‍ കാര്യങ്ങള്‍ കിവികള്‍ക്കൊപ്പം നിന്നു. അതിനിടെ സ്വന്തം ബൗളിംഗില്‍ മെക്കല്ലത്തെ പുറത്താക്കാനുള്ള സുവര്‍ണാവസരം ഇഷാന്ത് ശര്‍മ പാഴാക്കിയത് മുതലാക്കാന്‍ ന്യൂസിലാന്‍ഡ് നായകന് സാധിച്ചു. ആ ക്യാച്ച് കിട്ടിയിരുന്നെങ്കില്‍ ഒരു പക്ഷേ ഇന്ത്യ ഇന്നിംഗ്‌സ് വിജയം കുറിച്ചേനെ. 23 ഓവര്‍ എറിഞ്ഞ ഇഷാന്ത് 63റണ്‍സ് വിട്ടുകൊടുത്ത് വിക്കറ്റൊന്നും നേടിയില്ല. 25 ഓവറില്‍ 60റണ്‍സിനാണ് സഹീര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ഷമി 25 ഓവറില്‍ 72ന് ഒരു വിക്കറ്റ് വീഴ്ത്തി. 26 ഓവര്‍ എറിഞ്ഞ 46റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്ത ജഡേജയാണ് ഏറ്റവും പിശുക്കില്‍ ബൗള്‍ ചെയ്ത ഇന്ത്യന്‍ താരം.